കൊല്ലം: മൂർഖൻപാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊന്ന, ഉത്ര വധക്കേസിൽ ഭർത്താവ് സൂരജിനുള്ള ശിക്ഷ ബുധനാഴ്ച വിധിക്കും. ഗൂഢാലോചനയോടെയുള്ള കൊലപാതകം (302), നരഹത്യശ്രമം (307), കഠിനമായ ദേഹോപദ്രവം (326), വനം വന്യ ജീവി ആക്ട് (115) എന്നിവ പ്രകാരമുള്ള കേസിൽ പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങളെല്ലാം ശരിയെന്ന് തെളിയിക്കപ്പെട്ടതായും സൂരജ് കുറ്റക്കാരനാണെന്നും കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം. മനോജ് കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.
വിചിത്രവും ദാരുണവുമായ അപൂർവങ്ങളിൽ അപൂർവമായ കേസിൽ സൂരജിന് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷെൻറ ആവശ്യം. കൊലപാതകത്തിലെ പൈശാചിക വശങ്ങൾക്കൊപ്പം സുപ്രീംകോടതി ഉത്തരവുകളും വധശിക്ഷയെ സാധൂകരിക്കാൻ ബോധിപ്പിച്ചിട്ടുണ്ട്. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയായിരിക്കണമെന്നും കടുത്ത ശിക്ഷ തന്നെ നൽകണമെന്നുമാണ് ആവശ്യം.
2020 മേയ് ഏഴിനാണ് ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ പാമ്പുകടിച്ച് മരിച്ചനിലയിൽ കണ്ടത്. തലേന്ന്, ജ്യൂസിൽ മയക്കുമരുന്ന് കലർത്തിക്കൊടുത്ത ശേഷം രാത്രി 11ഓടെ, മൂർഖൻപാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മേയ് 25നാണ് സൂരജിനെ അറസ്റ്റ് ചെയ്തത്. കേസിലെ മാപ്പുസാക്ഷിയും പാമ്പുപിടിത്തക്കാരനുമായ കല്ലുവാതുക്കൽ ചാവരുകാവ് സുരേഷിെൻറ കൈയിൽനിന്നാണ് സൂരജ് പാമ്പിനെ വാങ്ങിയത്. കൊല്ലം റൂറൽ എസ്.പിയായിരുന്ന എസ്. ഹരിശങ്കറിെൻറ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന എ. അശോകനാണ് കേസ് അന്വേഷിച്ചത്. അഡ്വ. ജി. മോഹൻരാജാണ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.