എസ്.എഫ്.ഐ തന്ന സമര വീര്യം മരിക്കും വരെ ഉണ്ടാകും -നിയമസഭയിൽ പ്രതിപക്ഷത്തിനുനേരെ നീങ്ങിയതിനെക്കുറിച്ച് ശിവൻകുട്ടി

തിരുവനന്തപുരം: ഇന്നലെ നിയമസഭയിൽ പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിഷേധിക്കവെ അവർക്കുനേരെ നടന്ന മന്ത്രി വി. ശിവൻകുട്ടിയെ മുഖ്യമന്ത്രി പിണറായി വിജയൻ തടഞ്ഞിരുന്നു. ഇത് വാർത്തയാകുകയും സമൂഹമാധ്യമങ്ങളിലടക്കം ഇതിന്‍റെ ദൃശ്യങ്ങൾ ഏറെ പ്രചരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഇന്ന് അദ്ദേഹം. എന്താണെന്ന് അറിയാൻ വേണ്ടി അങ്ങോട്ട് ചെന്നു എന്നു മാത്രമേ ഉള്ളൂ എന്നാണ് ശിവൻകുട്ടി പറഞ്ഞത്. സി.പി.എമ്മും എസ്.എഫ്.ഐയും തന്ന സമരവീര്യം മരിക്കുന്നത് വരെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി ശിവൻകുട്ടിയുടെ വാക്കുകൾ: ‘പ്രതിപക്ഷം ജനാധിപത്യ വിരുദ്ധമായ പ്രവൃത്തികൾ നടത്തിക്കൊണ്ടിരിക്കുന്നു. സാധാരണ ഗതിയിൽ ബഹളമൊക്കെ നിയമസഭയിൽ ഉണ്ടാകാറുണ്ട്. അതെല്ലാം ഓരോ സാഹചര്യങ്ങൾ നോക്കിയാണ്. പക്ഷേ, ജനാധിപത്യ വിരുദ്ധമായ വാക്കുകൾ ഉപയോഗിച്ച് മുഖ്യമന്ത്രിയെ ചീത്ത പറയുകയും മുഖ്യമന്ത്രിക്ക് നേരെ വിരൽചൂണ്ടുകയും പ്രായത്തെ പോലും ബഹുമാനിക്കാത്ത നിലയിലുള്ള വളരെ തരംതാണ നിലയിലുള്ള കാര്യങ്ങൾ ചെയ്തപ്പോൾ എന്താണെന്ന് അറിയാൻ വേണ്ടി അങ്ങോട്ട് ചെന്നു എന്നു മാത്രമേ ഉള്ളൂ. എന്താണ് പറയുന്നത് എന്ന് കേൾക്കാൻ പോകുകയായിരുന്നു. സി.പി.എമ്മും എസ്.എഫ്.ഐയും തന്ന സമരവീര്യവും ഊർജവും ആത്മവിശ്വാസവും അത് മരിക്കുന്നത് വരെ ഉണ്ടാകുമല്ലോ...’

ഇന്നലെ രാവിലെ 10.30ഓടെ ചോദ്യോത്തര വേളയിലായിരുന്നു സംഭവം. ചോദ്യോത്തര വേളയിൽ സഭയിൽ പ്രതിഷേധം കനക്കവെ മുഖ്യമന്ത്രിക്ക് കാവൽ എന്നോണം ശിവൻകുട്ടി അദ്ദേഹത്തിന്‍റെ അടുത്ത് നിലയുറപ്പിച്ചു. പെട്ടെന്ന് പ്രതിപക്ഷ എം.എൽ.എമാരുടെ നേർക്ക് നടന്നടുക്കാൻ ശ്രമിച്ച ശിവൻകുട്ടിയെ പ്രസംഗം വായിക്കുന്നതിനിടയിൽതന്നെ മുഖ്യമന്ത്രി കൈകൊണ്ടു തടയുകയായിരുന്നു. മുഖ്യമന്ത്രി കൈയിൽപിടിച്ച് അരുതെന്ന് സൂചന നൽകിയതോടെ ഒന്നും മിണ്ടാതെ ശിവൻകുട്ടി സീറ്റിലേക്ക് മടങ്ങുകയും ചെയ്തു.

ഉമ്മൻ ചാണ്ടി സർക്കാറിന്‍റെ കാലത്ത് കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിന്‍റെ ഭാഗമായി നടന്ന കൈയാങ്കളിക്കേസിൽ പ്രതിയാണ് ശിവൻകുട്ടി. 2015 മാർച്ച് 13നാണ് കൈയാങ്കളിയുണ്ടായത്.

Tags:    
News Summary - V Sivankutty about walked towards the opposition in the assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.