കൊച്ചി: വാളയാർ പീഡനക്കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ട വിജ്ഞാപനത്തിലെ തെറ്റുതിരുത്തി പുതിയത് പ്രസിദ്ധീകരിച്ചതായി സർക്കാർ ഹൈകോടതിയിൽ. പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത രണ്ട് ദലിത് പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം സി.ബി.ഐക്ക് വിട്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും മൂത്തയാളുടെ മരണം സംബന്ധിച്ച അന്വേഷണം മാത്രമാണ് അതിൽ ഉൾപ്പെടുത്തിയിരുന്നത്.
ഇളയ കുട്ടിയുടെ മരണത്തെപ്പറ്റിയുള്ള അന്വേഷണവും സി.ബി.ഐക്ക് വിടണമെന്നും അന്വേഷണത്തിന് ഹൈകോടതി മേൽനോട്ടം വഹിക്കണമെന്നും ആവശ്യപ്പെട്ട് മാതാവ് കഴിഞ്ഞ ദിവസം ഹൈകോടതിയെ സമീപിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച ഈ കേസ് പരിഗണിക്കവെ, വിജ്ഞാപനത്തിലെ തെറ്റുതിരുത്തി രണ്ടു മരണവും സി.ബി.ഐക്ക് വിട്ടതായി അറിയിച്ചത്.
പുതിയ വിജ്ഞാപനം ഹാജരാക്കാൻ കോടതി നിർദേശം നൽകി. ഹരജിക്കാരിയുടെ ആവശ്യങ്ങളോട് യോജിക്കുന്നതായി സർക്കാറിനുവേണ്ടി സീനിയർ ഗവ. പ്ലീഡർ അറിയിച്ചു. ഹരജി അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.