മലപ്പുറം: ആത്മ നിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി അന്തർസംസ്ഥാന തൊഴിലാളികൾക്ക് കേന്ദ്രം അനുവദിച്ച ടൺ കണക്കിന് അരിയും കടലയും ജില്ലയിലെ വിവിധ എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ പുഴുവരിക്കുന്നു.
ഇതുവിതരണം ചെയ്യേണ്ടതിെൻറ സമയപരിധി അവസാനിക്കുകയും ചെയ്തിട്ടുണ്ട്. ലേബർ ഒാഫിസുകളിൽനിന്ന് അനുവദിക്കുന്ന പട്ടിക അനുസരിച്ച് അതത് പഞ്ചായത്തുകൾക്കാണ് സിവിൽ സപ്ലൈസ് വിഭാഗം അരി അനുവദിക്കുക. പഞ്ചായത്ത് മുഖേന തൊഴിലാളികൾക്ക് വിതരണം നടത്താനായിരുന്നു നിർദേശം. ആഗസ്റ്റ് 31 വരെയായിരുന്നു അനുവദിച്ച സമയം. 1,750 മെട്രിക് ടൺ അരിയും 120 മെട്രിക് ടൺ കടലയുമാണ് ജില്ലക്ക് അനുവദിച്ചത്. ഇതിൽ 1555 മെട്രിക് ടൺ അരിയും 81 മെട്രിക് ടൺ കടലയും വിതരണം ചെയ്യാൻ സാധിച്ചിട്ടില്ല.
രണ്ടുമാസത്തേക്ക് അഞ്ചുകിലോ വീതം അരിയും രണ്ട് കിലോ കടലുമായിരുന്നു പദ്ധതിയിൽ ഉൾപ്പെടുത്തി പ്രഖ്യാപിച്ചത്. മേയ്, ജൂൺ മാസങ്ങളിലായിരുന്നു അരി നൽകാൻ സമയം അനുവദിച്ചത്. കോവിഡ് പശ്ചാത്തലവും തൊഴിലാളികൾ നാട്ടിേലക്ക് മടങ്ങിയതും കണക്കിലെടുത്ത് ആഗസ്റ്റ് 31 വരെ നീട്ടി. എന്നാൽ, കേരളത്തിലേക്ക് തൊഴിലാളികൾ തിരിച്ചുവരാൻ തുടങ്ങിയത് ലോക്ഡൗൺ ഇളവുകളുടെ നാലാംഘട്ടത്തിലാണ്. അപ്പോഴേക്കും വിതരണത്തിെൻറ സമയപരിധിയും അവസാനിച്ചിരുന്നു. ഇതോടെയാണ് അരി ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടായത്.
അതേസമയം, പഞ്ചായത്തുകൾക്ക് അനുവദിച്ച അരിയും പൂർണമായി വിതരണം െചയ്യാൻ സാധിച്ചിട്ടില്ല. തൊഴിലാളികൾ നാട്ടിൽ പോയതിനാൽ ഇവർക്ക് കൈപറ്റാനായിട്ടില്ല. ഇൗ അരി തിരിച്ചെടുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സിവിൽ സപ്ലൈസ് ഡയറക്ടറിൽനിന്ന് ഉത്തരവ് ലഭിച്ചാൽ മാത്രമേ ഇവ തിരിച്ചെടുക്കാൻ സാധിക്കുകയുള്ളൂ.
കെട്ടിക്കിടക്കുന്ന അരി പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന (പി.എം.ജി.കെ.വൈ) പദ്ധതിയിലേക്ക് മാറ്റി വിതരണം ചെയ്യുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. രണ്ടും കേന്ദ്ര പദ്ധതികളായതിനാൽ തടസ്സമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. അനുമതി ലഭിച്ചാൽ മുൻഗണന വിഭാഗത്തിനായിരിക്കും അരി ലഭിക്കുക.
അന്തർസംസ്ഥാന തൊഴിലാളികൾക്ക് തന്നെ വിതരണം ചെയ്യാൻ സമയം നീട്ടി നൽകാൻ സാധിക്കില്ലെന്നും പറയുന്നു. മറ്റ് സംസ്ഥാനങ്ങളിൽ എല്ലാം വിതരണം പൂർത്തിയായിട്ടുണ്ട്. എന്നാൽ, കേരളത്തിലേക്ക് ഇൗ മാസം ആദ്യവാരം മുതലാണ് അന്തർസംസ്ഥാന തൊഴിലാളികൾ തിരിച്ചുവരാൻ തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.