ഏറ്റവും കൂടുതല്‍ നുണ പ്രചരണം നടത്തുന്നത് ദേശാഭിമാനിയാണെന്ന് വി.ഡി സതീശൻ

ആലപ്പുഴ: ഏറ്റവും കൂടുതല്‍ നുണ പ്രചരണം നടത്തുന്നത് ദേശാഭിമാനിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നതിനെതിരെ പത്രപ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഇന്നലെ ശക്തമായാണ് സംസാരിച്ചത്. എവിടെ ആത്യമഹത്യ ഉണ്ടായാലും അതിന്റെ യാഥാർഥ കാരണം അതല്ലെന്ന് ദേശാഭിമാനി പ്രചരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പെന്‍ഷന്‍ കിട്ടാതെ രണ്ട് വയോധികമാര്‍ മരുന്ന് വാങ്ങാന്‍ ഭിക്ഷാ പാത്രവുമായി ഇറങ്ങി. 80 വയസ് കഴിഞ്ഞ അവരെയും സി.പി.എമ്മിന്റെ സൈബര്‍ സഖാക്കള്‍ ആക്രമിക്കുകയാണ്. അവരുടെ മക്കള്‍ അമേരിക്കയിലാണെന്നും രണ്ടേക്കര്‍ സ്ഥലമുണ്ടെന്നും രണ്ട് വീടുണ്ടെന്നുമാണ് പറഞ്ഞത്. വയോധികരായ ഈ അമ്മമാര്‍ക്കെതിരെ വരെ അപവാദ പ്രചരണം നടത്തി. പക്ഷെ ദേശാഭിമാനി ഇന്ന് തിരുത്ത് നല്‍കി.

ആന്തൂരില്‍ ആത്മഹത്യ ചെയ്ത വ്യവസായിയുടെ കുടുംബത്തിനെതിരെ പോലും ആരോപണം ഉന്നയിച്ചു. പലിശക്ക് പണമെടുത്താണ് കര്‍ഷകര്‍ കൃഷിയിറക്കുന്നത്. അവരുടെ ഉല്‍പന്നത്തിനുള്ള പണം നല്‍കാനാകാതെ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. എന്നിട്ടാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഒരു കോടി രൂപയുടെ ബസില്‍ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്നത്. നവകേരളസദസിന്റെ പേരില്‍ ധൂര്‍ത്ത ടിക്കുന്ന പണം പാവങ്ങള്‍ക്ക് നല്‍കിയിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു. നികുതി പിരിക്കാതെ ധൂര്‍ത്ത് നടത്തുന്ന സര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. കര്‍ഷകര്‍ക്കുള്ള പണവും പ്രായമായവര്‍ക്കുമുള്ള പെന്‍ഷനും നിഷേധിക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്.

കേന്ദ്രത്തില്‍ നിന്നും കിട്ടാനുള്ള പണത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് സപ്ലൈകോ ഇതുവരെ നല്‍കിയിട്ടില്ല. ഇപ്പോഴും ഓഡിറ്റ് നടന്നുകൊണ്ടിരിക്കുകയാണ്. ഓഡിറ്റ് നടത്തിയാല്‍ മാത്രമെ പണം ലഭിക്കൂ. ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയിട്ടും പണം ലഭിച്ചില്ലെങ്കില്‍ നമുക്ക് ഒന്നിച്ച് കേന്ദ്രത്തിനെതിരെ നില്‍ക്കാം. സംഭരണ വില കര്‍ഷകര്‍ക്ക് നല്‍കാനുള്ള സംവിധാനമാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കേണ്ടത്. ആറ് മാസമായി വിതരണക്കാരുടെ പണം സപ്ലൈകോ നല്‍കുന്നതില്ല. ആരും ടെന്‍ഡറില്‍ പങ്കെടുക്കാത്തതിനാല്‍ 13 അവശ്യവസ്തുക്കളില്‍ ഒന്നു പോലും സപ്ലൈകോയിലില്ല. കോവിഡ് കാലത്തെ കിറ്റ് വിതരണത്തിന്റെ പണവും സപ്ലൈകോ നല്‍കിയിട്ടില്ല. 4000 കോടിയോളം രൂപയാണ് സര്‍ക്കാര്‍ സപ്ലൈകോക്ക് നല്‍കാനുള്ളത്. ഇത് കേന്ദ്ര സര്‍ക്കാര്‍ നല്‍കാനുള്ളതല്ല.

പി.ആര്‍.എസ് വായ്പയില്‍ സര്‍ക്കാര്‍ പണം അടച്ചില്ലെങ്കില്‍ അത് കര്‍ഷകരുടെ സിബില്‍ സ്‌കോറിനെ ബാധിക്കും. ഇക്കാര്യം നിരവധി തവണ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണ്. ബാധ്യത കര്‍ഷകന്റെ തലയില്‍ കെട്ടിവെക്കില്ലെന്ന് ബാങ്കുകളുമായുള്ള കണ്‍സോര്‍ഷ്യം എഗ്രിമെന്റില്‍ എഴുതി വയ്‌ക്കേണ്ടതാണ്. ഇക്കാര്യം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അതിന് തയാറായില്ല. പി.ആര്‍.എസ് അവസാനിപ്പിച്ച് നെല്ല് സംഭരിച്ച് പത്ത് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ നേരിട്ട് പണം നല്‍കാന്‍ തയാറാകണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

കേന്ദ്രത്തിന്റെ തലയില്‍ ചാരി എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. 4000 കോടി സപ്ലൈകോയ്ക്ക് നല്‍കാനുള്ളത് കേന്ദ്രമല്ല, സംസ്ഥാന സര്‍ക്കാരാണ്. കേന്ദ്ര സര്‍ക്കാര്‍ പണം കൂടുതല്‍ നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ആ പണം നെല്‍ കര്‍ഷകര്‍ക്ക് നല്‍കിയില്ല. ഇക്കാര്യം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചിട്ടും മന്ത്രിമാര്‍ക്ക് മറുപടിയില്ല. അവ്യക്തമായ മറുപടികളാണ് മന്ത്രമാര്‍ പറയുന്നത്.

കാര്യങ്ങള്‍ മനസിലായിരുന്നെങ്കില്‍ സര്‍ക്കാര്‍ ധൂര്‍ത്തിന് പിന്നാലെ പോകില്ലായിരുന്നു. 717 കോടി നല്‍കേണ്ട സ്ഥാനത്ത് 18 കോടി മാത്രമാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത്. ലൈഫ് മിഷന്‍ പദ്ധതിയിലുള്ള രണ്ടും മൂന്നും ഗഡുക്കള്‍ കൊടുക്കാനാകുന്നില്ല. ഭയാനകമായ സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം. നെല്ല് സംഭരണത്തിന്റെ പേരില്‍ ഇപ്പോള്‍ നടത്തുന്ന കര്‍ഷക ദ്രേഹരീതി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

മണ്ണ് മാഫിയക്ക് എതിരായ നൂറനാട്ടെ ജനകീയ സമരത്തിന് എതിരാണ് സര്‍ക്കാരെങ്കില്‍ സമരം യു.ഡി.എഫ് ഏറ്റെടുക്കും. ജിയോളജി ഡിപ്പാര്‍ട്ട്‌മെന്റിലും ജി.എസ്.ടിയിലും അഴിമതിയാണ്. നികുതി വെട്ടിപ്പ് തടയേണ്ട ജി.എസ്.ടി ഇന്റലിജന്‍സ് അഡീ. കമ്മിഷണര്‍ക്കാണ് കേരളീയം സ്‌പോണ്‍സര്‍ഷിപ്പിന്റെ ചുമതലയും. റെയ്ഡ് നടത്തുന്ന ജി.എസ്.ടി ഇന്റലിജന്‍സ് കേരളീയത്തിന് പണം വാങ്ങി നികുതി വെട്ടിപ്പ് കേസുകള്‍ അവസാനിപ്പിച്ചു. സര്‍ക്കാര്‍ തന്നെ നേരിട്ട് ഇടപെട്ടാണ് മാഫിയകളെ സഹായിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - VD Satheesan said that most lies are spread by patriots

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.