രൂക്ഷമായ ധനപ്രതിസന്ധിയിലൂടെയാണ് സര്‍ക്കാര്‍ കടന്നു പോകുന്നതെന്ന് വി.ഡി സതീശൻ

പ്രതിപക്ഷം പുറത്തിറക്കിയ ധവളപത്രത്തില്‍ പറഞ്ഞ മുന്നറിയിപ്പുകളൊക്കെ യാഥാഥ്യമായിരിക്കുകയാണ്

തിരുവനന്തപുരം: സംസ്ഥാനം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും രൂക്ഷമായ ധനപ്രതിസന്ധിയിലൂടെയാണ് സര്‍ക്കാര്‍ കടന്നു പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്നിട്ടും എല്ലാ മറച്ചുവെക്കുകയാണ്. സ്വര്‍ണക്കള്ളക്കടത്ത് വര്‍ധിച്ചതോടെ സ്വര്‍ണത്തില്‍ നിന്നുള്ള നികുതിയും കുറഞ്ഞു.

കള്ളക്കടത്ത് നിയന്ത്രിക്കാനും സമാന്തര വിപണി ഇല്ലാതാക്കാനും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ജി.എസ്.ടിക്ക് അനുകൂലമായി നികുതി ഭരണ സംവിധാനത്തിലേക്ക് മറ്റു സംസ്ഥാനങ്ങളെല്ലാം മാറിയിട്ടും കേരളം അതിന് തയാറായില്ല. ഇപ്പോള്‍ നടത്തിയ പുനസംഘടന പരിതാപകരമായ അവസ്ഥയിലാണ്. നികുതി വെട്ടിപ്പ് നടക്കുമ്പോഴും ജി.എസ്.ടി വകുപ്പും സര്‍ക്കാരും നോക്കുകുത്തിയായി ഇരിക്കുകയാണ്.

കടമെടുക്കുന്നതല്ലാതെ നകുതി വരുമാനം വര്‍ധിപ്പിക്കാനുള്ള ഒരു ശ്രമവും സര്‍ക്കാര്‍ നടത്തുന്നില്ല. ഇങ്ങനെ പോയാല്‍ ഓണക്കാലത്ത് വിപണിയില്‍ തീവിലയായിരിക്കും. ഓണക്കാലത്ത് സാധനങ്ങള്‍ എത്തിക്കാന്‍ കഴിയുമെന്ന ഒരു ഉറപ്പും സപ്ലൈകോക്കില്ല. ജീവിതം ദുരിതപൂര്‍ണമായ സാധാരണക്കാരെ രക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ അതിനെതിരായ പ്രക്ഷോഭം യു.ഡി.എഫ് ശക്തമാക്കും. ഈ മാസം 31 മുതല്‍ യു.ഡി.എഫും കെ.പി.സി.സിയും പ്രഖ്യാപിച്ച സമരം കൂടതല്‍ ശക്തമായി മുന്നോട്ട് കൊണ്ടു പോകും.

പ്രതിപക്ഷം പുറത്തിറക്കിയ ധവളപത്രത്തില്‍ പറഞ്ഞ മുന്നറിയിപ്പുകളൊക്കെ യാഥാഥ്യമായിരിക്കുകയാണ്. നികുത പിരിവില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. ജി.എസ്.ടി സംവിധാനത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കേണ്ട സംസ്ഥാനം കേരളമായിരുന്നു. എന്നാല്‍ നികുതി വരുമാനത്തില്‍ ദയനീയമായി പരാജയപ്പെട്ടു. ജി.എസ്.ടി വകുപ്പിലെ ബഹുഭൂരിപക്ഷത്തിനും ഒരു പണിയുമില്ല.

പരിശോധനകള്‍ പോലും നടക്കുന്നില്ല. നികുതി പിരിവില്‍ ഇത്രത്തോളം പരാജയപ്പെട്ടൊരു കാലം ഉണ്ടായിട്ടില്ല. വരുമാനം ഇല്ലാത്തപ്പോഴും സര്‍ക്കാരിന്റെ ധൂര്‍ത്തിനും ഒരു കുറവുമില്ല. എ.ഐ ക്യാമറ ഉള്‍പ്പെടെയുള്ള പ്രധാന പദ്ധതികളില്‍ ധനകാര്യ വകുപ്പിന്റെ എതിര്‍പ്പുകളൊക്കെ അഴിമതിക്ക് വേണ്ടി മറികടന്നു. ധനകാര്യ വകുപ്പ് പരിശോധിച്ചാല്‍ തന്നെ മന്ത്രിസഭാ യോഗം ചേര്‍ന്ന് അത് ഒഴിവാക്കിക്കൊടുക്കും. ധനവകുപ്പിന് ഒരു നിയന്ത്രണവും ഇല്ലാത്തതാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.  

Tags:    
News Summary - VD Satheesan said that the government is going through a severe financial crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.