കെ റെയിൽ അനാവശ്യം, സ്ഥലമേറ്റെടുക്കൽ നിർത്തിവെക്കണം; യു.ഡി.എഫ് രണ്ടാംഘട്ട സമരം ഉടനെന്ന് വി.ഡി. സതീശൻ

കണ്ണൂർ: കെ റെയിൽ പദ്ധതി അനാവശ്യമാണെന്നും സ്ഥലമേറ്റെടുക്കൽ അടക്കമുള്ള നടപടികൾ നിർത്തിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യു.ഡി.എഫിന്‍റെ രണ്ടാംഘട്ട സമരം ഉടൻ പ്രഖ്യാപിക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

കെ റെയിൽ പദ്ധതി സംബന്ധിച്ച് ബോധ്യപ്പെടുത്തേണ്ടവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. എല്ലാവരെയും ബോധ്യപ്പെടുത്തി സമരത്തിന് ഇറങ്ങാൻ സാധിക്കില്ല. കെ റെയിലിനെ ശശി തരൂർ പിന്തുണച്ചിട്ടില്ല. പദ്ധതിയെ കുറിച്ച് പഠിച്ചിട്ട് പ്രതികരിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. പഠിച്ച ശേഷം തരൂർ നിലപാട് വ്യക്തമാക്കും. കെ റെയിൽ വിഷയത്തിൽ തരൂർ നടത്തിയ അഭിപ്രായ പ്രകടനമാണ് പാർട്ടി പരിശോധിക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.

കേരള ചരിത്രത്തിൽ കെ റെയിൽ സംബന്ധിച്ച് വിശദമായ പഠനവും വിശകലനവും നടത്തി നിലപാട് എടുത്തിട്ടുള്ളത് കോൺഗ്രസും യു.ഡി.എഫും മാത്രമാണ്. സർക്കാർ കെ റെയിൽ പ്രഖ്യാപിച്ചപ്പോൾ തന്നെ യു.ഡി.എഫ് യോഗം ചേർന്ന് വിശദമായി പഠിക്കാൻ തീരുമാനിച്ചു. തുടർന്ന് ഡോ. എം.കെ. മുനീർ കൺവീനറായ കമ്മിറ്റിയെ നിയോഗിച്ചു.

പൊതുജനങ്ങളുടെ അഭിപ്രായം തേടി നാല് സിറ്റിങ് നടത്തി. കെ റെയിൽ കോർപറേഷൻ അടക്കമുള്ള സ്ഥാപനങ്ങളുമായി സംസാരിച്ചു. യു.ഡി.എഫിൽ സമർപ്പിച്ച റിപ്പോർട്ട് പഠിക്കാനായി ഘടകകക്ഷികൾക്ക് കൈമാറി. തുടർന്ന് നടത്തിയ യു.ഡി.എഫ് യോഗമാണ് പദ്ധതിക്കെതിരെ സമരം ആരംഭിക്കാൻ തീരുമാനിച്ചത്.

കെ റെയിലിനെ കുറിച്ച് നിയമസഭയിൽ രണ്ട് മണിക്കൂർ ചർച്ച നടത്താൻ പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ, സർക്കാർ സമയം അനുവദിച്ചില്ല. എന്ത് സുതാര്യതയാണ് പദ്ധതിക്കുള്ളതെന്നും ഒളിച്ചുവെക്കാൻ നിരവധി കാര്യങ്ങൾ ഉള്ളതുകൊണ്ടാണ് ചർച്ച നടത്താൻ സർക്കാർ തയാറാകാതിരുന്നതെന്നും വി.ഡി സതീശൻ ആരോപിച്ചു.

കെ റെയിലിനെതിരെ രൂക്ഷമായ എതിർപ്പാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉയരുന്നത്. കൊല്ലം കൊട്ടിയത്ത് പദ്ധതിക്കെതിരെ ആത്ഹത്യ ഭീഷണിയുമായി സ്ത്രീകൾ അടക്കമുള്ളവർ രംഗത്തെത്തി. കഴിഞ്ഞ 18ന് യു.ഡി.എഫ് നടത്തിയ സമരത്തിൽ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. പദ്ധതി നടപ്പാക്കാൻ സർക്കാർ അനാവശ്യ ധൃതി കാണിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - VD Satheesan wants K Rail project unnecessary, land acquisition halted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.