കണ്ണൂർ: ജില്ലയിൽ ഓൺലൈൻ വഴി തട്ടിപ്പിനു പുറമെ റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തും തട്ടിപ്പ് വ്യാപകമാകുന്നു. ചെന്നൈ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് ജില്ലയിലെ ഉദ്യോഗാർഥികളിൽനിന്ന് പണം തട്ടിയെടുത്തെന്നാണ് പരാതി. ജില്ലയിൽ വിവിധ ഭാഗങ്ങളിൽനിന്ന് ഇതിനോടകം നിരവധി പരാതികളാണ് ഉയരുന്നത്.
മൂന്നു മുതൽ 25 ലക്ഷത്തിലധികം രൂപ വരെയാണ് ഓരോരുത്തർക്കും നഷ്ടപ്പെട്ടിട്ടുള്ളത്. ജില്ലയിൽ പിണറായി, തലശ്ശേരി ഭാഗങ്ങളിലുള്ള കുറെപ്പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. നിലവിൽ ചെന്നൈ ആർ.ആർ.ബിയിലും ഇ.ഡിയിലും പരാതി നൽകിയിട്ടുണ്ട്.
ഓഫിസ് സീലും ഒപ്പും പതിച്ച മെയിലുകളും ഓഫിസിനുള്ളിലേക്ക് തട്ടിപ്പുകാർ ധൈര്യസമേതം കയറിപ്പോകുന്നതുമെല്ലാം തട്ടിപ്പിനു നേതൃത്വം കൊടുക്കുന്നവരിൽ ഉന്നതരും ഉൾപ്പെട്ടിട്ടുള്ളതിന്റെ സൂചനയാണെന്ന് ഇരകൾ ആരോപിച്ചു. സി.ബി.ഐക്ക് പരാതി നൽകാനുള്ള ആലോചനയിലാണ് പണം നഷ്ടപ്പെട്ടവർ.
തട്ടിപ്പിനു ജില്ലയിൽ നേതൃത്വം കൊടുത്ത ഒരാളെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഏകദേശം അഞ്ചു കോടി രൂപയിലധികം പണം ഇയാൾ വഴി ചെന്നൈയിലുള്ള സംഘം തട്ടിയെടുത്തിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ചെന്നൈയിൽ ഇതിനു മുമ്പ് സമാനരീതിയിൽ പണം തട്ടിയെടുത്ത ഒരു സ്ത്രീയാണ് പുതിയ ഏജന്റുകളെ ഉപയോഗിച്ച് കേരളത്തിലേക്കും തട്ടിപ്പിന്റെ കെണിവിരിച്ചത്. കോഴിക്കോട്, തൃശൂർ തുടങ്ങി പല ജില്ലകളിലും സമാനരീതിയിൽ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നാണ് വിവരം.
ചെന്നൈ ആർ.ആർ.ബിയിലെ ഏജന്റാണെന്നു പറഞ്ഞാണ് തട്ടിപ്പുകാരൻ പരിചയപ്പെടുത്തുക. 5000ത്തിലേറെ ഒഴിവുകൾ ചെന്നൈ ആർ.ആർ.ബിയിലുണ്ടെന്നും കോവിഡിനു ശേഷം പരീക്ഷകളൊന്നും നടത്തിയിട്ടില്ലെന്നും പണം നൽകിയാൽ ജോലി ശരിപ്പെടുത്താമെന്നും പറഞ്ഞ് ഇരകളെ വിശ്വാസത്തിലെടുക്കും.
ഇവർ നൽകുന്ന പണത്തിൽനിന്ന് കുറച്ചു തുക ഇയാളുടെ കമീഷനാണെന്ന് പറയുന്നതോടെ തട്ടിപ്പിന്റെ വലയിൽ ഇര വീഴും. ആധാർ കാർഡും റെയിൽവേയുടെയും ആർ.ആർ.ബിയുടെയും സീലും മറ്റും പതിപ്പിച്ച കാർഡും ഇയാളുടെ കൈവശമുണ്ട്.
ഇതു കാണുന്നതോടെ സാധാരണക്കാരൻ വിശ്വസിക്കും. റെയിൽവേയിൽ ക്ലർക്കാകാൻ ഏതാണ്ട് 12 ലക്ഷം രൂപയാണ് നൽകേണ്ടത്. 3,10,000 രൂപ മുൻകൂറായി നൽകണം. ഇതിൽ, 10,000 രൂപ മെഡിക്കൽ സർട്ടിഫിക്കറ്റിനുവേണ്ടിയുള്ളതാണ്. പണം ഇയാൾ പറയുന്ന മറ്റൊരാൾക്കാണ് നൽകേണ്ടത്. പണം കിട്ടിയെന്ന രസീതും ഇവർ ഇരകൾക്കു നൽകും. കുറച്ചുദിവസം കഴിയുമ്പോൾ, ചെന്നൈയിലേക്കു പോകണമെന്നു പറഞ്ഞ് മെയിൽ വരും.
ചിലർക്ക് ട്രെയിൻ ടിക്കറ്റ് ഉൾപ്പെടെയാണ് മെയിൽ ലഭിക്കുക. ചെന്നൈയിൽ ഇവർതന്നെ ഹോട്ടൽമുറിയും ശരിയാക്കിക്കൊടുക്കും. അവിടെവെച്ചാണ് ബാക്കി തുക കൈപ്പറ്റുക. ഇരകളുടെ സർട്ടിഫിക്കറ്റുകളും ഇവിടെവെച്ച് തട്ടിപ്പുകാർ കൈക്കലാക്കും. ഇവിടെവെച്ചുതന്നെ മെഡിക്കൽ സർട്ടിഫിക്കറ്റും കൈമാറും. അംഗീകൃത ആശുപത്രിയുടെ പേരും സീലും ഡോക്ടറുടെ ഒപ്പുമെല്ലാമുള്ള അസ്സൽ മെഡിക്കൽ സർട്ടിഫിക്കറ്റ് തന്നെ ഇരക്ക് കൈയിൽ കിട്ടും.
ഇത് ആർ.ആർ.ബിയിൽ കൊണ്ടുപോകണം. ഓഫിസിനു മുന്നിൽ ഒരാൾ കാത്തുനിൽക്കുന്നുണ്ടാകും. അയാൾ ഇരയിൽനിന്നു രേഖകളും മെഡിക്കൽ സർട്ടിഫിക്കറ്റുമെല്ലാം വാങ്ങി ഓഫിസിനകത്തേക്കു പോകും. സീൽ പതിപ്പിച്ച് തിരിച്ചെത്തും.
ഓഫിസിനുള്ളിലേക്കു ധൈര്യപൂർവം കയറിപ്പോകുന്ന ഏജന്റിനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന ധാരണയിൽ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെല്ലാം തട്ടിപ്പുകാരെ പരിചയപ്പെടുത്തിക്കൊടുത്ത ഒട്ടേറെപ്പേരുണ്ട്.
ട്രെയ്നിങ് രണ്ടാഴ്ചക്കുള്ളിൽ തുടങ്ങുമെന്നു പറഞ്ഞ് മെയിലും ഇവർക്കു കിട്ടിയിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ഡിസംബറിൽ ചെന്നൈയിൽ പ്രളയം വന്നതുകൊണ്ട് തൽക്കാലത്തേക്കു ട്രെയ്നിങ് നീട്ടിവെച്ചെന്ന മെയിൽ കിട്ടിയപ്പോഴാണ് ചിലർക്കെങ്കിലും സംശയം തോന്നിത്തുടങ്ങിയത്.
ജനുവരിയായിട്ടും പുതിയ മെയിൽ കിട്ടിയില്ലെന്നു മാത്രമല്ല, ഏജന്റുമാരെ വിളിച്ചിട്ട് ഫോണും കിട്ടുന്നില്ല. ഒടുവിൽ കുറച്ചുപേർ ചെന്നൈ ആർ.ആർ.ബിയിൽ നേരിട്ടുചെന്ന് അന്വേഷിച്ചു. അപ്പോഴാണ് ഇങ്ങനെയൊരു റിക്രൂട്ട്മെന്റ് നടന്നിട്ടില്ലെന്ന് ഇരകൾ മനസ്സിലാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.