കറുപ്പുസ്വാമി തട്ടിയെടുത്ത ഭൂമി തിരിച്ചുപിടിച്ചു നൽകണമെന്ന് അട്ടപ്പാടിയിലെ വെള്ളിങ്കിരി

കോഴിക്കോട്: കറുപ്പുസ്വാമി എന്നയാൾ തട്ടിയെടുത്ത ഭൂമി തിരിച്ചുപിടിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് അട്ടപ്പാടി ഷോളയൂർ കോഴിക്കൂട് വീട്ടിൽ വെള്ളിങ്കിരി പാലക്കാട് കലക്ടർക്ക് അദാലത്തിൽ പരാതി നൽകി. ആദിവാസിയായ അമ്മയുടെ പേരിലുള്ള മൂന്ന് ഹെക്ടർ ഭൂമി അന്യാധീനപ്പെട്ട ടി.എൽ.എ കേസിൽ ഭൂമി വിട്ടുനൽകാൻ 2016 ഏപ്രിൽ നാലിന് ഒറ്റപ്പാലം സബ് കലക്ടർ ഉത്തരവായിരുന്നു. അതിന് ശേഷം ഭൂമി തിരിച്ചു നൽകുന്നതിന് നടപടി സ്വീകരിച്ചിട്ടില്ലെന്ന് വെള്ളിങ്കിരി 'മാധ്യമം ഓൺലൈനോ'ട് പറഞ്ഞു.

ഭൂമി അന്യാധീനപ്പെട്ട ആദിവാസികൾക്ക് മുഴുവൻ ഭൂമിയും തിരിച്ചു നൽകണമെന്നായിരുന്നു 1975ലെ നിയമം. അത് പ്രകാരം 1987ൽ വെള്ളിങ്കിരിക്ക് അന്യാധീനപ്പെട്ട മൂന്ന് ഹെക്ടർ ഭൂമിയും തിരിച്ചു നൽകണമെന്ന് ഒറ്റപ്പാലം ആർ.ഡി.ഒ ഉത്തരവിട്ടിരുന്നു. എന്നാൽ, ഉത്തരവ് നടപ്പാക്കുന്നതിൽ റവന്യൂ ഉദ്യോഗസ്ഥർ വീഴ്ച വരുത്തി. 1999ൽ പുതിയ നിയമം പാസാക്കിയതോടെ അഞ്ച് ഏക്കർ ഭൂമി വരെ ചെറുകിട നാമമാത്ര കർഷകന് കൈവശം വെക്കാമെന്ന് വ്യവസ്ഥ ചെയ്തു. 


എന്നാൽ, വെള്ളിങ്കിരിയിൽ നിന്നും ഭൂമി തട്ടിയെടുത്തയാളിന് പല വില്ലേജുകളിലും ഭൂമിയുണ്ട്. വില്ലേജ് ഓഫിസർ ഇതൊന്നും തന്നെ പരിശോധിക്കാതെയാണ് റിപ്പോർട്ട് തയാറാക്കിയത്. അട്ടപ്പാടി വാലി ഇറിഗേഷൻ പദ്ധതിക്കായി ഏറ്റെടുത്ത ഭാഗത്ത് ഏതാണ്ട് 15 സ്ഥലം ഇദ്ദേഹത്തിന് ഉള്ളതായി അപേക്ഷയിൽ ചൂണ്ടിക്കാണിക്കുന്നു. 1999ലെ ആദിവാസി ഭൂനിയമത്തിലെ പഴുതുകൾ ഉപയോഗിച്ചാണ് ചെറുകിട നാമമാത്ര കർഷകൻ അല്ലാത്ത ആദിവാസി വിഭാഗത്തിൽ ഉൾപ്പെടാത്തവർക്കുവേണ്ടി നിയമം ദുരുപയോഗം ചെയ്യുന്നത്.

അട്ടപ്പാടിയിൽ വ്യാജരേഖകൾ വഴിയും ആദിവാസി ഭൂമി തട്ടിയെടുത്തിരുന്നു. വെള്ളിങ്കിരിയുടെ അമ്മയും ഇതിന്‍റെ ഇരയാണ്. ഷോളയൂർ വില്ലേജിൽ 1662/ഒന്നിൽ 1.20 ഹെക്ടർ 1662/ രണ്ടിൽ 1.79 ഹെക്ടർ 1662/ നാലിൽ 0.050 ഹെക്ടർ എന്നിങ്ങനെ മൂന്ന് ഹെക്ടർ ഭൂമിയാണ് കറുപ്പുസ്വാമി കൈവശപ്പെടുത്തിയത്.

2016 ഫെബ്രുവരി എട്ടിലെ ഉത്തരവുപ്രകാരം ഭൂമി വെള്ളിങ്കിരിക്ക് ലഭിച്ചതാണ്. അഞ്ചേറിൽ അധികമുള്ള ഭൂമി അളന്നു തിരിച്ചു നൽകണം. അതിനു തഹസിൽദാർ ഇതുവരെ തയാറായിട്ടില്ല. അഞ്ചേക്കർ ഭൂമി മാത്രമേ കൈയേറിയ ആളിന് നിയമപരമായി കൈവശം വാങ്ങാൻ കഴിയുകയുള്ളൂ. 2016ലെ ഉത്തരവ് നടപ്പാക്കാൻ ഇതുവരെ തഹസിൽദാർക്ക് കഴിഞ്ഞിട്ടില്ല എന്നാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. കേസിൽ നിയമവിരുദ്ധവും തെറ്റായതുമായ നടപടിക്രമമാണ് തഹസിൽദാർ സ്വീകരിക്കുന്നതെന്നും അപേക്ഷയിൽ വ്യക്തമാക്കി. കലകക്ടർ പരാതിയിൽ നടപടി സ്വീകരിക്കുന്നതിന് അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാർക്ക് കൈമാറി. 

Tags:    
News Summary - Vellingiri of Attapadi to reclaim the land stolen by Karuppuswami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.