പാലക്കാട്: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയാനുള്ള ജാഗ്രത സമിതികൾ കേവലം സ്ഥാപനാധിഷ്ഠിത സമിതികൾ മാത്രമായി ചുരുങ്ങിയെന്ന വിമർശനത്തിന്റെ വെളിച്ചത്തിൽ ഘടന പുനഃക്രമീകരിച്ച് വനിത-ശിശു വികസന വകുപ്പ്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വിവിധ സർക്കാർ സംവിധാനങ്ങളെ ഒരു കുടക്കീഴിലാക്കി ഇതു സംബന്ധിച്ച മാർഗരേഖ പുറത്തിറക്കി.
ജില്ല ജാഗ്രത സമിതികളും അതിനു കീഴെ നഗരസഭ/മുനിസിപ്പൽ, േബ്ലാക്ക്, വാർഡ് തല സമിതികളും താഴേത്തട്ടിൽ പ്രവർത്തനമെത്തുംവിധം പുനഃസംഘടിപ്പിക്കാനാണ് തീരുമാനം. വനിത-ശിശുക്ഷേമ പ്രവർത്തനങ്ങൾക്കുള്ള പ്രാദേശികതല ഇടപെടൽ സംവിധാനമായി 1997ലാണ് ജാഗ്രത സമിതികൾ രൂപവത്കരിച്ചത്. 2007ൽ പുനഃസംഘടിപ്പിച്ചു. വനിത കമീഷന്റെ അധികാര ചുമതല ഉപയോഗിച്ച് പൊതുവേദികൾ സൃഷ്ടിച്ചും കുട്ടികൾക്കും സ്ത്രീകൾക്കും ലഭ്യമായ നിയമപരിരക്ഷ സംവിധാനം ഉപയുക്തമാക്കിയും തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിൽ പ്രവർത്തിക്കുന്ന സംവിധാനം കൂടിയാണിത്.
കുട്ടികളുടെ പരിരക്ഷക്കായി സമഗ്ര ശിശു സംരക്ഷണ പരിപാടി (ഐ.സി.പി.എസ്), പെൺകുട്ടികൾ നേരിടുന്ന അതിക്രമം തടയാൻ ‘നിർഭയ’, കുട്ടികളുടെ അവകാശസംരക്ഷണത്തിന് ശിശു സംരക്ഷണ സമിതി (സി.ഡബ്ല്യു.സി) എന്നിവ നിലവിലുണ്ട്. ശൈശവവിവാഹ നിരോധന ഉദ്യോഗസ്ഥ (സി.ഡി.പി.ഒ), സ്ത്രീധന നിരോധന ഉദ്യോഗസ്ഥർ, ബാലനീതി പൊലീസ് ഓഫിസർ (ജുവനൈൽ പൊലീസ്), വനിത സംരക്ഷണ ഓഫിസർ (ഡബ്ല്യു.പി.ഒ) എന്നീ സംരക്ഷണ ഉദ്യോഗസ്ഥ സംവിധാനങ്ങളുമുണ്ട്. ഈ സംവിധാനങ്ങൾ ഇപ്പോൾ വെവ്വേറെയാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ കാര്യമായി പ്രയോജനം ലഭിക്കുന്നില്ല. ഇവ ഒരു കുടക്കീഴിലാക്കി ജാഗ്രത സമിതികൾക്ക് ഇടപെടാനാകുംവിധം പുനഃക്രമീകരിക്കാനുദ്ദേശിക്കുന്നതാണ് പുതുസമീപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.