ജാഗരൂകമാകാൻ ജാഗ്രത സമിതികൾ
text_fieldsപാലക്കാട്: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയാനുള്ള ജാഗ്രത സമിതികൾ കേവലം സ്ഥാപനാധിഷ്ഠിത സമിതികൾ മാത്രമായി ചുരുങ്ങിയെന്ന വിമർശനത്തിന്റെ വെളിച്ചത്തിൽ ഘടന പുനഃക്രമീകരിച്ച് വനിത-ശിശു വികസന വകുപ്പ്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വിവിധ സർക്കാർ സംവിധാനങ്ങളെ ഒരു കുടക്കീഴിലാക്കി ഇതു സംബന്ധിച്ച മാർഗരേഖ പുറത്തിറക്കി.
ജില്ല ജാഗ്രത സമിതികളും അതിനു കീഴെ നഗരസഭ/മുനിസിപ്പൽ, േബ്ലാക്ക്, വാർഡ് തല സമിതികളും താഴേത്തട്ടിൽ പ്രവർത്തനമെത്തുംവിധം പുനഃസംഘടിപ്പിക്കാനാണ് തീരുമാനം. വനിത-ശിശുക്ഷേമ പ്രവർത്തനങ്ങൾക്കുള്ള പ്രാദേശികതല ഇടപെടൽ സംവിധാനമായി 1997ലാണ് ജാഗ്രത സമിതികൾ രൂപവത്കരിച്ചത്. 2007ൽ പുനഃസംഘടിപ്പിച്ചു. വനിത കമീഷന്റെ അധികാര ചുമതല ഉപയോഗിച്ച് പൊതുവേദികൾ സൃഷ്ടിച്ചും കുട്ടികൾക്കും സ്ത്രീകൾക്കും ലഭ്യമായ നിയമപരിരക്ഷ സംവിധാനം ഉപയുക്തമാക്കിയും തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിൽ പ്രവർത്തിക്കുന്ന സംവിധാനം കൂടിയാണിത്.
ലക്ഷ്യം ഒന്ന്; ചുമതലക്കാർ പലത്
കുട്ടികളുടെ പരിരക്ഷക്കായി സമഗ്ര ശിശു സംരക്ഷണ പരിപാടി (ഐ.സി.പി.എസ്), പെൺകുട്ടികൾ നേരിടുന്ന അതിക്രമം തടയാൻ ‘നിർഭയ’, കുട്ടികളുടെ അവകാശസംരക്ഷണത്തിന് ശിശു സംരക്ഷണ സമിതി (സി.ഡബ്ല്യു.സി) എന്നിവ നിലവിലുണ്ട്. ശൈശവവിവാഹ നിരോധന ഉദ്യോഗസ്ഥ (സി.ഡി.പി.ഒ), സ്ത്രീധന നിരോധന ഉദ്യോഗസ്ഥർ, ബാലനീതി പൊലീസ് ഓഫിസർ (ജുവനൈൽ പൊലീസ്), വനിത സംരക്ഷണ ഓഫിസർ (ഡബ്ല്യു.പി.ഒ) എന്നീ സംരക്ഷണ ഉദ്യോഗസ്ഥ സംവിധാനങ്ങളുമുണ്ട്. ഈ സംവിധാനങ്ങൾ ഇപ്പോൾ വെവ്വേറെയാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ കാര്യമായി പ്രയോജനം ലഭിക്കുന്നില്ല. ഇവ ഒരു കുടക്കീഴിലാക്കി ജാഗ്രത സമിതികൾക്ക് ഇടപെടാനാകുംവിധം പുനഃക്രമീകരിക്കാനുദ്ദേശിക്കുന്നതാണ് പുതുസമീപനം.
അധികാരങ്ങൾ
- ജനകീയ സംവിധാനമായ ഗ്രാമസഭകൾ, മാനേജ്മെന്റ് സമിതികൾ, സ്റ്റാൻഡിങ് കമ്മിറ്റികൾ, വർക്കിങ് ഗ്രൂപ്പുകൾ തുടങ്ങിയ വിവിധ സംവിധാനങ്ങളിൽ പങ്കാളിത്തം
- ഗാർഹികപീഡനം, സ്ത്രീധന സമ്പ്രദായം, ദലിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ പീഡനം, ബാലവിവാഹം, ലഹരി ഉൽപന്ന ഉൽപാദനം, വിപണനം, ഉപയോഗം. എന്നിവക്കെതിരെ പ്രചാരണം
- ജില്ല ജാഗ്രത സമിതിക്കു കീഴിൽ നഗരസഭ സമിതി, പഞ്ചായത്ത് സമിതി, അതിനു കീഴിൽ വാർഡ് സമിതി, സഹായസമിതി എന്നിവ ഉൾക്കൊള്ളുന്നതാണ് സംവിധാനം
എല്ലാ തലത്തിലും സമിതി
- നിശ്ചിത ഘടനയോടെ നഗരസഭ, കോർപറേഷൻ ജാഗ്രത സമിതി, വാർഡ് തല ജാഗ്രത സമിതി വേണം.
- േബ്ലാക്ക് ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി േബ്ലാക്ക് ജാഗ്രത സമിതിയാകും.
- നഗര, ഗ്രാമ ജാഗ്രത സമിതിക്ക് സഹായം നൽകാൻ സഹായസമിതി.
- പഞ്ചായത്ത്, നഗരസഭ ജാഗ്രത സമിതികളാകും പ്രാഥമിക ഇടപെടൽ.
- പഞ്ചായത്ത് പ്രസി. ചെയർപേഴ്സനും ഐ.സി.ഡി.എസ് സൂപ്പർവൈസർ കൺവീനറും
- ജാഗ്രത സഹായസമിതിയുമുണ്ടാകും.
- വാർഡ് മെംബർ/കൗൺസിലർ ചെയർപേഴ്സനായും അംഗൻവാടി വർക്കർ കൺവീനറായും ഡിവിഷൻ/വാർഡ്തല ജാഗ്രത സമിതികൾ. എല്ലാ മാസവും യോഗം ചേരണം.
- വാർഡ് പ്രവർത്തനങ്ങളും തദ്ദേശ പ്രവർത്തനങ്ങളും ക്രോഡീകരിച്ച് ജില്ലതല ജാഗ്രത സമിതി വിലയിരുത്തും. ജില്ലതല പ്രവർത്തനങ്ങളെ വനിത കമീഷനും മോണിറ്റർ ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.