തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറി മേഖലയിൽ വൻകിട ഏജന്റുമാരും ഉദ്യോഗസ്ഥരും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ആക്ഷേപം സ്ഥിരീകരിച്ച് വിജിലൻസ് അന്വേഷണ റിപ്പോർട്ട്. തിരുവനന്തപുരം ജില്ല ലോട്ടറി ഓഫിസിലെ ക്രമക്കേട് ആരോപണത്തിൽ ലോട്ടറി ഡെപ്യൂട്ടി ഡയറക്ടർക്കെതിരായ വിജിലൻസ് റിപ്പോർട്ടിൽ നടപടിയെടുക്കാൻ ഇതുവരെ വകുപ്പ് തയാറായിട്ടില്ലെന്നാണ് ആക്ഷേപം.
ഇതരസംസ്ഥാന ലോട്ടറി മാഫിയ സംസ്ഥാനത്ത് കടക്കാൻ പഴുത് അന്വേഷിക്കുമ്പോഴാണിത്. കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ ചില വൻകിട ലോട്ടറി ഏജൻറുമാർക്ക് മാത്രം പതിനായിരക്കണക്കിന് ടിക്കറ്റുകൾ നൽകിയെന്ന ആരോപണത്തെ തുടർന്നാണ് വിജിലൻസ് 2020 ഫെബ്രുവരി 26നു തിരുവനന്തപുരം ജില്ല ലോട്ടറി ഓഫിസിൽ മിന്നൽ പരിശോധന നടത്തിയത്. ഓഫിസിൽ മൂവ്മെന്റ് രജിസ്റ്റർ, പേഴ്സനൽ കാഷ് ഡിക്ലറേഷൻ രജിസ്റ്റർ എന്നിവ കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും സ്റ്റോക്ക് വിവരം പ്രദർശിപ്പിക്കുന്നില്ലെന്നും കണ്ടെത്തി.
ക്രമക്കേടുകൾക്ക് ഉത്തരവാദി അന്നത്തെ ജില്ല ലോട്ടറി ഓഫിസറും നിലവിൽ ഡെപ്യൂട്ടി ഡയറക്ടറുമായ ബി. സുരേന്ദ്രനാണെന്നും കണ്ടെത്തി. ബി. സുരേന്ദ്രനോട് വിജിലൻസ് വിശദീകരണം ആരാഞ്ഞു. പതിനായിരക്കണക്കിന് ലോട്ടറി കൈമാറുന്ന ജില്ല ലോട്ടറി ഓഫിസിൽ അഴിമതി സാധ്യതയുള്ളതിനാൽ ഉദ്യോഗസ്ഥരുടെ കൈവശമുള്ള തുക എത്രയെന്ന് കാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതുണ്ട്.
ഓരോ ഏജന്റിനും എത്ര ടിക്കറ്റ് നൽകി എന്നതുസംബന്ധിച്ച സ്റ്റോക്കും ഓഫിസിൽ പ്രദർശിപ്പിക്കണം. ഇതു രണ്ടും പാലിച്ചാലേ വിജിലൻസിന് ഉദ്യോഗസ്ഥർക്കുപോലും ആരെങ്കിലും കൈക്കൂലി വാങ്ങിയോ എന്ന് കണ്ടെത്താനാവൂ. ജില്ല ലേബർ ഓഫിസർ ഈ നിബന്ധനകളൊന്നും പാലിച്ചില്ലെന്നാണ് ആക്ഷേപം. എന്നാൽ, തനിക്കെതിരെ നിസ്സാര കാര്യങ്ങളാണ് കണ്ടെത്തിയതെന്ന് ബി. സുരേന്ദ്രൻ 'മാധ്യമ'ത്തോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.