തിരുവിഴാംകുന്ന് അമ്പലപ്പാറയിലാണ് ഗർഭിണിയായ കാട്ടാന വായിൽ മുറിവേറ്റ് ചരിഞ്ഞത്. തേങ്ങക്കുള്ളിൽ ചകിരിയോടുകൂടി വെച്ച പന്നിപ്പടക്കം കടിച്ചതോടെയാണ് ആനക്ക് ഗുരുതര പരിക്കേറ്റതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. 23ന് തിരുവിഴാംകുന്ന് വനമേഖലയിൽ കണ്ട ആന 25ന് അവശനിലയിൽ അമ്പലപ്പാറ തെയ്യംകുണ്ടിൽ വെള്ളിയാർ പുഴയിൽ നിലയുറപ്പിക്കുകയായിരുന്നു. 27നാണ് ആന ചരിഞ്ഞത്. പോസ്റ്റ് മോർട്ടത്തിലാണ് ആന ഒരു മാസം ഗർഭിണിയാണെന്ന് അറിയുന്നത്.
സംഭവത്തിൽ പ്രതികളിലൊരാളായ എടവണ്ണ ഓടക്കയം സ്വദേശി വിൽസൺ വെള്ളിയാഴ്ച അറസ്റ്റിലായിരുന്നു. വിൽസൺ അമ്പലപ്പാറയിൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന വ്യക്തിയാണ്. കൂടാതെ റബ്ബർ ടാപ്പിങ് തൊഴിലാളിയുമാണ്. കേസിലെ മൂന്നാം പ്രതിയാണ് വിൽസൺ. കേസിലെ ഒന്നുംരണ്ടും പ്രതികളായ തിരുവിഴാംകുന്ന് ഒതുക്കുംപുറം എസ്റ്റേറ്റ് ഉടമ അബ്ദുൽ കരീം, മകൻ റിയാസുദ്ദീൻ എന്നിവർ ഒളിവിലാണ്. ഇരുവർക്കുമായി തിരച്ചിലും ആരംഭിച്ചു.
എന്നാൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ മീഡിയ അഡ്വൈസർ അമർ പ്രസാദ് റെഡ്ഡി പ്രതികളുടേതല്ലാത്ത രണ്ടു മുസ്ലിം പേരുകൾ ഉപയോഗിക്കുകയും ഇവർ അറസ്റ്റിലായെന്ന് പ്രചരിപ്പിക്കുകയുമായിരുന്നു. കേസുമായി ബന്ധമില്ലാത്ത അംസദ് അലി, തമീം ഷെയ്ക്ക് എന്നീ പേരുകളാണ് അദ്ദേഹം വിദ്വേഷ പ്രചരണത്തിനായി ഉപയോഗിച്ചത്.
‘കേരളത്തിൽ ആനയെ കൊലപ്പെടുത്തിയ കേസിൽ അംസദ് അലി, തമീം ഷെയ്ക്ക് എന്നിവർ അറസ്റ്റിലായി. ജാതി, മതം എന്നിവയെ അടിസ്ഥാനമാക്കി യാതൊരു ദയയും കാണിക്കാതെ വസ്തുനിഷ്ഠമായ അന്വേഷണം നടത്തണമെന്ന് കേരള മുഖ്യമന്ത്രിയോട് അഭ്യർഥിക്കുന്നു’ -അമർ പ്രസാദ് റെഡ്ഡി ട്വിറ്ററിൽ കുറിച്ചു. അമർ പ്രസാദ് റെഡ്ഡിയുടെ ട്വീറ്റിന് പിന്നാലെ ചില ദേശീയ മാധ്യമങ്ങൾ തെറ്റായ പേരുകൾ ഉപയോഗിച്ച് വാർത്തയാക്കുകയും ദീപക് ചൗരസ്യയെപ്പോലുള്ള മാധ്യമപ്രവർത്തകർ ഇക്കാര്യം ഉറപ്പിച്ച് പറയുകയും ചെയ്തു.
ഇതോടെ സമൂഹമാധ്യമങ്ങളിൽ ഈ പേരുകൾക്കൊപ്പം മുസ്ലിംകൾക്കെതിരായ വിദ്വേഷ ട്വീറ്റുകളും വന്നുതുടങ്ങി. എഴുത്തുകാരൻ രവി റായ്, ബി.ജെ.പി നേതാവ് വരുൺ ഗാന്ധിയുടെ സെക്രട്ടറി ഇഷിത യാദവ്, വിശ്വഹിന്ദു പരിഷത്ത് നേതാവ് അഭിഷേക് മിശ്ര, യു.പിയിലെ ബി.ജെ.പി നേതാവ് റിച്ച രജ്പുത്, മാധ്യമപ്രവർത്തകരായ അനുപം സിങ്, രാകേഷ് കൃഷ്ണൻ സിൻഹ തുടങ്ങിയവയും വിദ്വേഷ പ്രചരണവുമായി രംഗത്തിറങ്ങി. ഹിന്ദു നാഷനലിസ്റ്റ് പാർട്ടിയുടെ ട്വിറ്റർ അക്കൗണ്ടുകളിലും മുസ്ലിംകൾക്കെതിരായ വർഗീയ പരാമർശങ്ങൾ ട്വീറ്റ് ചെയ്തു.
Mallapuram is know for its intense criminal activity specially with regards to animals. No action has ever been taken against a single poacher or wildlife killer so they keep doing it.
— Maneka Sanjay Gandhi (@Manekagandhibjp) June 3, 2020
I can only suggest that you call/email and ask for action pic.twitter.com/ii09qmb7xW
ആന ചരിഞ്ഞ സംഭവത്തിൽ മലപ്പുറത്തിനും കേരളത്തിനും എതിരെ ദേശീയ തലത്തിൽ പ്രചരണം ശക്തമായിരുന്നു. സംഭവം കൊലപാതകമാണെന്നും മലപ്പുറം ഇത്തരം സംഭവങ്ങൾക്ക് കുപ്രസിദ്ധമാണെന്നും രാജ്യത്ത് ഏറ്റവും കൂടുതൽ അക്രമം നടക്കുന്ന ജില്ല മലപ്പുറമാണെന്നുമായിരുന്നു ബി.ജെ.പി എം.പി മേനക ഗാന്ധിയുടെ പരാമർശം.
കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറും മേനകയുടേതിന് സമാനമായ പരാമർശവുമായി രംഗത്തെത്തി. ഇത്തരം വർഗീയ പരാമർശങ്ങൾക്കെതിരെ മലയാളികൾ ‘ഐ സ്റ്റാൻഡ് വിത്ത് മലപ്പുറം’ എന്ന ഹാഷ്ടാഗുമായി ട്വിറ്ററിൽ രംഗത്തെത്തി. എന്നാൽ, സംഭവം മലപ്പുറത്തല്ല പാലക്കാടാണെന്ന് വ്യക്തമാക്കിയിട്ടും ബി.ജെ.പി നേതാക്കൾ ട്വീറ്റ് പിൻവലിക്കാനോ തിരുത്താനോ തയാറായിരുന്നില്ല. ആന ചരിഞ്ഞത് പാലക്കാട്ടെങ്കിലും മലപ്പുറം ഹാഷ്ടാഗ് ഫേസ്ബുക്കിലും ട്വിറ്ററിലും തിരുത്തില്ലെന്ന് ബി.ജെ.പി നേതാവും മലയാളിയായ സന്ദീപ് വാര്യരും വ്യക്തമാക്കിയിരുന്നു.
Latest video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.