കോട്ടയം: കാഴ്ചപരിമിതിയുള്ള വിദ്യാർഥിയോട് ട്രെയിൻ യാത്രക്കിടെ അപമര്യാദയായി പെരുമാറിയ റെയിൽവേ സംരക്ഷണ സേന (ആർ.പി.എഫ്) ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് സംസ്ഥാന ഭിന്നശേഷി കമീഷൻ. ചെങ്ങന്നൂർ ആർ.പി.എഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഗിരികുമാറിനെതിരെയാണ് ഭിന്നശേഷി കമീഷൻ സ്വമേധയാ കേസെടുത്തത്. ഗിരികുമാറിനെതിരെ സ്വീകരിച്ച നടപടിയെ കുറിച്ച് ഏഴ് ദിവസത്തിനകം അറിയിക്കണമെന്നും ചെങ്ങന്നുർ പൊലീസിന് കമീഷൻ നിർദേശം നൽകി.
മേയ് 20നാണ് ചെങ്ങന്നൂരിൽ നിന്നും എറണാകുളത്തേക്ക് യാത്ര ചെയ്യാനെത്തിയ സുബിൻ വർഗീസിന് ആർ.പി.എഫ് ഉദ്യോഗസ്ഥനിൽ നിന്നും മോശം പെരുമാറ്റം നേരിട്ടത്. ആരോപണവിധേയനായ ആർ.പി.എഫ് ഉദ്യോഗസ്ഥനെ ഫോണിലൂടെ താക്കീത് നൽകി കേസ് അവസാനിപ്പിക്കാനാണ് എറണാകുളം അഡീഷനൽ പൊലീസ് കമീഷണർ ശ്രമിച്ചത്. എന്നാൽ, വാർത്തകളിലൂടെ സംഭവം അറിഞ്ഞ ഭിന്നശേഷി കമീഷൻ സുബിനോട് വിവരം ആരാഞ്ഞിരുന്നു. സുബിൻ പരാതി നൽകാത്ത സാഹചര്യത്തിലാണ് കമീഷൻ സ്വമേധയാ കേസെടുത്തത്.
കൂടെ ആരുമില്ലാത്തതിനാൽ യാത്ര ചെയ്യാൻ പൊലീസ് സഹായം സുബിൻ ആവശ്യപ്പെടുകയായിരുന്നു. മലയാളിയാണോ തമിഴനാണോ എന്നാണ് ഉദ്യോഗസ്ഥൻ സുബിനോട് ആദ്യം ചോദിച്ചത്. മലയാളി ആണെന്നറിഞ്ഞതും പ്രകോപിതനായി അസഭ്യം പറയുകയായിരുന്നു. കാഴ്ചപരിമിതിയുള്ള ഒരാളെ അപമാനിക്കുന്നത് അഞ്ചു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
ട്രെയിൻ യാത്രകളിൽ സ്ഥിരം സംഭവമാണിതെന്നും ട്രാഫിക് സിഗ്നലുകളിൽ ഉള്ളതു പോലെ ബസർ സംവിധാനം വേണ്ടതാണെന്നും സുബിൻ പറഞ്ഞു. തമിഴ്‌നാട്ടിൽ ഇത്തരം സംവിധാനങ്ങൾ വിവിധ എൻ.ജി.ഒകളുടെ സഹായത്തോടെ ഫലപ്രദമായി നടപ്പാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.