വ്ളാത്താങ്കര സെന്റ് പീറ്റേഴ്സ് യൂ.പി.എസ് ഹെഡ്മാസ്റ്റർ എം. അജിക്കെതിരെ നടപടിക്ക് ശിപാർശ

കോഴിക്കോട് : അന്വേഷണ സംഘത്തിന് തെറ്റായ വിവരങ്ങൾ നൽകിയ തിരുവനന്തപുരം വ്ളാത്താങ്കര സെന്റ് പീറ്റേഴ്സ് യൂ.പി.എസ് ഹെഡ്മാസ്റ്റർ എം. അജിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ധനകാര്യ റിപ്പോർട്ട്. വളാത്താങ്കര സെൻറ് പീറ്റേഴ്സ് യു.പി സ്കൂളിൽ 2022-23 അധ്യയന വർഷത്തിലെ വിദ്യാർഥികളുടെ കണക്ക്  പരിശോധന നടത്തി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ശിപാർശ ചെയ്തത്.

ഈ സ്കൂളിൽ പഠിക്കാത്ത കട്ടികൾക്ക് എട്ടാം ക്ലാസിലേക്കുള്ള അഡ്മിഷനു വേണ്ടി സ്കൂളിൽ നിന്നും വ്ളാത്താങ്കര വൃന്ദാവൻ ഹൈസ്കൂളിലേക്ക് ഓൺലൈൻ ടി.സി വിതരണം ചെയ്തുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ധനകാര്യ പരിശോധനാ വിഭാഗത്തിന് തെറ്റായ വിവരങ്ങളാണ് ഹെഡ്മാസ്റ്റർ എം.അജി നൽകിയത്. അതിനാൽ ഹെഡ്മാസ്റ്റർക്കെതിരെ ഉചിതമായ അച്ചടക്ക നടപടി സ്വീകരിക്കമെന്ന് ശിപാർശ ചെയ്തത്.

സെൻറ് പീറ്റേഴ്സ് യു.പി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിൻറെ സൂപ്പർചെക്ക് സെൽ വഴി പ്രത്യേക പരിശോധന നടത്തണം. സമ്പൂർണ സോഫ്റ്റ് വെയറിൽ നൽകിയിട്ടുള്ള യു.ഐ.ഡി യുള്ള കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തെറ്റായ യു.ഐ.ഡി ഉണ്ടെങ്കിൽ അത് നീക്കം ചെയ്യുവാൻ കർശന നിർദ്ദേശം നൽകണമെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തി.

2023-24 അധ്യയന വർഷത്തിൽ വ്ളാത്താങ്കര വൃന്ദാവൻ ഹൈസ്കൂളിൽ മൂന്ന് കുട്ടികളെ ആറാം പ്രവർത്തി ദിനത്തിൽ കണക്കിൽ തെറ്റായിട്ടാണ് ഉൾപ്പെടുത്തിയത്. ഈ വിഷയം വിശദമായി പരിശോധിക്കാതെ ക്രമരഹിതമായി തസ്തികനിർണയം നടത്തിയതിന് നെയ്യാറ്റിൻകര ഡി.ഇ.ഒ ആയിരുന്ന എൽ.ജി ഇന്ദുവിനോട് ഭരണ വകുപ്പ് വിശദീകരണം തേടണം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ഡി.ഇ.ഒക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ശിപാർശ ചെയ്തു.

സ്കൂൾ അധികൃതർ അറിയാതെ യു.ഐ.ഡി ട്രാൻസ്ഫർ വഴി കുട്ടികളെ ഒരു സ്കൂളിൽ നിന്നും മറ്റൊരു സ്ക്കൂളിലേക്ക് ഡി.ഇ.ഒ തലത്തിൽ മാറ്റുന്ന പ്രവണത അവസാനിപ്പിക്കണം. ഇതു സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശങ്ങൾ ഭരണ വകുപ്പ് പുറപ്പെടുവിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

നെയ്യാറ്റിൻകര ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ 2023-24 അധ്യയന വർഷത്തെ തസ്തികനിർണയ ഉത്തരവിൽ വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്കൂളിലെ എട്ടാം ക്ലാസിലെ കട്ടികളുടെ എണ്ണം 108 എന്ന് കണക്കാക്കി രണ്ട് അധിക തസ്തികകൾ സൃഷ്ടിക്കുന്നതിന് ശിപാർശ ചെയ്തിരുന്നു. എന്നാൽ ആറാം പ്രവർത്തിദിനത്തിന് ശേഷം എട്ടാം ക്ലാസിൽ മൂന്ന് കുട്ടികൾ കുറഞ്ഞതായി കണ്ടെത്തി. അതിനാൽ 2023-24 ലെ തെറ്റായ നടപടി ഉത്തരവ് റദ്ദ് ചെയ്ത് ആറാം പ്രവർത്തിദിനത്തിലെ യഥാർഥ കണക്കിന്റെ അടിസ്ഥാനത്തിൽ പരിഷ്കരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള നടപടികൾ ഭരണ വകുപ്പ് സ്വീകരിക്കണമെന്നും ശിപാർശ ചെയ്തു.

സ്വകാര്യ സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കൂട്ടിക്കാണിച്ച് പുതിയ തസ്തിക നിർണയിച്ചാൽ നടപടിയെന്ന് ഒരു അധ്യയന വർഷത്തിൽ ആറാം പ്രവർത്തിദിനത്തിലെ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഒന്ന് മുതൽ അഞ്ച് വരെ എണ്ണം കുട്ടികളുടെ വർധനവ് കാരണം സ്കൂളുകളിൽ ഡിവിഷനുകൾ നിലനിർത്തുകയോ അധിക ഡിവിഷനുകൾ അനുവദിക്കുകയോ ചെയ്യേണ്ടി വരുന്ന സാഹചര്യമുണ്ടകാം. അത്തരം സ്കൂളുകളിൽ ഡി.ഇ.ഒ/എ.ഇ.ഒ -യുടെ നേതൃത്വത്തിൽ കുട്ടികളുടെ എണ്ണം സംബന്ധിച്ച ഭൗതിക പരിശോധന നടത്തണം. അതിന് ശേഷം മാത്രമേ തസ്തിക നിർണയ ഉത്തരവ് പുറപ്പെടുവിക്കാൻ പാടുള്ളൂ എന്ന കർശന നിർദേശം ഭരണ വകുപ്പ് നൽകണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

ഇത്തരത്തിൽ ഡി.ഇ.ഒ/എ.ഇ.ഒ പുറപ്പെടുവിക്കുന്ന തസ്തികനിർണയ ഉത്തരവിൽ പിഴവുണ്ടെന്ന് ഡി.ജി.ഒ/ ഡി.ഡി.ഇ-യുടെ പരിശോധനയിൽ വ്യക്തമായാൽ ബന്ധപ്പെട്ട ഡി.ഇ.ഒ/എ.ഇ.ഒ-ക്കെതിരെ ചട്ട പ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും ഉത്തരവ് പുറപ്പെടുവിക്കണമെന്നും ധനകാര്യ പരിശോധനാ വിഭാഗം നിർദേശം നൽകി.

Tags:    
News Summary - Vlathankara St. Peter's UPS Headmaster M. Recommend action against Aji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.