കോഴിക്കോട്: പേരാമ്പ്രയിൽ തിരുവോണ ദിനത്തിൽ കാട്ടാന ഇറങ്ങി. പേരാമ്പ്ര ജനവാസ മേഖലയിൽ എത്തിയയ കാട്ടാനയെ മണിക്കൂറുകള്‍ക്കൊടുവിൽ കാട്ടിലേക്ക് തുരത്തി. പേരുവെണ്ണാമുഴി വനത്തിൽ നിന്നാണ് മോഴ പേരാമ്പ്ര ബൈപ്പാസിനോട് ചേർന്ന കുന്നിൽ മുകളിൽ എത്തിയത്. ആന ഏറെ നേരം അവിടെ തമ്പടിച്ചത് ജനങ്ങളെ ഭീതിയിലാഴ്ത്തി. ഉച്ചക്ക് 12:30 കുന്നിറങ്ങിയ ആന കാട്ടിലേക്ക് മടക്കയാത്ര തുടങ്ങിയെങ്കിലും വൈകീട്ട് 3.15ഓടെയാണ് കാട്ടാനയെ കാട്ടിലേക്ക് തുരത്താനായത്.
പള്ളിത്താഴ ഭാഗത്ത് നിന്ന് ആന പള്ളിയിറക്കണ്ടി ഭാഗത്തേക്കാണ് നീങ്ങിയത്. പെരുവണ്ണാമൂഴിയില്‍ നിന്ന് എത്തിയ വനംവകുപ്പ് അധികൃതരും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രാവിലെ മുതല്‍ കാട്ടാനയെ തുരത്താനുള്ള ശ്രമം നടത്തിയത്. കാട്ടാന ഇറങ്ങിയെന്ന വാര്‍ത്ത പരന്നതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായിരുന്നു. ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു.
ഉച്ചക്ക് ശേഷം പള്ളിത്താഴെ, കിഴക്കേ പേരാമ്പ്ര, എന്നിവിടങ്ങളിലൂടെ ഭീതിപരത്തിയാണ് കാട്ടാന കടന്ന് പോയത്. കോഴിക്കോട് ഡി.എഫ്.ഒ ആഷിക്കിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ തുരത്താനെത്തിയത്. ആനക്ക് തടസങ്ങൾ ഇല്ലാതെ മടങ്ങാൻ വനംവകുപ്പ് വഴിയൊരുക്കി. ഒടുവിൽ പട്ടാണിപ്പാറ ഭാഗത്തേക്ക് നീങ്ങിയ കാട്ടാന പിണ്ഡപ്പാറപ്പുഴ കടന്നാണ് കാട്ടിലേക്ക് പോയത്. കാട്ടാന ഇനിയും തിരിച്ചുവരുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.