പ്രകാശ് മരിക്കുന്നതിനുമുമ്പ് സത്യം വെളിപ്പെടുത്താത്തതെന്ത്; 'ഷിബു' ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി വ്യാജം -വി.വി രാജേഷ്

ആശ്രമം കത്തിച്ച സംഭവത്തിൽ സന്ദീപാനന്ദഗിരിയെ പരിഹസിച്ച് ബി.ജെ.പി നേതാവ് വി.വി രാജേഷ്. തന്റെ സഹോദരനാണ് ആശ്രമം കത്തിച്ചതെന്ന വെളിപ്പെടുത്തൽ നടത്തിയ പ്രശാന്തിന് അധികം താമസിക്കാതെ സർക്കാർ ജോലി ലഭിക്കാൻ സാധ്യതയുണ്ടെന്ന് വി.വിരാജേഷ് പറഞ്ഞു. കൂടുതൽ ഇപ്പോൾ പറയുന്നില്ല. കേസ് ശരിയായി അന്വേഷിക്കണമെങ്കിൽ ഉദ്യോഗസ്ഥർ പരലോകത്ത് പോകണം. സഹോദരൻ മരിച്ച് ഒരു വർഷമായിട്ടും പ്രശാന്ത് മിണ്ടാതിരുന്നത് എന്തു കൊണ്ടാണെന്ന് വ്യക്തമാക്കണം. മരണത്തിന് മുൻപ് അദ്ദേഹത്തിന് ഇക്കാര്യങ്ങൾ വെളിപ്പെടുത്താമായിരുന്നില്ലേ എന്നും വി.വി രാജേഷ് ചോദിക്കുന്നു.

ഷിബു ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി ഗൂഢാലോചനയാണ്. ഷിബുവിന്റെ വീട് ഔഷധി ഏറ്റെടുത്തു. ഷിബുവിനെ സർക്കാർ സഹായിക്കുകയാണ്. ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്ന തരത്തിലാണ് കാര്യങ്ങൾ പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു. സ്വാമി സന്ദീപാനന്ദ​ഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലാണ് നാലര വര്‍ഷത്തിന് ശേഷം ഉണ്ടായത്.

അതേസമയം തന്റെ ആശ്രമത്തിന് തീയിട്ട ആർ.എസ്.എസ് പ്രതികളെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദ ഗിരിയും രംഗത്ത് എത്തിയിരുന്നു. ഫേസ് ബുക്കിലൂടെയാണ് പരിഹാസം. 'മേരേ പ്യാരേ ദേശ് വാസിയോം, പ്രതിയെ കിട്ടി, പത്തരമാറ്റ് ചാണകം' എന്നാണ് സ്വാമിയുടെ പരിഹാസം.

സന്ദീപാനന്ദ ഗിരി സ്വയം ആശ്രമത്തിന് തീയിട്ടതാണെന്നായിരുന്നു സംഘ്പരിവാർ തീവ്ര ഹിന്ദുത്വ സംഘടനകൾ പ്രചരിപ്പിച്ചിരുന്നത്. ആശ്രമം കത്തിച്ചതിനു പിന്നിലെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്നും സന്ദീപാനന്ദ ഗിരി മാധ്യമങ്ങ​ളോട് പ്രതികരിച്ചു. സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമൺകടവിലെ ആശ്രമം കത്തിച്ച കേസിൽ നിർണായക വഴിത്തിരിവ് ഉണ്ടായത് ഏതാനും മണിക്കൂർ മുമ്പാണ്. ആശ്രമം കത്തിച്ചത് ആർ.എസ്.എസ് പ്രവർത്തകരെന്ന് ക്രൈംബ്രാഞ്ചിന് മൊഴി ലഭിച്ചു. തിരുവനന്തപുരം കുണ്ടമൺകടവ് സ്വദേശി പ്രശാന്ത് ആണ് മൊഴി നൽകിയത്.

നാലുവർഷം പിന്നിട്ടിട്ടും സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതികളെ കണ്ടെത്താനാകാത്തത് പൊലീസിന് വലിയ നാണക്കേടായിരുന്നു. ആദ്യം സിറ്റി പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ചെങ്കിലും വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

ആശ്രമം കത്തിച്ചത് ആർ.എസ്.എസ്. പ്രവർത്തകരായിരുന്ന തന്‍റെ സഹോദരൻ പ്രകാശനും സുഹൃത്തുകളും ചേർന്നാണെന്നാണ് പ്രശാന്ത് മൊഴി നൽകിയത്. സുഹൃത്തുക്കൾ മർദിച്ചതിനെ തുടർന്നാണ് പ്രകാശ് കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തിരുന്നു. ഒരാഴ്ച മുമ്പാണ് പ്രശാന്തിന്‍റെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തിയത്. ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി തിരുവനന്തപുരം അഡീഷനൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. 2018ലാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമൺകടവിലെ ആശ്രമം കത്തിച്ചത്.


Tags:    
News Summary - VV Rajesh mocking Sandeepananda Giri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.