തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള നിയമവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. സാമുദായിക, മത സംഘടനകളുമായി ചർച്ച ചെയ്ത് സാവധാനം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, തീരുമാനം സർക്കാർ പിൻവലിക്കുന്നതുവരെ അതിശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് മുസ്ലിംലീഗിലെ പി. ഉബൈദുല്ല വ്യക്തമാക്കി. തുടർന്ന് മന്ത്രിയും ലീഗ് അംഗങ്ങളും തമ്മിൽ വാദപ്രതിവാദമായി. നിയമനം സ്പെഷൽ റിക്രൂട്ട്മെന്റ് ബോർഡിന് വിടുന്നതിൽ അഭിപ്രായം ചോദിച്ച് സർക്കാർ കത്ത് നൽകുകയും പിന്നീട് പിൻവലിക്കുകയും ചെയ്തെന്ന് എം.കെ. മുനീർ ചൂണ്ടിക്കാട്ടി. എന്നാൽ, കത്തയച്ചത് ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് പറഞ്ഞ മന്ത്രി സർക്കാറിന്റേത് സുതാര്യ നിലപാടാണെന്നും വിഷയം ബന്ധപ്പെട്ട സംഘടനകളുമായി ചർച്ച ചെയ്യുമെന്നും അറിയിച്ചു. വിഷയം രാഷ്ട്രീയ മുതലെടുപ്പിലേക്ക് കൊണ്ടുപോകുന്നത് ശരിയല്ല.
സർക്കാർ സർവേയിൽ 45,000 ത്തോളം വഖഫ് വസ്തുക്കൾ കണ്ടെത്താനായിട്ടുണ്ട്. മുഴുവൻ സ്വത്തുക്കളും കണ്ടെത്തിയശേഷം മൂല്യം തീരുമാനിക്കും. കാസർകോട് ടാറ്റ കോവിഡ് ആശുപത്രി നിർമിക്കാൻ 4.12 ഏക്കർ വഖഫ് ഭൂമി ഏറ്റെടുക്കുകയും പകരം ഭൂമി കൊടുക്കാമെന്ന് പറഞ്ഞിട്ട് വാക്ക് പാലിച്ചിട്ടില്ലെന്നും പരാതിയുണ്ടെന്ന് എം. ഷംസുദ്ദീൻ പറഞ്ഞു.
പകരം ഭൂമി നൽകാൻ നടപടി സ്വീകരിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.