തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വര്‍ധിക്കുന്നതിന്‍െറ ഭാഗമായി കേരളത്തില്‍ ഉഷ്ണതരംഗത്തിനും (ഹീറ്റ്വേവ്) ഉഷ്ണസൂചികക്കും (ഹീറ്റ് ഇന്‍ഡക്സിനും) സാധ്യത. കടലിലും ഭൂമധ്യരേഖക്ക് സമീപത്തെ പ്രദേശങ്ങളിലും ചൂട് കൂടുന്നതിന്‍െറ ഫലമായി അന്തരീക്ഷത്തിലും ക്രമാതീതമായി ചൂട് വര്‍ധിക്കുന്ന പ്രതിഭാസമാണ് ഉഷ്ണതരംഗം. അതേസമയം മനുഷ്യശരീരത്തില്‍ അനുഭവപ്പെടുന്ന യഥാര്‍ഥചൂടാണ് ഉഷ്ണസൂചിക.

ഇതിന്‍െറ അടിസ്ഥാനത്തില്‍ അന്തരീക്ഷത്തില്‍ 35 ഡിഗ്രി ചൂട് അനുഭവപ്പെടുമെങ്കില്‍ മനുഷ്യനില്‍ അത് 40 മുതല്‍ 45 വരെ ചൂട് അനുഭവപ്പെടും. വന്‍തോതില്‍ അന്തരീക്ഷ താപനില ഉയരുന്നത് ജീവനുതന്നെ ഭീഷണിയാകും. കഴിഞ്ഞവര്‍ഷം മുതലാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഉഷ്ണസൂചിക രേഖപ്പെടുത്താന്‍ തുടങ്ങിയത്.

അതേസമയം, വെള്ളിയാഴ്ച ഭൂരിഭാഗം ജില്ലകളിലും അന്തരീക്ഷ താപനില പതിവിലും നാല് ഡിഗ്രി വരെ ഉയര്‍ന്നു. സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍െറ കണക്കുകളനുസരിച്ച് വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 37.2 ഡിഗ്രി ചൂടായിരുന്നു തലസ്ഥാനത്ത്. 120 വര്‍ഷത്തിനിടെ ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് അനുഭവപ്പെടുന്ന ഏറ്റവുംവലിയ ചൂടാണിത്. 4.5 ഡിഗ്രി ചൂടാണ് ഇവിടെ അധികം അനുഭവപ്പെട്ടത്. കോഴിക്കോട് 4.4ഉം ആലപ്പുഴയില്‍ 4.2 ഡിഗ്രി ചൂടും വര്‍ധിച്ചു.

വടക്ക് കിഴക്കന്‍ മണ്‍സൂണിലുണ്ടായ വന്‍കുറവാണ് ചൂട് വര്‍ധിക്കാന്‍ കാരണമെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ എസ്. സുദേവന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. സാധാരണഗതിയില്‍ ചൂട് കൂടുമ്പോള്‍ കടല്‍കാറ്റുണ്ടാകാറുണ്ട്. ഈ കാറ്റാണ് ഭൂമിയെ തണുപ്പിച്ച് ചൂട് കുറക്കുന്നത്. എന്നാല്‍, ഇത്തവണ കിഴക്കന്‍ മേഖലയില്‍നിന്നുള്ള കരക്കാറ്റിന്‍െറ ശക്തമായ സാന്നിധ്യംമൂലം മതിയായ കടല്‍കാറ്റ് ലഭിക്കാത്തതും ആഗോളതാപനവും ചൂടും ഉയരാന്‍ കാരണമായിട്ടുണ്ട്. അതേസമയം അള്‍ട്രാവയലറ്റ് രശ്മികളുടെ (യുവി) സാന്നിധ്യം മൂലമാണ് ചൂട് വര്‍ധിക്കുന്നതെന്ന കണ്ടത്തെല്‍ അബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

കുംഭച്ചൂട് കനക്കുന്നതോടെ സൂര്യാതപത്തിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിട്ടുണ്ട്. ഈ വര്‍ഷം രണ്ടുപേര്‍ സൂര്യാതപമേറ്റ് മരിച്ചതായും ആരോഗ്യവകുപ്പ് പറയുന്നു. കഴിഞ്ഞ മാര്‍ച്ച്-മേയ് മാസത്തെ ചൂടില്‍ സംസ്ഥാനത്ത് സൂര്യാതപമേറ്റ് 10 പേര്‍ മരിക്കുകയും 335 പേര്‍ക്ക് പരിക്കേല്‍കുകയും ചെയ്തിരുന്നു. ശക്തമായ മുന്‍കരുതല്‍ എടുത്തില്ളെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്ന നിരീക്ഷണത്തിലാണ് കാലാവസ്ഥ ശാസ്ത്രജ്ഞര്‍. കഴിഞ്ഞ മാര്‍ച്ചില്‍ പാലക്കാട് മുണ്ടൂരില്‍ 41.08 ഡിഗ്രിയായിരുന്നു സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയര്‍ന്ന ചൂട്. ഇത്തവണ അത് 42 ഡിഗ്രി കടക്കുമെന്ന വിലയിരുത്തലിലാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം.

 

Tags:    
News Summary - water scarcity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.