ഇലക്ഷൻ പ്രചരണത്തിൻ്റെ ഭാഗമായ് ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ സ്വീപ് സംഘടിപ്പിച്ച കൂട്ട ഓട്ടം കൽപ്പറ്റ പുതിയ സ്റ്റാൻ്റ് പരിസരത്ത് അസി കളക്ടർ ഫ്ലാഗ് ഓഫ് ചെയ്യുന്നു

ഉപതെരഞ്ഞെടുപ്പിന് വയനാട് ഒരുങ്ങി; മണ്ഡലത്തില്‍ 1,471,742 വോട്ടര്‍മാര്‍

കൽപറ്റ: വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞടുപ്പിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ല കലക്ടര്‍ ഡി.ആര്‍. മേഘശ്രീ പത്രസമ്മേളനത്തില്‍ അറിയിച്ചു. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങളിലായി 1,471,742 വോട്ടര്‍മാരാണുള്ളത്. 2004 സർവിസ് വോട്ടര്‍മാരാണ് വയനാട് മണ്ഡലത്തിലുള്ളത്. ഭിന്നശേഷിക്കാരും 85 വയസ്സിന് മുകളിലുമുള്ള മുതിര്‍ന്ന പൗരന്മാരുമടങ്ങിയ 7519 വോട്ടര്‍മാരാണ് വീടുകളില്‍ നിന്നുതന്നെ വോട്ട് ചെയ്യാന്‍ ഇതുവരെ സന്നദ്ധത അറിയിച്ചത്.

ഇലക്‌ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളുടെ കമീഷനിങ്ങ് നവംബര്‍ അഞ്ചിന് നടക്കും. ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എം. ഉഷാകുമാരി, എ.ഡി.എം എം. ബിജുകുമാര്‍, സുല്‍ത്താന്‍ബത്തേരി അസി. റിട്ടേണിങ്ങ് ഓഫീസര്‍ കെ. മണികണ്ഠന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ വോട്ടര്‍മാര്‍

(മണ്ഡലം, പുരുഷന്മാര്‍, സ്ത്രീകള്‍, ആകെ വോട്ടര്‍മാര്‍ എന്നീ ക്രമത്തില്‍)

മാനന്തവാടി: 100100, 102830, 202930

സുല്‍ത്താന്‍ബത്തേരി: 110723, 116765, 227489

കല്‍പറ്റ: 102573, 108183, 210760

തിരുവമ്പാടി: 91434, 93371, 184808

ഏറനാട്: 93880, 91106, 184986

നിലമ്പൂര്‍: 110826, 115709, 226541

വണ്ടൂര്‍: 115508, 118720, 234228

1354 പോളിങ്ങ് സ്റ്റേഷനുകള്‍

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 30 ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 1354 പോളിങ്ങ് സ്റ്റേഷനുകളാണ് ഉപതെരഞ്ഞെടുപ്പിനും സജ്ജമാക്കുന്നത്. മാനന്തവാടി 173, സുല്‍ത്താന്‍ബത്തേരി 218, കല്‍പ്പറ്റ 187, തിരുവമ്പാടി 181, ഏറനാട് 174, നിലമ്പൂര്‍ 209, വണ്ടൂര്‍ 212 എന്നിങ്ങനെയാണ് പോളിങ്ങ് സ്റ്റേഷനുകള്‍. ജില്ലയില്‍ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 11 പോളിങ്ങ് ബൂത്തുകളിലും പ്രത്യേക സുരക്ഷാപട്ടികയിലുണ്ട്. ഇവിടെയെല്ലാം വെബ്കാസ്റ്റിങ്ങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.


ഏഴ് വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഏഴ് വിതരണ സ്വീകരണ കേന്ദ്രങ്ങളാണ് സജ്ജീകരിക്കുക. മാനന്തവാടി സെന്റ് പാട്രിക് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സുല്‍ത്താന്‍ബത്തേരി സെന്റ് മേരീസ് കോളേജ്, കല്‍പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍, കൂടത്തായി സെന്റ് മേരീസ് എല്‍.പി സ്‌കൂള്‍, മഞ്ചേരി ചുള്ളക്കാട് ജി.യു.പി സ്‌കൂള്‍, മൈലാടി അമല്‍ കോളജ് എന്നിവടങ്ങളില്‍ നിന്നാണ് വോട്ടിങ്ങ് സാമഗ്രികളുടെ വിതരണവും സ്വീകരണവും നടക്കുക.

എട്ട് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

മാനന്തവാടി നിയോജകമണ്ഡലത്തിലെ വോട്ടുകള്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ജൂബിലി ഹാളിലും സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ വോട്ടുകള്‍ കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി സ്‌കൂളിലും, കൽപറ്റ നിയോജക മണ്ഡലത്തിലെ വോട്ടുകള്‍ എസ്.കെ.എം.ജെ സ്‌കൂളിലും തിരുവമ്പാടി മണ്ഡലത്തിലെ വോട്ടുകള്‍ കൂടത്തായി സെന്റ് മേരീസ് എല്‍.പി സ്‌കൂളിലുമാണ് എണ്ണുക. ഏറനാട്, വണ്ടൂര്‍ , നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ വോട്ടുകള്‍ അമല്‍ കോളജ് മൈലാടി സ്‌കില്‍ ഡെവലപ്മെന്റ് ബില്‍ഡിങ്ങിലുമാണ് എണ്ണുക. തപാല്‍ വോട്ടുകള്‍ കൽപറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ താല്‍ക്കാലിക കെട്ടിടത്തിൽ എണ്ണും.

ചൂരല്‍മലയില്‍ രണ്ട് ബൂത്തുകള്‍

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ 10, 12 വാര്‍ഡുകളിലെ വോട്ടര്‍മാര്‍ക്കായി രണ്ട് ബൂത്തുകള്‍ പ്രദേശത്തും 11ാം വാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്കായി മേപ്പാടി സ്‌കൂളിലും പ്രത്യേക പോളിങ്ങ് ബൂത്ത് ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ പറഞ്ഞു.

ജില്ലയില്‍ അതീവ സുരക്ഷാസന്നാഹം

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയതായി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി അറിയിച്ചു. അന്തര്‍ സംസ്ഥാന സേനയും അന്തര്‍ ജില്ലാ സേനയും തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ജില്ലയിലെത്തും. കൂടാതെ സംസ്ഥാന, ജില്ലാ അതിര്‍ത്തികളിലും പ്രത്യേക പോലീസ് പരിശോധന നടക്കുന്നുണ്ട്. സ്‌ട്രോങ്ങ് റൂമിനടക്കം പ്രത്യേക സുരക്ഷയൊരുക്കും. എന്‍.സി.സി, എസ്.പി.സി തുടങ്ങി 2700 പോലീസ് അധിക സേനയും ജില്ലയിലുണ്ടാകും. രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 17,96,000 രൂപ തെരഞ്ഞെടുപ്പ് പരിശോധന സംഘം ഇതിനകം ജില്ലയില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. 95210 രൂപ വിലമതിക്കുന്ന 147.90 ലിറ്റര്‍ മദ്യവും എക്‌സൈസ് സംഘം പിടികൂടി. 3,84,550 രൂപ വിലവരുന്ന 1998.94 ഗ്രാം കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളും പിടികൂടി

Tags:    
News Summary - wayanad by election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.