തിരുവനന്തപുരം: ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ വയനാടിന്റെ പുനർനിർമാണത്തിന് മേഖല തിരിച്ചുള്ള രൂപരേഖ തയാറായി. ഇത് പ്രകാരം വീടുകളുടെ പുനർനിർമാണത്തിന് മാത്രം വേണ്ടത് 120 കോടിയാണ്. പുനരധിവാസത്തിന് ഭൂമി കണ്ടെത്താൻ വേണ്ടതും 120 കോടി തന്നെ. ഉരുൾ ദുരന്തം തകർത്ത റോഡുകൾ പുനർനിർമിക്കാൻ കണക്കാക്കുന്നത് 250 കോടിയാണ്. വൈദ്യുതി, കുടിവെള്ള സംവിധാനങ്ങൾ സജ്ജമാക്കാനും 250 കോടി വേണം. കാർഷിക മേഖലയെ കൈപിടിച്ചുയർത്താൻ ആവശ്യമെന്ന് കണക്കാക്കുന്നത് 150 കോടിയാണ്.
ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുനർനിർമാണത്തിന് 100 കോടി വേറെ. സർക്കാർ വിഭാവനം ചെയ്യുന്ന ടൗൺഷിപ്പിന് ചെലവ് വരിക 100 കോടി രൂപയാണ്. ഇതടക്കം 2300 കോടി രൂപ പുനർനിർമാണത്തിന് മാത്രം ചെലവുവരുമെന്നാണ് കണക്കാക്കുന്നത്. കേന്ദ്ര സംഘത്തിന്റെ സഹകരണത്തോടെയുള്ള നഷ്ടം കണക്കാക്കലും പുരോഗമിക്കുകയാണ്. ജൂലൈ 30നുണ്ടായ ഉരുള്‍പൊട്ടലില്‍ ഈ മേഖലയില്‍ 1555 വീടുകള്‍ പൂര്‍ണമായും 452 വീടുകള്‍ ഭാഗികമായും തകര്‍ന്നെന്നാണ് സര്‍ക്കാര്‍ കണക്ക്. വിനോദ സഞ്ചാരമേഖലയിൽ 50 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സർക്കാർ കെട്ടിടങ്ങൾക്ക് മാത്രമായി 56 കോടിയുടെ നഷ്ടമുണ്ടായി. വാഹനങ്ങളുടെ നഷ്ടം 26 കോടിയാണ്.
347.22 കോടിയാണ് ഇതുവരെ വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയത്. കേന്ദ്രത്തിന്റെ കാര്യമായ സാമ്പത്തിക പിന്തുണയില്ലാതെ ഇക്കാര്യത്തിൽ മുന്നോട്ടുപോകാനാവില്ല. അതേസമയം, കേന്ദ്രത്തിൽനിന്ന് ഇക്കാര്യത്തിൽ ഇതുവരെയും അനുകൂല സമീപനമൊന്നുമുണ്ടായിട്ടില്ല. വയനാട്ടിലേത് അതിതീവ്രദുരന്തമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിലും കേന്ദ്രം മൗനം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.