വയനാട് ദുരന്തം: കേന്ദ്രസർക്കാർ നിലപാട് തിരുത്തണമെന്ന് ഐ.എൻ.എൽ

കോഴിക്കോട്: രാജ്യത്തെയൊന്നാകെ നടുക്കിയ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തോട് അതിന്റെ ഗൗരവമുൾക്കൊണ്ട് പ്രതികരിക്കാൻ തയാറാവാത്ത കേന്ദ്രസർക്കാർ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും 150ഓളം മനുഷ്യർക്ക് ജീവൻ നഷ്ടപ്പെടുകയും ഒരു ഗ്രാമം തന്നെ കുത്തിയൊലിച്ചുപോവുകയും ചെയ്ത സംഭവത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ഐ.എൻ.എൽ അഖിലേന്ത്യ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാൻ. ഹൃസ്വ സന്ദർശനാർഥം കോഴിക്കോട്ടെത്തിയ അദ്ദേഹം വയനാടിലെ ഉരുൾപ്പൊട്ടലും മലപ്പാച്ചിലും സൃഷ്ടിച്ച ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കി പ്രതികരിക്കുകയായിരുന്നു.

സാധാരണ പ്രളയമല്ല ഇത്. അത്യപൂർവമായ പ്രകൃതി ദുരന്തമാണ്. ഇതിനപ്പുറം ഏത് ദേശീയ ദുരന്തത്തെയാണ് മോദി സർക്കാർ കാത്തിരിക്കുന്നത്? അസം, ബിഹാർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ബജറ്റിൽ പ്രത്യേക പ്രളയ ഫണ്ട് വകയിരുത്തിയ കേന്ദ്രസർക്കാരിന് കേരളത്തിന്റെ കാര്യം വരുമ്പോൾ എന്തേയ് കൈ വിറക്കുന്നത്? കേരളം ഇന്ത്യയുടെ ഭാഗമല്ലേ? ചൊവ്വാഴ്ച രാജ്യസഭയിൽ നടന്നത് അന്ത്യന്തം ലജ്ജാവഹമായ കാര്യമാണ്. വയനാട് വിഷയം സഭയിൽ ഉന്നയിച്ച കേരളത്തിൽ നിന്നുള്ള എം.പിമാരോട് നിഷേധാത്കമായാണ് അധ്യക്ഷൻ ജഗദീപ് ധൻഖർ പെരുമാറിയത്.

കരളുരുകുന്നവേദനയിൽ, അംഗങ്ങൾ അടിയന്തര ചർച്ച ആവശ്യപ്പെട്ടപ്പോൾ, ധൻഖർ അതീവ ലാഘവത്തോടെ ചിരിച്ചുുതള്ളുകയായിരുന്നു. മനുഷ്യത്വം തൊട്ടുതീണ്ടാത്തവരാണ് ഈ സംഘ്പരിവാർ നേതാക്കളെന്ന് മറക്കണ്ട. കേരളത്തിലെ ഒരു പൗരന്റെ ജീവന് രണ്ടുലക്ഷമാണ് മോദി സർക്കാർ വിലയിട്ടിരിക്കുന്നത്. ഈ ദുരന്തസന്ധിയിലും കേരളത്തോടുള്ള സമീപനത്തിൽ മാറ്റം വരുത്താൻ തങ്ങളുടെ യജമാനന്മാർ തയാറാവുന്നില്ലെങ്കിൽ മലയാളികായ രണ്ട് കേന്ദ്രമന്ത്രിമാർ രാജിവെച്ച് ഇന്നാട്ടിന്റെ അന്തസ് ഉയർത്തിപ്പിടിക്കാൻ മുന്നോട്ടുവരുകയാണ് വേണ്ടത്.

ഹൃദയഭദകമവും ഭീകരവുമാണ് വയനാട്ടിലെ കാഴ്ച. മഴ പകർന്ന കുളിരിൽ സ്വസ്ഥമായി കിടന്നുറങ്ങിയ ഒരു കൂട്ടം മനുഷ്യർ പാതിരാവിന്റെ ഇരുളിൽ മരണക്കയത്തിലേക്ക് വലിച്ചെറിയപ്പെട്ട അനുഭവമോർക്കുമ്പോൾ ആർക്കാണ് സ്വസ്ഥമായി ഉറങ്ങാൻ സാധിക്കുക-പ്രഫ. സുലൈമാൻ അനുശോചന കുറിപ്പിൽ എഴുതുന്നു. ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി കോഴിക്കോട് തിങ്കളാഴ്ച സംഘടിപ്പിച്ച പൊളിറ്റിക്കൽ വർക് ഷോപ്പിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

Tags:    
News Summary - Wayanad Landslide: The Central Government Should Change Its Position-Prof. Muhammad Sulaiman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.