ചാലിയാറിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; തിരച്ചിൽ തുടരുന്നത് ഉൾവനത്തിലെ പുഴയിൽ

പനങ്കയം (മലപ്പുറം): വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് ഒഴുകിയെത്തിയ മൂന്ന് മൃതദേഹങ്ങൾ കൂടി ചാലിയാറിൽ കണ്ടെത്തി. ചാലിയാറിന്‍റെ പനങ്കയം കടവിൽ നിന്നാണ് രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊലീസും സന്നദ്ധപ്രവർത്തകരും ചേർന്ന് മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കൂടുതൽ മൃതദേഹങ്ങൾ ഉൾവനത്തിലെ പുഴയിലുണ്ടോ എന്നറിയാനാണ് തിരച്ചിൽ നടത്തുന്നത്. മലവെള്ളപ്പാച്ചിലിൽ മൃതദേഹങ്ങൾ ചാലിയാറിലൂടെ താഴോട്ട് ഒഴുകിപ്പോയിട്ടുണ്ടെന്ന സംശയവുമുണ്ട്. വയനാട് മുണ്ടക്കൈയിൽ നിന്ന് 12 കിലോമീറ്ററോളം ചെങ്കുത്തായ മലയിടുക്കിലൂടെ ഒഴുകുന്ന അരണപ്പുഴയിലൂടെയാണ് മൃതദേഹങ്ങൾ ചാലിയാറിലെത്തിയത്.

ചാലിയാർ പുഴയിൽ നിന്ന് ഇന്നലെ 32 മൃതദേഹങ്ങളും 25 ശരീരഭാഗങ്ങളും സന്നദ്ധ പ്രവർത്തകർ കണ്ടെത്തിയിരുന്നു. മൃതദേഹങ്ങളിൽ 19 എണ്ണം പുരുഷന്മാരുടേതും 11 എണ്ണം സ്ത്രീകളുടേതും രണ്ടെണ്ണം കുട്ടികളുടേതുമാണ്. ഇതിൽ ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു. ഇതിൽ ഒരു മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞത്.

മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഫോറൻസിക് വിഭാഗം ഡോക്ടർമാരെ എത്തിച്ച് നിലമ്പൂർ ജില്ല ആശുപത്രിയിലാണ് മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യുന്നത്. ചാലിയാർ പുഴയിൽ നിലമ്പൂർ, മുണ്ടേരി എന്നിവിടങ്ങളിൽ നടത്തിയ തിരച്ചിലിലാണ് ഇന്നലെ മൃതദേഹങ്ങൾ കണ്ടെത്തിയത്. പനങ്കയം പാലം, വെള്ളിലമാട്, ശാന്തിഗ്രാമം, കമ്പിപ്പാലം, ഇരുട്ടുകുത്തി എന്നിവിടങ്ങളിലെ കടവുകളിൽ നിന്നാണ് കൂടുതൽ ശരീരഭാഗങ്ങൾ ലഭിച്ചത്.

ഇന്നലെ പുലർച്ചെ മുണ്ടേരി വാണിയമ്പുഴ നഗറിലെ ആദിവാസികളാണ് പുഴയോരത്ത് മൃതദേഹാവശിഷ്ടമുള്ളതായി പുറംലോകത്തെ അറിയിച്ചത്. ഉടൻ നാട്ടുകാരും സന്നദ്ധപ്രവർത്തകരും കുതിച്ചെത്തി തിരച്ചിലാരംഭിച്ചു. പോത്തുകല്ല് കുനിപ്പാലയിൽ നിന്ന് രാവിലെ അഞ്ചു വയസ്സിൽ താഴെയുള്ള ഒരു ആൺകുട്ടിയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്.

Tags:    
News Summary - Wayanad Landslide: Three more bodies were recovered from Chaliyar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.