തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ സർക്കാർ നിർമിക്കാനുദ്ദേശിക്കുന്ന ടൗൺഷിപ്പിലെ വീടുകളുടെ നിർമാണചെലവായി നിശ്ചയിച്ചിരിക്കുന്നത് കഴുത്തറുപ്പൻ നിരക്ക്. തുക ഉയർന്നതിനാൽ നിരക്ക് ചർച്ചചെയ്ത് തീരുമാനം അറിയിക്കാൻ സ്പോൺസർമാർ സാവകാശം തേടിയിരിക്കുകയാണ്.
ആഗസ്റ്റ് 29ന് ചേർന്ന സർവകക്ഷി യോഗത്തിൽ 1000 ചതുരശ്രയടി വീട് 16 ലക്ഷം രൂപ ചെലവിൽ നിർമിക്കാമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരുന്നത്. ഒരെണ്ണത്തിന് 8-10 ലക്ഷം രൂപ കണക്കാക്കിയാണ് വീടുകളുടെ എണ്ണം പ്രഖ്യാപിച്ചതെന്ന് അറിയിച്ച സ്പോൺസർമാർ, 16 ലക്ഷം ആയാലും എണ്ണം കുറക്കില്ലെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഇപ്പോൾ നിർമാണച്ചെലവ് 30 ലക്ഷത്തിലേക്ക് എത്തിയതോടെയാണ് കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞത്.
കേരളത്തിൽ മുന്തിയ വീടുകളുടെ നിർമാണ നിരക്കുപോലും ചതുരശ്രയടിക്ക് 2000 രൂപവരെ മാത്രമേ വരൂ. അപ്പോഴാണ് 1000 ചതുരശ്രയടി വീടിന് 30 ലക്ഷം രൂപ സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. .
അതേസയം ടൗൺഷിപ്പിന് പുറത്ത് ഭൂമിയും വീടും കണ്ടെത്താൻ പരമാവധി സർക്കാർ നൽകുമെന്ന് പറയുന്നത് 15 ലക്ഷമാണ്. വയനാടിന് സമാനമായി വിലങ്ങാട് ദുരന്തത്തിനും വീട് നിർമാണത്തിന് സർക്കാർ പറയുന്നത് ഇതേ തുകയാണ്. ഇത് സർക്കാറിന്റെ ഇരട്ടത്താപ്പെന്നാണ് ആക്ഷേപം. മാത്രമല്ല, സർക്കാറിന്റെ അഭിമാനപദ്ധതിയായ ലൈഫ് ഭവനപദ്ധതിയിൽ സർക്കാർ നൽകുന്നതാകട്ടെ 600 ചതുരശ്രയടി വീടിന് പരമാവധി നാല് ലക്ഷമാണ്.
ടൗൺഷിപ്പിലെ വീടുകൾക്ക് പല ഏജൻസികളും നിമാണസാമഗ്രികളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ആ നിലക്കും സർക്കാറിന് ലാഭമാണ് ഉണ്ടാവുക. 100 വീട് വീതം വാഗ്ദാനംചെയ്ത കോൺഗ്രസും മുസ്ലിം ലീഗും എൻ.എസ്.എസും കർണാടക സർക്കാറും സർക്കാറിന്റെ അമിത നിരക്കിൽ ഇതിനായി 30 കോടി രൂപ വീതം കണ്ടെത്തണം. കഴിഞ്ഞദിവസം മുഖ്യ സ്പോൺസർമാരുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ ആരും വീടിന്റെ എണ്ണം സംബന്ധിച്ച് ഉറപ്പ് നൽകിയില്ല. ശനിയാഴ്ച മറ്റ് സ്പോൺസർമാരുമായും ചർച്ചയുണ്ട്. ടൗൺഷിപ് നിർമിക്കാനുദ്ദേശിക്കുന്ന ഭൂമിയിൽ നാല് ഏജൻസികൾ പരിശോധന നടത്തിയശേഷമാണ് ഏകദേശ എസ്റ്റിമേറ്റ് തയാറാക്കിയതെന്ന് സർക്കാർ പറയുന്നത്. അഞ്ച് സെന്റിൽ 1000 ചതുരശ്രയടി ഒറ്റനില വീട് നിർമിക്കുന്നത് അശാസ്ത്രീയമാണെന്ന അഭിപ്രായവുമുണ്ട്. കൃഷി, കന്നുകാലി വളർത്തൽ തുടങ്ങി ഉപജീവനം നടത്തുന്നവർക്ക് അത് വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.