മലപ്പുറം: വയനാട് ദുരന്തബാധിതരുടെ പുനരധിവാസം അഞ്ചു മാസം വൈകിയെന്നല്ലാതെ, ഹൈകോടതിയിലെ കേസിലൂടെ മറ്റൊരു ഗുണവും സർക്കാറിനുണ്ടായില്ലെന്ന് ടി. സിദ്ദീഖ് എം.എൽ.എ. ഇതിലൂടെ ദുരന്തബാധിതർക്കുണ്ടായ നഷ്ടം സർക്കാറിന് നികത്താനാവില്ല. പുനരധിവാസം വൈകിയതിനാൽ പല സ്പോൺസർമാരും പിൻവാങ്ങി -എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഭൂമി സംബന്ധിച്ച അനിശ്ചിതത്വം ഒഴിഞ്ഞ സാഹചര്യത്തിൽ പുനരധിവാസത്തിന്‍റെ കലണ്ടർ ഉടൻ പ്രഖ്യാപിക്കണം. മുഴുവൻ സ്പോൺസർമാരുടെയും യോഗം ചേരണം. ആവശ്യത്തിന് പണം സർക്കാറിന്‍റെ പക്കലുള്ള സ്ഥിതിക്ക് പുനരധിവാസം ഒറ്റ ഘട്ടമായിതന്നെ നടത്തണം. നിരീക്ഷണത്തിന് എം.പി, എം.എൽ.എ എന്നിവരെയും തദ്ദേശസ്ഥാപനങ്ങളുടെയും ദുരന്തബാധിതരുടെയും സർവകക്ഷികളുടെയും പ്രതിനിധികളുമുൾപ്പെട്ട ഉന്നതതല കമ്മിറ്റി രൂപവത്കരിക്കണം.
ഹൈകോടതി വിധിക്കെതിരെ സർക്കാറോ ഭൂവുടമകളോ അപ്പീൽ പോവരുത്. ദുരന്തത്തിൽ പരിക്കേറ്റവരുടെ വിദഗ്ധ ചികിത്സക്ക് സർക്കാർ ഇപ്പോഴും ഫണ്ട് ലഭ്യമാക്കിയിട്ടില്ല. മാതാപിതാക്കൾ നഷ്ടമായ സ്നേഹ എന്ന കുട്ടിക്ക് സഹായം ലഭ്യമായിട്ടില്ല. വയനാടിനുവേണ്ടി ഒന്നും ചെയ്യാത്ത പ്രധാനമന്ത്രി നീതി പുലർത്തിയില്ല. ചെയ്ത സേവനത്തിന് കേന്ദ്രം പണം ആവശ്യപ്പെട്ടത് മഹാ അപരാധമാണെന്നും ടി. സിദ്ദീഖ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.