കൊച്ചി: വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിന് മോഡൽ ടൗൺഷിപ് നിർമിക്കാൻ ദുരന്ത നിവാരണ നിയമ പ്രകാരം എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാൻ സർക്കാറിനെ അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ഹാരിസൺ മലയാളം ഹൈകോടതിയിൽ.
നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകളിൽനിന്ന് ഭൂമി ഏറ്റെടുക്കാനുള്ള നടപടിയുമായി സർക്കാറിന് മുന്നോട്ടുപോകാമെന്ന് 2024 ഡിസംബർ 27ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച ഉത്തരവാണ് ഹാരിസൺ ചോദ്യം ചെയ്യുന്നത്. ദുരന്തനിവാരണ നിയമപ്രകാരം (2005) സ്വകാര്യ ഭൂമി ഏറ്റെടുക്കാൻ അനുവദിച്ച സിംഗിൾ ബെഞ്ച് വിധി നിയമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമാണ് ആവശ്യം. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമേ സ്വകാര്യ ഭൂമി ഏറ്റെടുക്കാനാകൂ എന്നാണ് ഹാരിസൺസിന്‍റെ വാദം. അപ്പീൽ അടുത്ത ദിവസം ഡിവിഷൻ ബെഞ്ച് പരിഗണിക്കും.
ഭൂമി ഏറ്റെടുക്കൽ ദുരന്തനിവാരണ നിയമപ്രകാരവും നഷ്ടപരിഹാരം ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരവും നൽകണമെന്ന നിർദേശത്തോടെയായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. പുനരധിവാസത്തിന് സ്വകാര്യഭൂമി സ്ഥിരമായി ഏറ്റെടുക്കാൻ ദുരന്തനിവാരണ നിയമത്തിൽ വ്യവസ്ഥയില്ലെന്നും താൽക്കാലികമായി ഏറ്റെടുക്കാൻ മാത്രമാണ് അധികാരമുള്ളതെന്നും അപ്പീലിൽ പറയുന്നു. 1923ൽ രജിസ്റ്റർ ചെയ്ത രേഖപ്രകാരം ഒരു നൂറ്റാണ്ടിലേറെയായി ഭൂമിയുടെ ഉടമസ്ഥാവകാശമുണ്ട്. സ്ഥിരമായി കരമടക്കുന്നതാണ്. സർക്കാർ ഉത്തരവും സിംഗിൾ ബെഞ്ച് ഉത്തരവും സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.