കോഴിക്കോട്: ''പ്രിയപ്പെട്ട സാറാമ്മേ, ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭകാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു? ഞാനാണെങ്കില്‍... എന്റെ ജീവിതത്തിലെ നിമിഷങ്ങളോരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിയുകയാണ്. സാറാമ്മയോ? ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയില്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട്.
സാറാമ്മയുടെ കേശവന് നായര്‍...''
സദാചാര വിരുദ്ധമെന്ന് മുദ്രകുത്തി ഒരുകാലത്ത് തിരുവിതാംകൂർ സർക്കാർ നിരോധിച്ച ബഷീറിന്റെ 'പ്രേമലേഖനം' എന്ന നോവലിലെ പ്രണയഭരിതമായ ആ കത്ത് മകൾ ഷാഹിന വായിച്ചു. അതും പല പല ദേശങ്ങളിൽ അനേകകാലം അലഞ്ഞുതിരിഞ്ഞുള്ള ഏകാന്തവാസങ്ങൾ അവസാനിപ്പിച്ച് ബഷീർ ബേപ്പൂരിന്റെ സുൽത്താനായി വാണ വൈലാലിൽ വീട്ടുമുറ്റത്ത്. പല ദേശങ്ങളിൽനിന്ന് ബഷീർ സാഹിത്യത്തോടുള്ള ഇഷ്ടം പേറിയെത്തിയ യുവ എഴുത്തുകാർ അത് കേട്ടിരുന്നു. അവർക്കറിയേണ്ടിയിരുന്നത് ബഷീർ എന്ന മനുഷ്യനെക്കുറിച്ചായിരുന്നു. അവരോട് ബഷീറിനെക്കുറിച്ച് പറഞ്ഞുപറഞ്ഞ് മക്കളായ ഷാഹിന ബഷീറും അനീസ് ബഷീറും. ഒപ്പം മലയാള കഥാസാഹിത്യത്തിലെ ശ്രദ്ധേയരായ കഥാകൃത്തുക്കളും.
ബേപ്പൂരിൽ നടന്നുവരുന്ന ബഷീർ ഫെസ്റ്റിന്റെ മൂന്നാം ദിവസം വൈലാലിൽ വീട്ടുമുറ്റത്ത് ചേർന്ന യുവസാഹിത്യ ക്യാമ്പിലായിരുന്നു ബഷീറിനെ തേടി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് യുവ എഴുത്തുകാർ എത്തിയത്. ബഷീറിന്റെ ഓർമകൾ ഉറങ്ങാതിരിക്കുന്ന വൈലാലിൽ വീട്ടുവളപ്പിൽ ആ വലിയ എഴുത്തുകാരന്റെ അദൃശ്യ സാന്നിധ്യം അനുഭവപ്പെടുന്നതായി പുതുതലമുറ എഴുത്തുകാർ പറഞ്ഞു. കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ബഷീറിന്റെ 'പ്രേമലേഖനം' എന്ന നോവലിലെ ഏതാനും ഭാഗങ്ങൾ വായിച്ചുകൊണ്ട് യുവസാഹിത്യ ക്യാമ്പിന് തുടക്കം കുറിച്ചത് മകൾ ഷാഹിനയായിരുന്നു. മകൻ അനീസ് ബഷീർ ഓർമകളുടെ അറകൾ തുറന്നു. ഇപ്പോഴും ബഷീറിനെ അന്വേഷിച്ചുവരുന്ന മനുഷ്യർ അദ്ദേഹം ഇവിടെ എവിടെയോ ഉള്ളതായി തോന്നിപ്പിക്കുന്നുവെന്ന് അനീസ് പറഞ്ഞു. അശോകൻ ചരുവിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എം.കെ. അബ്ദുൽ ഹക്കീം സ്വാഗതം പറഞ്ഞു.
നമ്മുടെ മണ്ണിൽനിന്ന് ലോകത്തെ ഏതു സാഹിത്യകാരനുമൊപ്പം ഇരിക്കാൻ പോന്ന ഒരു എഴുത്തുകാരൻ ഉണ്ടാകണമെന്ന മലയാളിയുടെ ആഗ്രഹമായിരുന്നു ബഷീർ എന്ന് ക്യാമ്പ് ഡയറക്ടറും കഥാകാരനുമായ സുഭാഷ് ചന്ദ്രൻ അഭിപ്രായപ്പെട്ടു. എ. സജീവൻ അധ്യക്ഷത വഹിച്ചു. പി.കെ. പാറക്കടവ് ബഷീർ അനുഭവങ്ങൾ പങ്കുവെച്ചു.
'ഞാനറിയുന്ന ബഷീർ' എന്ന വിഷയത്തിൽ നടത്തിയ രചന മത്സരത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് സാഹിത്യ ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പിനോടനുബന്ധിച്ച് വൈകുന്നേരം ബേപ്പൂർ ഹൈസ്കൂളിൽ നടന്ന സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. കെ.ഇ.എൻ അധ്യക്ഷത വഹിച്ചു.
മുഖ്യപ്രഭാഷണം നിർവഹിച്ച അശോകൻ ചരുവിൽ ക്യാമ്പിൽ തെരഞ്ഞെടുക്കപ്പെട്ടവർക്ക് സമ്മാനം നൽകി. എം. ഗിരീഷ് സ്വാഗതവും കെ. സജീവ് കുമാർ നന്ദിയും പറഞ്ഞു.
കോഴിക്കോട്: എൺപതുകളുടെ തുടക്കം. ശരീഅത്ത് വിവാദം കത്തി നിൽക്കുന്ന സമയം. മാതൃഭൂമി ആഴ്ചപ്പതിപ്പിനുവേണ്ടി എം.എൻ. കാരശ്ശേരി ബഷീറിനെ അഭിമുഖം നടത്തി 'ശരീഅത്തും കൊസ്രാക്കൊള്ളിയും' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ആ ലേഖനം അച്ചടിച്ച പേജുകൾ നീക്കം ചെയ്തായിരുന്നു അന്ന് ഖത്തറിൽ അത് വിതരണം ചെയ്തത്. അക്കാലത്ത് ഖത്തറിൽ പ്രവാസിയായിരുന്ന കഥാകൃത്തുകൂടിയായ പി.കെ. പാറക്കടവ് അഭിമുഖം വായിക്കാൻ കഴിഞ്ഞില്ലെന്ന വിവരം ബഷീറിനെ കത്തിലൂടെ അറിയിച്ചു. പക്ഷേ, അമ്പരപ്പിച്ചുകൊണ്ട് കീറി മാറ്റിയ അഭിമുഖത്തിന്റെ ഓരോ പേജിലും ബഷീന്റെ കൈയൊപ്പിട്ട മറുപടിയാണ് പാറക്കടവിനെ തേടിവന്നത്.
ബഷീർ ഫെസ്റ്റിന്റെ ഭാഗമായി വൈലാലിൽ സംഘടിപ്പിച്ച സാഹിത്യ ക്യാമ്പിൽ പങ്കെടുത്ത യുവ എഴുത്തുകാർക്കു മുന്നിൽ പാറക്കടവ് ഇന്നും നിധിപോലെ സൂക്ഷിച്ചുവെച്ചിരിക്കുന്ന ആ കൈയൊപ്പു പതിഞ്ഞ അഭിമുഖത്തിന്റെ ഭാഗങ്ങൾ ഉയർത്തിക്കാട്ടി. 'ബഷീർ മ്യൂസിയം ഉണ്ടാക്കിയാൽപോലും ഈ നിധി ആർക്കും തരില്ല' എന്നുകൂടി പാറക്കടവ് ഓർമിപ്പിച്ചു. ജയിലിൽ കിടന്നും ഭ്രാന്താശുപത്രിയിൽ കിടന്നും സാഹിത്യരചന നടത്തിയ ലോകത്തിലെ അപൂർവ എഴുത്തുകാരനാണ് ബഷീറെന്നും പാറക്കടവ് അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.