തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെ തുടർച്ചയായ അതിക്രമം നിയന്ത്രിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ആഭ്യന്തര മന്ത്രിസ്ഥാനം രാജിവെച്ചൊഴിയാൻ മുഖ്യമന്ത്രി തയാറാകണമെന്ന് ഫേസ്ബുക് കുറിപ്പിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് ആവശ്യപ്പെട്ടു.
കേരളത്തിൽ കേട്ടുകേൾവിയില്ലാത്തവിധം പെൺകുട്ടികൾ ക്രൂരപീഡനങ്ങൾക്ക് വിധേയമാകുമ്പോൾ നിങ്ങൾക്ക് ആ കസേരയിൽ ഇരിക്കാൻ എങ്ങനെ മനസ്സ് വരുന്നെന്ന് സുധാകരൻ ചോദിച്ചു. കേരളത്തിന്റെ ആഭ്യന്തരമന്ത്രിക്കസേരയിൽ ഒരു വടിയെങ്കിലും കുത്തിവെക്കാൻ ഞങ്ങൾ മുന്നേ പറഞ്ഞിരുന്നു. ഇടുക്കിയിൽ നടന്ന സംഭവത്തോടെ പിണറായി സർക്കാറിനെ പരിഹസിക്കാൻപോലും അറപ്പ് തോന്നുന്നു. മുഖ്യമന്ത്രിയുടെ പിടിപ്പുകേടിനും കഴിവില്ലായ്മക്കും ഇനിയുമെത്ര പെൺജീവനുകൾ ബലിയാടാകണം.
വാളയാറിലും പാലത്തായിയിലും തുടർന്നിങ്ങോട്ട് പ്രളയംപോലെ നടന്നുവരുന്ന ഓരോ സംഭവവും എത്രമാത്രം പരാജയമാണ് മുഖ്യമന്ത്രിയെന്ന് തെളിയിക്കുന്നുണ്ട്. ഒരുളുപ്പുമില്ലാതെ കേരളത്തിലെ രക്ഷാകർത്താക്കൾക്കും അതിജീവിതമാർക്കും മുഖ്യമന്ത്രി 'ഉറപ്പ്' കൊടുക്കുകയാണ്. വിശ്വസിച്ച് തെരഞ്ഞെടുത്ത ജനങ്ങളെ ഇത്ര നീചമായി പറഞ്ഞുപറ്റിക്കാൻ എങ്ങനെ സാധിക്കുന്നു. ഇടുക്കിയിലെ 15കാരിക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തെ കോൺഗ്രസ് അപലപിക്കുന്നതായും പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധം സർക്കാർ നേരിടേണ്ടിവരുമെന്നും സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.