തിരുവനന്തപുരം: പാഠഭാഗങ്ങൾ വെട്ടിക്കുറച്ചുള്ള ഫോക്കസ് ഏരിയ സമ്പ്രദായം ഹയർ സെക്കൻഡറി പരീക്ഷ നടത്തിപ്പിൽ പൂർണമായും പിൻവലിച്ചശേഷം നടന്ന നീറ്റ്-യു.ജി പരീക്ഷയിൽ കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് കുതിപ്പ്. ഫോക്കസ് ഏരിയ ഉണ്ടായിരുന്ന രണ്ട് വർഷത്തെ നീറ്റ് പരീക്ഷഫലത്തെക്കാൾ മെച്ചപ്പെട്ട റാങ്ക് നിലയാണ് കേരള വിദ്യാർഥികൾ ഇത്തവണ നേടിയത്. നീറ്റ് സ്കോർ അടിസ്ഥാനപ്പെടുത്തിയുള്ള കേരള മെഡിക്കൽ റാങ്ക് പട്ടിക വ്യാഴാഴ്ച രാത്രി പ്രസിദ്ധീകരിച്ചതോടെ ഇത് വ്യക്തമായി.
കഴിഞ്ഞവർഷം നീറ്റ് പരീക്ഷയിൽ ദേശീയതലത്തിൽ ആദ്യ ഒരു ലക്ഷം റാങ്കുകാരിൽ കേരളത്തിൽ നിന്ന് 7162 പേർ മാത്രമായിരുന്നു ഇടംപിടിച്ചത്. ഇത്തവണ 1394 പേർ വർധിച്ച് 8556 ആയി. ആദ്യ അരലക്ഷം റാങ്കുകാരിൽ കഴിഞ്ഞ വർഷം 3701 പേരുണ്ടായിരുന്നത് ഇത്തവണ 4400ൽ എത്തി. എന്നാൽ ആദ്യ നൂറ് റാങ്കുകാരിലെ മലയാളിസാന്നിധ്യം കുറഞ്ഞു. 2021ൽ ഏഴും കഴിഞ്ഞവർഷം നാലും പേർ ഉണ്ടായിരുന്നത് ഇത്തവണ രണ്ടായി ചുരുങ്ങി.
2021ലാണ് കോവിഡ് സാഹചര്യത്തിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഫോക്കസ് ഏരിയ സമ്പ്രദായം കൊണ്ടുവന്നത്. ആദ്യവർഷം 40 ശതമാനം പാഠഭാഗങ്ങൾ പഠിച്ചാൽതന്നെ വിദ്യാർഥികൾക്ക് മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരമെഴുതാൻ കഴിയുന്ന രീതിയിൽ ചോദ്യപേപ്പർ ഘടന മാറ്റി.
പരീക്ഷഫലത്തിൽ വൻ വർധനയും അതോടൊപ്പം വിമർശനവും ഉയർന്നതോടെ 2022ൽ 60 ശതമാനം പാഠഭാഗങ്ങൾ പഠിച്ചാൽ 80 ശതമാനം മാർക്കിന് ഉത്തരമെഴുതാം എന്ന രീതിയിലേക്ക് ചോദ്യഘടന മാറ്റി. 2023ലെ പരീക്ഷകളിൽ പാഠഭാഗങ്ങൾ പൂർണമായും പഠിക്കണമെന്ന രീതി പുനഃസ്ഥാപിച്ചു. നീറ്റ് പരീക്ഷയിലെ ചോദ്യങ്ങൾ എൻ.സി.ഇ.ആർ.ടി ഹയർ സെക്കൻഡറി സിലബസ് അനുസൃതമായാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ചോദ്യങ്ങളാണ് നീറ്റ് പരീക്ഷയിൽ വരുന്നത്. ഹയർ സെക്കൻഡറി പരീക്ഷയിൽ ഫോക്കസ് ഏരിയ സമ്പ്രദായം വന്നതോടെ പാഠഭാഗങ്ങൾ പൂർണമായും പഠിക്കേണ്ട സാഹചര്യം ഒഴിവായിരുന്നു. ഓൺലൈൻ രീതിയിലുള്ള അധ്യയനത്തിൽ ഒട്ടേറെ സ്കൂളുകൾ പാഠഭാഗങ്ങൾ ഒഴിവാക്കി പഠിപ്പിക്കുന്ന രീതിയും അനുവർത്തിച്ചു. ഇതാണ് 2021ലും 2022ലും കേരളത്തിൽനിന്ന് നീറ്റ് പരീക്ഷ എഴുതിയവരെ പ്രതികൂലമായി ബാധിച്ചത്. നീറ്റിൽ മെച്ചപ്പെട്ട പ്രകടനം നടത്തിയത് കേരള വിദ്യാർഥികൾക്ക് അഖിലേന്ത്യ ക്വോട്ടയിൽ ഉൾപ്പെടെ മെച്ചപ്പെട്ട അലോട്ട്മെന്റ് സാധ്യത നൽകും. അഖിലേന്ത്യ ക്വോട്ടയിലുമടക്കം കേരളത്തിൽ നിന്ന് കൂടുതൽ വിദ്യാർഥികൾക്ക് മെഡിക്കൽ പ്രവേശനത്തിന് വഴിയൊരുങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.