‘പഴയങ്ങാടിയിൽ മാവേലി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായതിൽ നിരീക്ഷണ കാമറകളും മൊബൈൽ ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പരിശോധനക്കായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ’’- ബിനോയ് മാത്യു സി.ഐ ആർ.പി.എഫ് കണ്ണൂർ
നേരിയ ഇടവേളക്കു ശേഷം കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ് തുടരുന്നു. ഞായറാഴ്ച രാത്രി ഏഴരയോടെ പഴയങ്ങാടിയിലാണ് മാവേലി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്. കോച്ചിനകത്തുനിന്ന് കല്ലുകൾ കണ്ടെടുത്തു. സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് അൽപനേരം പിന്നിട്ടശേഷമായിരുന്നു എസ് മൂന്ന്, എസ് നാല് കോച്ചുകൾക്ക് നേരെ കല്ലേറുണ്ടായത്. ട്രെയിനിന് നേരെ കല്ലെറിഞ്ഞവരെ പിടികൂടാനുള്ള ശ്രമത്തിലാണ് ആർ.പി.എഫും റെയിൽവേ പൊലീസും. പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു തുടങ്ങി. കണ്ണൂരിനും പഴയങ്ങാടിക്കും ഇടയിൽ ട്രയിനിന് നേരെ നേരത്തേയും കല്ലേറുണ്ടായിട്ടുണ്ട്.
തുടർച്ചയായി ട്രെയിനുകൾക്കു നേരെ കല്ലേറും അക്രമങ്ങളും തുടരുന്നതിനെതിരെ ആഗസ്റ്റിൽ ജനകീയ ഇടപെടലുണ്ടായിരുന്നു. അക്രമം തുടരുന്ന സാഹചര്യത്തിൽ എ.സി.പി ടി.കെ. രത്നകുമാർ ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തിരുന്നു. ജനകീയ ഇടപെടലിലൂടെ ട്രെയിനുകൾക്ക് നേരെയുള്ള അക്രമങ്ങൾ ഇല്ലാതാക്കാനായിരുന്നു തീരുമാനമെങ്കിലും നടപടികൾ ചില്ലറ പരിശോധനകൾ മാത്രമായി ഒതുങ്ങിയെന്ന് ആക്ഷേപമുണ്ട്. ജനങ്ങളുടെ ശ്രദ്ധ പതിഞ്ഞാൽ മാത്രമേ സാമൂഹിക വിരുദ്ധരുടെ അതിക്രമം കുറക്കാനാവൂ എന്നാണ് റെയിൽവേയുടെ പക്ഷം. പാളത്തിനോട് ചേർന്നുള്ള കാടുകൾ വെട്ടിത്തെളിക്കാൻ തീരുമാനമുണ്ടായെങ്കിലും പ്രാവർത്തികമായില്ല.
കല്ലേറ് തുടരുന്ന സാഹചര്യത്തിൽ ഒരാഴ്ച ട്രാക്കുകളിൽ ശക്തമായ നിരീക്ഷണം നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന ട്രാക്കിനോട് ചേർന്ന് വണ്ടിക്ക് നേരെ കല്ലേറും മറ്റ് അക്രമങ്ങളും തടയാൻ റെയിൽവേ പൊലീസിനും ലോക്കൽ പൊലീസിനും പരിമിതിയുണ്ട്. തുടർച്ചയായി ദിവസങ്ങളിൽ കല്ലേറുണ്ടായിട്ടും മുഴുവൻ പ്രതികളെയും പിടികൂടാനായിട്ടില്ല. ആഗസ്റ്റ് 16ന് ഉച്ചക്ക് 3.45ഓടെ മാഹി പാലത്തിനും മാഹി റെയിൽവേ സ്റ്റേഷനും ഇടയിൽ വന്ദേഭാരതിന് നേരെ കല്ലെറിഞ്ഞ ന്യൂമാഹി പെരുമുണ്ടേരി മഠത്തിന് സമീപം മയക്കര പുത്തൻ പുരയിൽ സൈതീസ് ബാബുവിനെ (32) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആഗസ്റ്റ് 13ന് രാത്രി ഏഴോടെ നേത്രാവതിക്കും ചെന്നൈ സൂപ്പർ ഫാസ്റ്റിനും നേരെ കണ്ണൂരിൽ കല്ലേറുണ്ടായ സംഭവത്തിൽ ഒഡിഷ ഖോർധ സ്വദേശി സർവേഷും കഴിഞ്ഞമാസം കണ്ണൂർ സിറ്റി പൊലീസിന്റെ പിടിയിലായിരുന്നു.
ട്രെയിനുകൾക്ക് നേരെ കല്ലേറ് തുടരുമ്പോൾ ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്നുണ്ടോ എന്ന കാര്യവും പൊലീസും ആർ.പി.എഫും അന്വേഷിക്കും. കഴിഞ്ഞമാസം മിനിറ്റുകൾക്കിടയിൽ മൂന്നു ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായത് റെയിൽവേയെയും യാത്രക്കാരെയും ഞെട്ടിച്ചിരുന്നു. സംഭവത്തിൽ അട്ടിമറി സാധ്യതയുണ്ടായതായും സംശയമുയർന്നു. എന്നാൽ, ട്രെയിനിന് നേരെയുണ്ടായ അക്രമത്തിൽ അട്ടിമറി സാധ്യതയില്ലെന്നും സാമൂഹിക വിരുദ്ധർ ചെയ്തതാകാമെന്നുമായിരുന്നു റെയിൽവേയുടെ നിഗമനം.
ആഗസ്റ്റ് 16ന് വൈകീട്ട് 3.49ഓടെ തലശ്ശേരിക്കും വടകരക്കുമിടയിൽ വന്ദേഭാരത് എക്സ്പ്രസിന് കല്ലേറുണ്ടായിരുന്നു. കാസര്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. സംഭവത്തിന് രണ്ട് ദിവസം മുമ്പാണ് രാത്രി മിനിറ്റുകളുടെ ഇടവേളയിൽ കണ്ണൂരിനും നീലേശ്വരത്തിനും ഇടയിൽ മൂന്ന് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായത്. മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന നേത്രാവതി എക്സപ്രസിനും ഷൊർണൂർ ഭാഗത്തേക്കുള്ള ചെന്നൈ സൂപ്പർ ഫാസ്റ്റിനും നേരെയാണ് കല്ലേറുണ്ടായത്. നീലേശ്വരം റെയിൽവേ സ്റ്റേഷന് സമീപം ഓക്ക എക്സ്പ്രസ് ട്രെയിനിനും കല്ലുപതിച്ചു. ഒരേസമയത്ത് മൂന്നിടത്ത് ട്രെയിനിന് നേരെ കല്ലേറുണ്ടായത് ആസൂത്രിതമാണെന്ന സംശയമുയർന്നിരുന്നു.
2022 സെപ്റ്റംബർ 11ന് മൂകാംബിക സന്ദർശനത്തിന് ശേഷം ട്രെയിനിൽ മടങ്ങവെ കോട്ടയം സ്വദേശിനിയായ കീർത്തന രാജേഷ് എന്ന വിദ്യാർഥിനിക്ക് എടക്കാടിന് സമീപം കല്ലേറിൽ പരിക്കേറ്റിരുന്നു. മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിൽ സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്യവെയാണ് കല്ലേറുണ്ടായത്. കഴിഞ്ഞമാസം കാസർകോട് സിമന്റ് കട്ടയും ക്ലോസറ്റും കയറ്റിവെച്ച് ട്രെയിൻ അപകടപ്പെടുത്താനുള്ള ശ്രമമുണ്ടായിരുന്നു. ദിവസേന ആയിരങ്ങൾ യാത്രചെയ്യുന്ന ട്രെയിനുകൾക്ക് നേരെ കല്ലേറ് തുടരുന്നതിൽ യാത്രക്കാർക്ക് നിലക്കാത്ത ആശങ്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.