കണ്ണൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. കണ്ണൂർ സിറ്റി നാലുവയലിൽ താഴത്ത് ഹൗസിൽ ബഷീർ (50) ആണ് മരിച്ചത്. വീട്ടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണാണ് മരണം.
ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് നിലവിലുണ്ട്. വിവിധ ഭാഗങ്ങളിൽ മഴയിൽ വ്യാപക നാശമുണ്ടായി. തലശ്ശേരി താലൂക്കില്‍ ഒരു വീട് പൂര്‍ണമായും രണ്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നു. പടുവിലായി ചാമ്പാട് കുശലകുമാരിയുടെ ഉടമസ്ഥതയിലുള്ള കരയങ്കണ്ടി വീടാണ് പൂർണമായും തകര്‍ന്നത്. തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളില്‍ ഓരോ വീടുകള്‍ ഭാഗികമായി തകര്‍ന്നു. മരം കടപുഴകി വീണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് പബ്ലിക് സ്കൂളിലെ കഞ്ഞിപ്പുര തകർന്നു.
അരൂർ: തീരദേശ റെയിൽവേ ട്രാക്കിലേക്ക് മരംവീണു. വഴിവിളക്കുകളുമായി പോസ്റ്റുകൾ ഒടിഞ്ഞുവീണു. ആലപ്പുഴ അരൂർ അമ്മനേഴം ക്ഷേത്രത്തിനുസമീപം 21-ാം വാർഡിൽ ഉച്ചയോടെയാണ് റെയിൽവേ ട്രാക്കിലേക്ക് വലിയ മരം മറിഞ്ഞുവീണത്. ശക്തിയായ കാറ്റിലും മഴയിലും പെട്ട് മരം ട്രാക്കിലേക്ക് വീഴുകയായിരുന്നു.
വഴിവിളക്കുകൾ സ്ഥാപിച്ചിരുന്ന രണ്ടു പോസ്റ്റുകളും ഒടിഞ്ഞ് വൈദ്യുതി ലൈനുകൾ പൊട്ടി വീണു. വൈദ്യുതി നിലച്ചിരുന്നതിനാൽ അപകടം ഒഴിവായി. ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം തുടങ്ങി. പിന്നാലെ അഗ്നിരക്ഷാ സേനാംഗങ്ങൾ നാട്ടുകാരുടെ സഹായത്തോടെ മരം വെട്ടിമാറ്റുകയുമായിരുന്നു. കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി ബന്ധവും പുനഃസ്ഥാപിച്ചു.
തൃശൂർ: ഇരിങ്ങാലക്കുടയിലും ചാലക്കുടിയിലും മിന്നൽ ചുഴലിയിൽ വ്യാപക നാശം. ചാലക്കുടി കൂടപ്പുഴ മേഖലയിലും ആളൂർ, ഇരിങ്ങാലക്കുട മേഖലയിലുമാണ് മിന്നൽ ചുഴലിയുണ്ടായത്. നിരവധി മരങ്ങൾ കടപുഴകി. വൈദ്യുതി ലൈനുകൾ പൊട്ടിവീണു. തൃശൂരിലെ ആമ്പല്ലൂർ, കല്ലൂർ മേഖലയിൽ ഭൂമിയിൽ നേരിയ പ്രകമ്പനമുണ്ടായി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സ്ഥലം സന്ദർശിച്ച ജില്ല കലക്ടർ വി.ആർ. കൃഷ്ണ തേജ പറഞ്ഞു.
പത്തനംതിട്ട/ മലപ്പുറം/കണ്ണൂർ: സംസ്ഥാനത്ത് ശക്തമായ കാറ്റിലും കനത്ത മഴയിലും ഇന്നും വ്യാപക നാശനഷ്ടം. പത്തനംതിട്ട നിരണം പനച്ചിമൂട്ടിൽ 135 വർഷത്തോളം പഴക്കമുള്ള സി.എസ്.ഐ പള്ളിയും വയനാട്ടിലും അടൂരിലും വീടുകളും തകർന്നു വീണു. കണ്ണൂർ സെൻട്രൽ ജയിലിന്‍റെ കൂറ്റൻ മതിൽ നിലംപൊത്തി. പെരിന്തൽമണ്ണയിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് മുകളിൽ മണ്ണിടിഞ്ഞുവീണു.
കനത്ത മഴയെ തുടർന്ന് നിരണം പനച്ചിമൂട്ടിലെ ഏകദേശം 135 വർഷത്തോളം പഴക്കമുള്ള പള്ളിയാണ് തകർന്നത്. പനച്ചിമൂട് എസ് മുക്ക് ജംങ്ഷന് സമീപമുള്ള സി.എസ്.ഐ പള്ളിയാണ് തകർന്നു വീണത്. രാവിലെ ആറരയോടെ ആയിരുന്നു സംഭവം. ഭയാനകമായ ശബ്ദത്തോടെ പള്ളി തകർന്നു വീഴുകയായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. തകർന്നുവീണ പള്ളിയുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. ആളപായമില്ല.
കണ്ണൂർ സെൻട്രൽ ജയിലിലെ അതിസുരക്ഷാ മതിൽ ഇടിഞ്ഞു വീണു. അഞ്ചാം ബ്ലോക്കിലെ ന്യൂ ബ്ലോക്ക് ബിൽഡിങ്ങിന് എതിർ വശത്തുള്ള കൂറ്റൻ മതിലാണ് 30 മീറ്ററോളം നിലംപൊത്തിയത്. പുലർച്ചെ ഏഴര മണിയോടെ ജയിൽ വളപ്പിനുള്ളിലെ തൊഴുത്തിന് സമീപത്താണ് സംഭവം.
ഈ മതിലിന് സമീപത്താണ് തടവുകാരെ പാർപ്പിച്ചിട്ടുള്ളത്. അതിനാൽ സുരക്ഷ ഉറപ്പാക്കാൻ ബദൽ സംവിധാനം ഏർപ്പെടുത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ജയിൽ അധികൃതരും കണ്ണൂർ ടൗൺ സി.ഐയും സ്ഥലത്തെത്തി പരിശോധന നടത്തി. ജയിൽ ഐ.ജി ഇന്ന് സ്ഥലം സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ശക്തമായ മഴയെ തുടർന്ന് പത്തനംതിട്ട തിരുമൂലപുരത്ത് നൂറോളം വീടുകളിൽ വെള്ളം കയറി. തിരുമൂലപുരം ആറ്റുമാലി, പുളിക്കത്തറ, മംഗലശ്ശേരി എന്നീ കോളനികളിലെ വീടുകളിലാണ് ഇന്ന് രാവിലെയോടെ വെള്ളം കയറിയത്. മണിമലയാറ്റിൽ നിന്നും നേരിട്ട് വെള്ളം കയറുന്ന പ്രദേശങ്ങളാണ് ഇത്.
ഈ ഭാഗങ്ങളുടെ നാൽപതോളം കുടുംബങ്ങളിൽ നിന്നും 130 പേരെയോളം എസ്.എൻ.വി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ക്യാമ്പിലേക്ക് എത്തുന്നവരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്. ക്യാമ്പിൽ എത്തുന്നവർക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയതായി തഹസിൽദാർ പറഞ്ഞു.
പെരിന്തൽമണ്ണ: മണ്ണിടിഞ്ഞതിനെ തുടർന്ന് പെരിന്തൽമണ്ണ-പട്ടാമ്പി റോഡിലെ പെട്രോൾ പമ്പിന് പിറകുവശത്തെ വലിയ ഭിത്തി നിലംപൊത്തി. മൂന്ന് വാഹനങ്ങൾ മണ്ണിനടിയിൽ പെട്ടു. അടുത്തിടെ നിർമിച്ച ഭിത്തിയാണ് മണ്ണിനൊപ്പം നിലംപതിച്ചത്. ഒരു പിക്കപ്പും രണ്ട് ഇരുചക്ര വാഹനങ്ങളുമാണ് മണ്ണിനടിയിലായത്.
പുലർച്ചെ 2.30ഓടെയാണ് കനത്ത മഴയിൽ ഭിത്തി ഇടിഞ്ഞു വീണത്. പെട്രോൾ പമ്പ് സ്ഥാപിക്കാൻ മണ്ണെടുത്ത് റോഡിനോട് ഒപ്പമെത്തിയിരുന്നു. കഴിഞ്ഞ വർഷവും ഇവിടെ മണ്ണിടിഞ്ഞിരുന്നു. അപകട സ്ഥലത്തിന് സമീപമുള്ള രണ്ടു വീട്ടുകാരോട് മാറി താമസിക്കാൻ തഹസിൽദാർ ആവശ്യപ്പെട്ടു.
അടിഭാഗം കോൺക്രീറ്റും മുകളിൽ വെട്ടുകല്ലും ഉപയോഗിച്ച് നാലാൾ പൊക്കത്തിലാണ് സംരക്ഷണ ഭിത്തി നിർമിച്ചത്. ഒരു ഭാഗത്ത് കൂടി മഴവെള്ളം കുത്തി ഒലിച്ചു വന്നത് അപകടത്തിന് കാരണമായെന്ന് പറയുന്നു. മഴ കൂടിയാൽ ഇനിയും അപകട ഭീഷണിയുണ്ടെന്ന് റവന്യൂ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. പെരിന്തൽമണ്ണ തഹസിൽദാർ ശ്രീകുമാർ, വില്ലേജ് ഓഫിസർ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.