കൊച്ചി: ഗോത്രവിഭാഗക്കാരെ പുനരധിവസിപ്പിച്ചിരിക്കുന്ന കണ്ണൂർ ആറളം ഫാമിൽ നിരന്തരം വന്യജീവി ആക്രമണമുണ്ടാകുന്നതിൽ സർക്കാർ വ്യക്തമായ വിശദീകരണം നൽകാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈകോടതി. ആറളത്ത് ഫോറസ്റ്റ് റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ ജാഗ്രത സമിതി പ്രവർത്തിക്കുന്നുണ്ടെന്നും കലക്ടറുടെ നേതൃത്വത്തിലെ സമിതി ഇത് വിലയിരുത്തുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച സത്യവാങ്മൂലം ഒട്ടും ഗൗരവമില്ലാത്തതാണെന്ന് വിമർശിച്ച് കോടതി തള്ളി.
വന്യജീവി ആക്രമണം തടയാൻ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളില്ലാതെ സത്യവാങ്മൂലം സമർപ്പിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഹരജി വീണ്ടും പരിഗണിക്കുന്ന ഏപ്രിൽ ഏഴിനകം കർമപദ്ധതികൾ വ്യക്തമാക്കുന്ന അധിക സത്യവാങ്മൂലം നൽകണമെന്നും വനം അഡീ. ചീഫ് സെക്രട്ടറിക്ക് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് നിർദേശം നൽകി.
2014 മുതൽ 14 പേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും ഇപ്പോൾ സ്ഥിതി നിയന്ത്രണവിധേയമാണെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. എന്നാൽ, ആറളം മേഖലയിൽ ഉന്നത ഉദ്യോഗസ്ഥൻ മേൽനോട്ടം നൽകുന്ന ആക്ഷൻ പ്ലാൻ വേണമെന്നും വന്യജീവി സാന്നിധ്യവും ജനങ്ങളുടെ പ്രതികരണങ്ങളും അറിയിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും നിർദേശിച്ചിരുന്നതായി കോടതി ചൂണ്ടിക്കാട്ടി.
ഹ്രസ്വ-ദീർഘകാല കർമ പദ്ധതികൾക്കുള്ള സമയപരിധി അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടികളൊന്നും സർക്കാറിന്റെ സത്യവാങ്മൂലത്തിലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, വിദഗ്ധരുടെ അഭിപ്രായങ്ങളോ ശാസ്ത്രീയ വിലയിരുത്തലുകളോ ഇല്ലാതെയാണ് ഇത് സമർപ്പിച്ചിരിക്കുന്നതെന്നും പറഞ്ഞു.
കോടതിയുടെ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് നൽകിയതെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞപ്പോൾ, ഇത് അഭിമുഖമല്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമർശനം. ആറളത്ത് വന്യജീവി ആക്രമണം തടയാനുള്ള നടപടികളാണ് വേണ്ടതെന്നും പറഞ്ഞു. തുടർന്നാണ് അധികസത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ചത്.
മനുഷ്യ-വന്യജീവി സംഘർഷം തടയാനുള്ള കേന്ദ്രസർക്കാർ മാർഗരേഖയും ആസൂത്രണ ബോർഡിന്റെ നിർദേശങ്ങളും ഉൾക്കൊണ്ടുവേണം കർമപദ്ധതി തയാറാക്കാനെന്നും വ്യക്തമാക്കി. ആറളം വിഷയത്തിൽ കണ്ണൂർ കലക്ടറുടെ നേതൃത്വത്തിൽ അവസാനം നടന്ന അഞ്ച് യോഗങ്ങളുടെ മിനിറ്റ്സ് ഹാജരാക്കാനും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.