സ്കൂൾ വിദ്യാർഥികളുടെ സമ്പൂർണ വിവരങ്ങളോടെ 'ഡിജിറ്റല്‍ സ്റ്റുഡന്‍റ് പ്രൊഫൈല്‍'

തിരുവനന്തപുരം: നിരന്തരം നവീകരിക്കുന്ന വിധത്തില്‍ ഓരോ കുട്ടിയുടെയും വ്യക്തി വിവര രേഖ 'ഡിജിറ്റല്‍ സ്റ്റുഡന്റ് പ്രൊഫൈല്‍' രൂപത്തില്‍ രേഖപ്പെടുത്താനും അവ വിശകലനം ചെയ്ത് മെച്ചപ്പെടുത്താനും 'സഹിതം' പദ്ധതിയില്‍ അവസരമൊരുക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. 'കുട്ടിയെ അറിയുക, കുട്ടിയെ വളര്‍ത്തുക' എന്ന ലക്ഷ്യത്തോടെ അധ്യാപകര്‍ കുട്ടികളുടെ മെന്‍റര്‍മാരാകുന്ന 'സഹിതം' പദ്ധതിയുടെ പോര്‍ട്ടലായ www.sahitham.kite.kerala.gov.in ന്‍റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മെന്‍ററിങ്ങിന്‍റെ ഭാഗമായി ഓരോ വിദ്യാര്‍ഥിയുടെയും അനുഗുണമായ സാമൂഹിക ശേഷികള്‍, ഭാഷാ ശേഷി, ഗണിത ശേഷി, സാമൂഹികാവബോധം, ശാസ്ത്രാഭിമുഖ്യം തുടങ്ങിയവ നിരന്തരം നിരീക്ഷിച്ച് 'സഹിതം' പോര്‍ട്ടലില്‍ രേഖപ്പെടുത്താന്‍ അധ്യാപകര്‍ക്ക് കഴിയും. 'സമ്പൂര്‍ണ' പോര്‍ട്ടലില്‍ ലഭ്യമായ അടിസ്ഥാന വിവരങ്ങള്‍ക്കു പുറമെ, കുട്ടിയുടെ സാമൂഹികവും സാംസ്കാരികവുമായ പശ്ചാത്തലം, കുടുംബാന്തരീക്ഷം, സവിശേഷ സഹായം ആവശ്യമുള്ള മേഖലകള്‍ തുടങ്ങിയവയെല്ലാം സ്റ്റുഡന്‍റ് പ്രൊഫൈലിന്‍റെ ഭാഗമായി മാറും. അധ്യാപകരുടെ ഗൃഹസന്ദര്‍ശനം കുട്ടിക്ക് വൈകാരികമായ അനുഭവം കൂടി സമ്മാനിക്കുമെന്ന് മന്ത്രി പറഞ്ഞു.

പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായി മുഴുവന്‍ അധ്യാപകർക്കും പരിശീലനം നല്‍കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു, കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത്, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ആർ.കെ. ജയപ്രകാശ്, യുനിസെഫ് സോഷ്യല്‍ പോളിസി സ്പെഷലിസ്റ്റ് അഖില രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags:    
News Summary - Digital student profile of kerala students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.