കൊച്ചി: നരബലി കേസിലെ പ്രതി ഷാഫി തന്നെ കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി സ്ത്രീയുടെ വെളിപ്പെടുത്തൽ. അമ്മയുടെ ചൈതന്യവും അനുഗ്രഹവും കിട്ടിയ ദമ്പതികൾ തിരുവല്ലയിലുണ്ടെന്ന് പ്രലോഭിപ്പിച്ചാണ് കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. തിരുവല്ലയിലെത്തിയാൽ ഒന്നര ലക്ഷം രൂപ ലഭിക്കുമെന്നും ഒരു ലക്ഷം ഷാഫിയെടുത്ത് 50,000 രൂപ തനിക്ക് തരാമെന്നുമാണ് പറഞ്ഞത്.
എന്നാൽ, വീട് വിട്ടുനിൽക്കാൻ പറ്റില്ലെന്നുപറഞ്ഞ് ഒഴിയാൻ ശ്രമിച്ചു. ഇതോടെ, രാവിലെ പോയി വൈകീട്ട് വരാമെന്ന് ഷാഫി പറഞ്ഞു. എന്നാൽ, താൽപര്യമില്ലെന്നുപറഞ്ഞ് ഒഴിയുകയായിരുന്നുവെന്നും അതുകൊണ്ട് ജീവൻ രക്ഷപ്പെട്ടെന്നുമാണ് ഇവർ പറയുന്നത്.
നരബലിക്കിരയായ രണ്ട് സ്ത്രീകളെയും ഷാഫി ഇത്തരത്തിൽ പ്രലോഭിപ്പിച്ചാണ് തിരുവല്ലയിലേക്ക് കൊണ്ടുപോയത്. മനുഷ്യക്കുരുതി നടത്താൻ നരബലിക്കേസിലെ മൂന്ന് പ്രതികളും ഗൂഢാലോചന നടത്തിയെന്നാണ് പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. പത്മത്തിന്‍റെ മൃതദേഹം 56 കഷണങ്ങളാക്കി ബക്കറ്റുകളിലാക്കിയാണ് കുഴിച്ചിട്ടത്. റോസ്‍ലിന്‍റെ മാറിടം ഭഗവൽസിങ് മുറിച്ച് മാറ്റിയതായും റിമാൻഡ് റിപ്പോർട്ടിലുണ്ട്. മൂന്ന് പ്രതികളെയും എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
വലിയ ഗൂഢാലോചനക്ക് ശേഷം നടത്തിയ മനസാക്ഷി മരവിപ്പിക്കുന്ന ക്രൂരകൃത്യമാണ് പ്രതികള്‍ നടത്തിയത്. റോസ്‍ലിൻ്റെ കൈകാലുകൾ കട്ടിലിൽ കെട്ടിയിട്ടതായും വായിൽ തുണി തിരുകി ജീവനോടെ സ്വകാര്യ ഭാഗത്ത് മൂന്നാം പ്രതി കത്തി കുത്തിയിറക്കിയതായും ശേഷം കഴുത്തറുത്തതായും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. രണ്ടാം പ്രതി റോസ്‍ലിന്‍റെ സ്വകാര്യ ഭാഗവും മാറിടവും മുറിച്ചുമാറ്റി. മൃതദേഹം കഷണങ്ങളാക്കി ബക്കറ്റിൽ വീടിന്‍റെ കിഴക്ക് വശത്തെ കുഴിയിലിട്ടു. സമാനമായ രീതിയിൽ പത്മയെയും കൊലപ്പെടുത്തി. മൃതദേഹങ്ങള്‍ 56 കഷണങ്ങളാക്കി ബക്കറ്റുകളിലാക്കിയാണ് കുഴിച്ചിട്ടത്.
പൊലീസ് അന്വേഷണമെത്താതിരിക്കാൻ കൊലപാതകത്തിന് മുൻപ് തന്നെ വലിയ ആസൂത്രണമാണ് നടന്നത്. സ്ത്രീകളെ ഇലന്തൂരിൽ എത്തിക്കുമ്പോൾ പ്രതി ഷാഫി ഫോൺ ഉപയോഗിച്ചിരുന്നില്ല. കണിശതയോടെ കുറ്റകൃത്യം ചെയ്യുന്ന കുറ്റവാളിയെന്നാണ് ഷാഫിയെ പൊലീസ് വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.