തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിൽ നിലവിലുള്ള അധ്യാപകർക്ക് പി.ജി അധ്യാപനത്തിനുള്ള വെയ്റ്റേജ് തുടരാൻ അനുമതി നൽകി ഉത്തരവ്.2020 മേയ് 31വരെ നിയമപ്രകാരം നടത്തിയ നിയമനങ്ങൾക്ക് പി.ജി വെയ്റ്റേജ് പരിഗണിച്ച് നിയമനാംഗീകാരം നൽകും.
എന്നാൽ, 2020 ജൂൺ ഒന്നു മുതൽ നടത്തിയ നിയമനങ്ങൾക്ക് പി.ജി വെയ്റ്റേജ് പ്രകാരമുള്ള ജോലിഭാരം പരിഗണിക്കില്ല. പുതിയ നിയമനങ്ങൾക്കെല്ലാം 16 മണിക്കൂർ ജോലിഭാരം നിർബന്ധമായിരിക്കും. ആഴ്ചയിൽ 16 മണിക്കൂർ ജോലിഭാരമുണ്ടെങ്കിൽ ഒരു തസ്തികയും അധികമായി ഒമ്പത് മണിക്കൂറോ അതിലധികമോ ജോലിഭാരമുണ്ടെങ്കിൽ രണ്ടാമത്തെ തസ്തികയും സൃഷ്ടിക്കാമെന്ന് 2018 മേയ് ഒമ്പതിനിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
പി.ജി ക്ലാസുകളിലെ ഒരു മണിക്കൂർ അധ്യയനം ഒന്നര മണിക്കൂറായി പരിഗണിച്ചുള്ള വെയ്റ്റേജ് തുടരുമെന്ന് ഉത്തരവിൽ വ്യക്തമാക്കി. എന്നാൽ, ധനവകുപ്പിെൻറ ഇടപെടലിനെ തുടർന്ന് പി.ജി വെയ്റ്റേജ് റദ്ദാക്കിയും അധിക തസ്തികക്കും 16 മണിക്കൂർ നിർബന്ധമാക്കിയും 2020 ഏപ്രിൽ ഒന്നിന് സർക്കാർ ഉത്തരവിറക്കി.
ഇതോടെ അധ്യാപകരുടെ ജോലിഭാരം പുനർനിർണയിക്കാൻ കോളജ് വിദ്യാഭ്യാസ ഡയറക്ടറും നിർദേശം നൽകി. നിലവിലുള്ള അധ്യാപകർ അധികമാകാനും ഭാവിയിലെ നിയമന സാധ്യതകൾ ഇല്ലാതാക്കാനും വഴിവെക്കുന്ന ഏപ്രിൽ ഒന്നിലെ ഉത്തരവിനെതിരെ വ്യാപക പ്രതിേഷധം ഉയർന്നിരുന്നു.
ഇതിനിടെയാണ് ഏപ്രിൽ ഒന്നിലെ ഉത്തരവിൽ ഇളവ് അനുവദിക്കാൻ ധനവകുപ്പ് തയാറായത്. ഇതുപ്രകാരമാണ് നിലവിലുള്ള അധ്യാപകർക്ക് പി.ജി വെയ്റ്റേജ് നിലനിർത്തിയും ജോലിഭാരത്തെ ബാധിക്കാതെയും ഏപ്രിൽ ഒന്നിലെ ഉത്തരവിൽ ഭേദഗതിവരുത്തി വെള്ളിയാഴ്ച ഉത്തരവിറങ്ങിയത്.
2020 ജൂൺ ഒന്നിനു ശേഷം നടത്തുന്ന നിയമനത്തിന് 16 മണിക്കൂർ ജോലിഭാരം നിർബന്ധമായിരിക്കും. ഇവരുടെ ജോലിഭാരം നിർണയിക്കുന്നതിന് പി.ജി വെയ്റ്റേജ് അനുവദിക്കുകയുമില്ല. ഉത്തരവോടെ കോളജുകളിൽ അധ്യാപനത്തിന് പി.ജി വെയ്റ്റേജ് ലഭിക്കുന്ന അധ്യാപകരും ലഭിക്കാത്ത അധ്യാപകരും എന്ന രണ്ടുതരം അധ്യാപകരുണ്ടാകും.
വിരമിക്കുന്ന ഒഴിവുകളിലേക്കുൾപ്പെടെയുള്ള പുതിയ നിയമനങ്ങൾെക്കല്ലാം ജോലിഭാരം ഉയർത്തുകയും പി.ജി വെയ്റ്റേജ് ഒഴിവാക്കുകയും ചെയ്തത് ഭാവിയിൽ കോളജുകളിലെ തസ്തികകളുടെ എണ്ണം വൻതോതിൽ കുറയാനും വഴിവെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.