കൽപറ്റ: ഇന്ന്, ഡിസംബർ മൂന്നിന് ലോക ഭിന്നശേഷി ദിനം. അപ്പോഴും ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ കൈക്കലാക്കി വ്യാജഭിന്നശേഷിക്കാർ സംസ്ഥാനത്ത് സർക്കാർ ജോലികളിൽ തുടരുന്നു. 1995ലെ കേന്ദ്രനിയമത്തിനനുസരിച്ച് ഭിന്നശേഷിക്കാർക്കായി സംസ്ഥാനത്ത് നടപ്പാക്കിയ പ്രത്യേക നിയമനം വഴിയാണ് വ്യാജസർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ച് നിരവധി പേർ സർവിസിൽ കയറിപ്പറ്റിയത്. ഭിന്നശേഷിക്കാരുടെ സംഘടനകൾ നിയമപോരാട്ടമടക്കം നടത്തിയിട്ടും വ്യാജന്മാർ സർവിസിൽ തുടരുക തന്നെയാണ്. 1995ലാണ് അംഗപരിമിതര്‍ക്കുള്ള നിയമം (പേഴ്സൺസ് വിത്ത് ഡിസ്എബിലിറ്റി ആക്റ്റ്) ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കുന്നത്. അതുവരെ ഭരണഘടനാസാധുതയുള്ള നിയമങ്ങളൊന്നും ഇവര്‍ക്കായി ഇല്ലാതിരുന്നതിനാൽ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ എക്സിക്യൂട്ടിവ് ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ഭിന്നശേഷിക്കാർക്ക് ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നത്.
കേന്ദ്രനിയമം വന്നതോടെ കേരളത്തിലും ഭിന്നശേഷിക്കാരെ ഓര്‍ത്തോ, ബധിര-മൂകവിഭാഗം, അന്ധര്‍ എന്നിങ്ങനെ മൂന്ന് വിഭാഗക്കാരായി തിരിച്ച് സർക്കാർ ഒഴിവുകളിൽ നിയമനം നൽകിത്തുടങ്ങുകയായിരുന്നു. ഓരോ ജില്ലകളിലെയും ജനസംഖ്യ അനുസരിച്ചാണ് നിയമനം നടത്തിയിരുന്നത്. ഇത്തരത്തിൽ സംസ്ഥാനത്താകമാനം വർഷത്തിൽ 152 പേരെയാണ് നിയമിച്ചിരുന്നത്. വയനാട്ടിൽ വർഷം ഒമ്പതുപേരെയാണ് ഇത്തരത്തിൽ നിയമിച്ചിരുന്നത്.
എന്നാൽ, ഡോക്ടർമാരിൽനിന്ന് ബധിരൻ, മൂകൻ എന്നിങ്ങനെ സർട്ടിഫിക്കറ്റുകൾ തരപ്പെടുത്തിയാണ് വൈകല്യമില്ലാത്ത നിരവധി പേർ സർവിസിൽ കയറിയത്. വയനാട്ടിൽ 21 പേരാണ് ഇത്തരത്തിൽ ജോലി നേടിയത്. പിന്നീട് 2004ലാണ് ഭിന്നശേഷിക്കാർക്കുള്ള സ്ഥിരം സംവരണ നിയമനങ്ങള്‍ കേരള സര്‍ക്കാര്‍ നിയമഭേദഗതിയിലൂടെ പി.എസ്.സിക്ക് കൈമാറിയത്. എന്നാൽ, ഇതിനകം വൈകല്യമുണ്ടെന്ന വ്യാജ്യേന നിരവധി പേർ വിവിധ ജില്ലകളിൽ സർവിസിൽ കയറിയിരുന്നു. ഇതിനെതിരെ ഡിഫറൻറ്ലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ (ഡി.എ.ഡബ്ല്യു.എഫ്) നിയമനടപടിയടക്കം സ്വീകരിച്ചതോടെ 2010ൽ സർക്കാർ നടപടി സ്വീകരിച്ചു.
ഇത്തരക്കാർ വൈകല്യമുണ്ടെന്ന് അഭിനയിക്കുകയാണെന്നാണ് അന്വേഷണ കമീഷൻ കണ്ടെത്തിയത്. തുടർന്ന് പലർക്കുമെതിരെ നടപടി വന്നുവെങ്കിലും നിരവധി പേർ ഇപ്പോഴും സർവിസിൽ തുടരുകയാണ്. ഇവർക്കെതിരെ നിയമനടപടികളടക്കം തുടരാനാണ് ഭിന്നശേഷിക്കാരുടെ സംഘടനകളുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.