തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി കേരളത്തിന് അനിവാര്യമെന്ന് സച്ചിദാനന്ദൻ അടക്കമുള്ള എഴുത്തുകാർ. കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാമൂഹികമേഖലകളിലെ വികസനത്തിനും സമഗ്രമായ പശ്ചാത്തല സൗകര്യവികസനം അനിവാര്യമാണെന്ന് തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് ആർഡ് ഇൻഡസ്ട്രിയുടെ പ്രസ്താവനയിലാണ് സാമൂഹ്യ, സാസ്കാരിക, സാഹിത്യ, വ്യവസായ മേഖലയിലെ പ്രമുഖർ ഒപ്പുവെച്ചത്.
80 ശതമാനം പൂർത്തീകരിക്കപ്പെട്ട വിഴിഞ്ഞം തുറമുഖ പദ്ധതി പോലുള്ള പശ്ചാത്തല സൗകര്യവികസന പദ്ധതി നിർത്തി വയ്ക്കണമെന്ന് പറയുന്നത് സംസ്ഥാന താത്പര്യത്തിന് തീർത്തും എതിരാണ്. വർഷങ്ങളോളം നീണ്ട പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് 2015ല്‍ അന്നത്തെ സർക്കാർ വിഴിഞ്ഞം പദ്ധതിക്കായി കരാർ ഒപ്പുവെച്ചത്.
അന്താരാഷ്ട്ര കപ്പല്‍ പാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന പ്രകൃതിദത്ത തുറമുഖം ഒരു അന്താരാഷ്ട്ര ആഴക്കടല്‍ വിവിധോദേശ്യ തുറമുഖമായി വികസിപ്പിക്കുന്നതിനുള്ള സാധ്യതയാണ് തുറന്നുതരുന്നത്. കേരളത്തിന്, കേരളീയ ജനസമൂഹത്തിന് വികസന സാധ്യതകളുടെ വാതായനം തുറക്കുന്ന മെഗാ പദ്ധതിയുടെ പൂർത്തീകരണ വേളയിൽ പദ്ധതിക്കെതിരെ പ്രതിഷേധവും അക്രമ സമരവും ഉണ്ടാകുന്നത് യുക്തിക്ക് നിരക്കാത്തതും അപലപനീയവുമാണ്.
പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കാതിരിക്കാൻ എല്ലാവരും സഹകരിക്കണം. തീരദേശ നിവാസികളായ മത്സ്യത്തൊഴിലാളികളുടെ ആശങ്കകളും പ്രശ്നങ്ങളും പരിഹരിക്കപ്പെടണം. പദ്ധതി നടപ്പിലാക്കാനായി മത്സ്യത്തൊഴിലാളികൾക്കു സർക്കാർ നൽകിയ വാഗ്ദാനങ്ങൾ അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കണം. അവരുടെ ക്ഷേമം ഉറപ്പുവരുത്തേണ്ടത് നമ്മുടെ ധാർമിക ഉത്തരവാദിത്വമാണ്. മുക്കാല്‍ ഭാഗത്തിലധികം പൂർത്തിയായ വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമായി തീരുകയും വേണം. ഈ പദ്ധതി വേഗം തന്നെ പൂർത്തീകരിക്കാന്‍ ജനപിന്തുണയുണ്ടാകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സച്ചിദാനന്ദനെ കൂടാതെ എൻ.എസ് മാധവൻ, എം മുകുന്ദൻ, കെ.ഇ.എൻ, സേതു, വൈശാഖൻ പ്രഫ. എം.കെ സാനു തുടങ്ങിയ എഴുത്തുകാരും അശ്വതി തിരുനാൾ ലക്ഷ്മി ഭായി തമ്പുരാട്ടി, കെ.എം ചന്ദ്രശേഖർ, ടി.കെ നായർ, ക്രിസ് ഗോപാലകൃഷ്ണൻ, പോൾ ആന്റ്ണി, ജിജി തോംസൺ, ടി.പി ശ്രീനിവാസൻ, ജി. വിജയരാഘവൻ, ശശികുമാർ, ജി. ശങ്കർ,വി.എൻ മുരളി, അശോകൻ ചെരുവിൽ, കമൽ, രഞ്ജിത്ത്, ഷാജി എൻ കരുൺ, ജി.പി രാമചന്ദ്രൻ, എൻ. മാധവൻ കുട്ടി, വി.കെ ജോസഫ് തുടങ്ങിയവരാണ് പ്രസ്തവനയിൽ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.