പത്തനംതിട്ട: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തങ്ങളുടെ പ്രവർത്തരുടേതടക്കം വ്യാജ തിരിച്ചറിയൽ കാർഡുകൾ വ്യാപകമായി നിർമിച്ചെന്ന പരാതിയുമായി ഡി.വൈ.എഫ്.ഐ. തെരഞ്ഞെടുപ്പ് കമീഷൻ നൽകിയിട്ടുള്ള തിരിച്ചറിയിൽ കാർഡിനു സമാനമായ രീതിയിലാണ് കാർഡുകൾ നിർമിച്ചിട്ടുള്ളത്. പന്തളം നഗരസഭ മങ്ങാരം, ചേരിക്കൽ വാർഡുകളിലെ എട്ട് യുവാക്കളുടെ വോട്ടർ തിരിച്ചറിയൽ കാർഡുകൾ ഇത്തരത്തിൽ നിർമിച്ചതായി ഡി.വൈ.എഫ്.ഐ ജില്ല ജോയന്റ് സെക്രട്ടറി എൻ.സി. അഭീഷ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഡി.വൈ.എഫ്.ഐ പന്തളം ബ്ലോക്ക് കമ്മിറ്റി അംഗം വക്കാസ് അമീറിന്റെ തിരിച്ചറിയൽ കാർഡ് ഇത്തരത്തിൽ വ്യജമായി നിർമിച്ചത് തിരുവനന്തപുരം മ്യൂസിയം പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വക്കാസ് അമീറിന്റെ മൊഴി മ്യൂസിയം പൊലീസ് രേഖപ്പെടുത്തിയിരുന്നു. യൂത്ത് കോൺഗ്രസുമായി തനിക്ക് ബന്ധമില്ലെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ താൻ പങ്കാളിയായിട്ടില്ലെന്നും വക്കാസ് പറഞ്ഞു. പന്തളം പൊലീസിൽ വക്കാസ് പരാതിയും നൽകി.
മ്യൂസിയം പൊലീസ് നടത്തിയ അന്വേഷണത്തിൽ പന്തളത്തെ ലോഡ്ജ് മുറിയിൽനിന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകരായ എ. അഭിജിത്ത് രാജ്, അഖിൽ കൃഷ്ണൻ, അജ്മൽ ജലാൽ എന്നിവരുടേതടക്കം എട്ട് വ്യാജ കാർഡുകൾ കണ്ടെത്തിയിരുന്നു. ഇവരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. വ്യാജ കാർഡുകൾ നിർമിച്ചെന്ന് ആരോപിച്ച് ഇവർ പൊലീസിൽ പരാതിയും നൽകി. വ്യാജ കാർഡ് നിർമിച്ചവരെ കണ്ടെത്തി ശിക്ഷാനടപടി ഉറപ്പാക്കണമെന്ന് ഡി.വൈ.എഫ്.ഐ പന്തളം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എച്ച്. ശ്രീഹരി, സെക്രട്ടറി എസ്. സന്ദീപ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.