മലപ്പുറം: മുസ്ലിം യൂത്ത് ലീഗും എം.എസ്.എഫും ദേശീയ സംഘടനകളാകുന്നു. ഡിസംബര്‍ ആദ്യവാരം ബംഗളൂരുവില്‍ നടക്കുന്ന പ്രഥമ ദേശീയ സമ്മേളനത്തില്‍ യൂത്ത് ലീഗിനും ഡിസംബര്‍ 17ന് പാലക്കാട്ട് നടക്കുന്ന ദേശീയ സമ്മേളനത്തില്‍ എം.എസ്.എഫിനും ദേശീയ കമ്മിറ്റികള്‍ നിലവില്‍ വരും.
തെരഞ്ഞെടുപ്പ് കമീഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കേരള സ്റ്റേറ്റ് മുസ്ലിം ലീഗിന്, ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് എന്ന രീതിയില്‍ അംഗീകാരം ലഭിച്ചശേഷം ചെന്നൈയില്‍ ചേര്‍ന്ന ദേശീയ കൗണ്‍സിലിലാണ് പോഷകസംഘടനകള്‍ക്ക് ദേശീയ ഘടകങ്ങള്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ചത്. നേരത്തെ ഇന്ത്യന്‍ യൂനിയന്‍ വിമന്‍സ് ലീഗിനും സ്വതന്ത്ര ട്രേഡ് യൂനിയനും (എസ്.ടി.യു) ദേശീയ കമ്മിറ്റികള്‍ നിലവില്‍ വന്നിരുന്നു.
യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെ അധ്യക്ഷനാക്കാന്‍ നീക്കമുണ്ട്. രാഷ്ട്രീയ പ്രവേശനത്തിനുള്ള താല്‍പര്യം അടുത്ത സുഹൃത്തുക്കളോട് തങ്ങള്‍ പ്രകടിപ്പിച്ചിരുന്നെങ്കിലും യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയാല്‍ തങ്ങളെ ഇകഴ്ത്തലാകുമെന്ന കാരണം പറഞ്ഞ് ലീഗ് നേതൃത്വം പച്ചക്കൊടി കാട്ടിയില്ല. ദേശീയ കാഴ്ചപ്പാടുള്ള മുനവ്വറലി തങ്ങളെ അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവന്ന് രാഷ്ട്രീയ പ്രവേശനം സാധ്യമാക്കിയാല്‍ യുവാക്കളെയും പുതുതലമുറയെയും ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
തമിഴ്നാട്, കര്‍ണാടക, ഡല്‍ഹി, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ യൂത്ത് ലീഗിന് യൂനിറ്റുകളുണ്ട്. മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പിന് ആനുപാതികമായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കൂടി പങ്കെടുക്കുന്ന സമ്മേളനത്തിലാണ് ദേശീയ കമ്മിറ്റി നിലവില്‍ വരിക. പി.എം. സാദിഖലി ചെയര്‍മാനും സി.കെ. സുബൈര്‍ കണ്‍വീനറുമായ സമിതിക്കാണ് കമ്മിറ്റി രൂപവത്കരണ സമ്മേളനത്തിന്‍െറ ചുമതല.
ടി.പി. അഷ്റഫലി കണ്‍വീനറും എം. അന്‍സാരി (തമിഴ്നാട്), സാബിര്‍ ഗഫാര്‍ (പശ്ചിമ ബംഗാള്‍) എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് എം.എസ്.എഫ് സമ്മേളനത്തിന് ചുക്കാന്‍ പിടിക്കുന്നത്. യൂത്ത് ലീഗിന്‍െറ പുതിയ സംസ്ഥാന കമ്മിറ്റി ഈ മാസം 10 മുതല്‍ 12 വരെ കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സമ്മേളനത്തെ തുടര്‍ന്ന് ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ നിലവില്‍ വരും.
സമവായത്തിലൂടെയാകുമിത്. പി.കെ. ഫിറോസ് പ്രസിഡന്‍റും എം.എ. സമദ് ജന. സെക്രട്ടറിയുമാകണമെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.