പയ്യോളി (കോഴിക്കോട്): വ്യാജ ലോൺ ആപ്പ് തട്ടിപ്പിൽ യുവാവിന് പണം നഷ്ടമായി. പയ്യോളി സ്വദേശിയായ സായൂജിനാണ് വ്യാജ ലോൺ ആപ്ലിക്കേഷൻ വഴി വായ്പക്ക് അപേക്ഷിച്ചപ്പോൾ പണം നഷ്ടമായത്. 50,000 രൂപ വായ്പക്ക് അപേക്ഷിച്ച സായൂജിന് ഒടുവിൽ വിവിധ ഘട്ടങ്ങളിലായി 82,240 രൂപയാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ പയ്യോളി കറുവക്കണ്ടി മീത്തൽ ശ്രീകാന്തിനെ (38) പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സായൂജിന് വായ്പ അനുവദിക്കാനായി സിബിൽ സ്കോർ മെച്ചപ്പെടുത്താനും ബിസിനസ് അക്കൗണ്ട് തുടങ്ങാനുമായി വിവിധ സന്ദർഭങ്ങളിലായി ആകെ 82,240 രൂപ ശ്രീകാന്തിന് കൈമാറിതായാണ് പരാതി. പ്രതിയുടെ അക്കൗണ്ടിൽ സായൂജിന്‍റെ തുക കൂടാതെ അഞ്ച് ലക്ഷത്തോളം രൂപ വന്നതായും കമീഷൻ കഴിച്ചുള്ള ബാക്കി തുക പ്രതി മറ്റൊരാൾക്ക് കൈമാറിയതായും പൊലീസ് കണ്ടെത്തി.
ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾക്ക് അക്കൗണ്ട് എടുത്തു കൊടുത്ത് സഹായിക്കുന്ന നിരവധി പേർ ഒരു മാസത്തിനിടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ അറസ്റ്റിലായിട്ടുണ്ടെന്നും സൈബർ ക്രൈം പൊലീസിന്‍റെ സഹായത്തോടെ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.