കൊച്ചി: റോഡുകളിലെ സീബ്രാലൈനുകളിൽ പ്രഥമ പരിഗണന കാൽനടക്കാർക്കും ഇവിടെയുണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം അപകടമുണ്ടാക്കിയ വാഹനത്തിന്‍റെ ഡ്രൈവർക്കുമാണെന്നും ഹൈകോടതി. സീബ്രാ ക്രോസിങ്ങിൽ കാൽനടക്കാരന്‍റെ അവകാശം സംബന്ധിച്ച് ഒരു തർക്കത്തിനും സ്ഥാനമില്ല. കാൽനടക്കാർ സീബ്രാലൈനിലൂടെ പോകുമ്പോൾ വാഹനത്തിന്‍റെ വേഗം കുറക്കാനും നിർത്തിക്കൊടുക്കാനും ഡ്രൈവർക്ക് ബാധ്യതയുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
സീബ്രാലൈനിൽ അപകടത്തിൽ മരിച്ച സ്ത്രീയുടെ ബന്ധുക്കൾക്ക് 48.3 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന തലശ്ശേരി മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവ് ചോദ്യം ചെയ്ത് ഇൻഷുറൻസ് കമ്പനി നൽകിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം.
ഡോറീന റോള മെൻഡൻസ എന്ന എൽ.പി സ്കൂൾ പ്രധാനാധ്യാപിക കണ്ണൂർ ചെറുകുന്ന് ദേശീയ പാതയിൽ സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുമ്പോൾ 2015 ഫെബ്രുവരി 10ന് പൊലീസ് വാഹനം ഇടിച്ചുവീഴ്ത്തുകയായിരുന്നു. പിന്നീട് ആശുപത്രിയിൽ മരിച്ചു. ഇതിലൂടെ കുടുംബത്തിനുണ്ടായ നഷ്ടം വിലമതിക്കാനാകാത്തതാണെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. 1989ലെ റോഡ് റഗുലേഷൻ ചട്ടമനുസരിച്ച് സീബ്രാലൈനുകളിൽ വാഹനങ്ങൾ വേഗം കുറച്ച് കാൽനടക്കാർക്ക് സൗകര്യമൊരുക്കണമെന്നാണ് വ്യവസ്ഥ.
എന്നാൽ, റോഡപകടത്തിന് ഇരയാകുന്നയാളെ കുറ്റാരോപിതനാക്കുന്ന പ്രവണതയുണ്ട്. നമ്മുടെ റോഡുകളിൽ കാൽനടക്കാർക്ക് സുരക്ഷയില്ലാത്ത അവസ്ഥയാണ്. അപൂർവമായി മാത്രമേ റോഡ് കുറുകെ കടക്കുന്നതിനുള്ള അടയാളങ്ങളുള്ളൂ. ഡ്രൈവർമാർക്ക് റോഡ് സുരക്ഷയെക്കുറിച്ച അറിവില്ലായ്മ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. റോഡ് കുറുകെ കടക്കാവുന്ന രീതിയിൽ പ്രധാന റോഡുകളിൽ സീബ്രാലൈനുകൾ ക്യത്യമായി രേഖപ്പെടുത്തണം.
മക്കൾ പ്രായപൂർത്തിയായെന്നും അതിനാൽ മരിച്ചയാളുടെ ആശ്രിതരല്ലെന്നുമുള്ള ഇൻഷുറൻസ് കമ്പനിയുടെ വാദം അത്ഭുതപ്പെടുത്തുന്നുവെന്ന് അഭിപ്രായപ്പെട്ട കോടതി, ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് വിലയിരുത്തി. മറ്റാരേക്കാളും നിയമം പാലിക്കാൻ ബാധ്യസ്ഥനാണ് പൊലീസുകാരൻ. പൊലീസ് വാഹനമാണ് ഇവിടെ അപകടമുണ്ടാക്കിയത്.
ട്രൈബ്യൂണലിന്‍റെ കണ്ടെത്തലിൽ അപാകതയില്ലെന്ന് വ്യക്തമാക്കിയ കോടതി, ട്രൈബ്യൂണൽ വിധിച്ച നഷ്ടപരിഹാരത്തുക ആശ്രിതർക്ക് ഉടൻ നൽകാൻ ഉത്തരവിട്ടു. ചീഫ് സെക്രട്ടറിക്കും ദേശീയ പാത അതോറിറ്റിക്കും പൊതുമരാമത്ത് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ഉത്തരവ് അയച്ചുകൊടുക്കാനും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.