സംരംഭകത്വ യാത്ര ആരംഭിക്കുന്നത് ആവേശകരവും പ്രവചനാതീതവുമായ ഒരു സാഹസികതയിലേക്കു കടക്കുന്നതിന് തുല്യമാണ്. നമ്മുടെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും സാക്ഷാത്കരിക്കാനുള്ള പ്രയത്നങ്ങളുടെ ഒരു പാതയാണ്. നൂതന ആശയങ്ങളെ മൂർത്തമായ യാഥാർഥ്യങ്ങളാക്കി മാറ്റി ഭാവി രൂപപ്പെടുത്താനുള്ള ശ്രമമാണത്. അതിലെ ഓരോ വെല്ലുവിളിയും അതിരുകളും ചിന്തകളും ഭേദിച്ചു പുരോഗതിയിലേക്കുള്ള ചുവടുകളായി മാറുന്നു.
സംരംഭകത്വ പാത റിസ്കും റിവാർഡും നിറഞ്ഞതാണ്. അവിടെ നിശ്ചയദാർഢ്യം പ്രതികൂല സാഹചര്യങ്ങളുടെ മേൽ വിജയം നെയ്തെടുക്കുന്നു. ആദ്യമായി സംരംഭകത്വത്തിലേക്കു കടക്കുകയാണെങ്കില്‍ വിജയം ഉറപ്പാക്കാന്‍ പരിഗണിക്കേണ്ട നിരവധി ഘടകങ്ങളുണ്ട്. അക്കാര്യങ്ങളറിയാം...
വിജയത്തിന് പാഷൻ മാത്രം പോരാ
‘‘ഫോളോ യുവർ പാഷൻ/ഡ്രീം’’ എന്നാണ് പുതു ജനറേഷന്‍റെ മുദ്രാവാക്യം. പലരും ഒരു പാഷന്‍റെ അല്ലെങ്കിൽ സ്വപ്നത്തിന്‍റെ പുറത്ത് സംരംഭങ്ങൾ തുടങ്ങാറുണ്ട്. അതുകൊണ്ടുമാത്രം വിജയിക്കണമെന്നില്ല. പ്രതിസന്ധികളും പ്രശ്നങ്ങളും മറികടക്കാനുള്ള ആർജവവും ക്ഷമയും ഉണ്ടെങ്കിൽ മാത്രമേ സംരംഭങ്ങൾ വിജയിക്കൂ.
പോസിറ്റിവ് മനോഭാവം, നേതൃപാടവം തുടങ്ങിയ ഗുണങ്ങളും ആവശ്യമാണ്. നാം ആരംഭിച്ച സംരംഭത്തിൽതന്നെ സ്ഥിരോത്സാഹത്തോടെ ഉറച്ചുനിന്നു മുന്നോട്ടുപോകുക, കാലത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തുക (Persistence and perseverance) തുടങ്ങിയവ ചെയ്താൽ മാത്രമേ ബിസിനസുകൾക്ക് പുരോഗതിയുണ്ടാവൂ.
എന്തുകൊണ്ട് സംരംഭം
● ഏതു സമയത്തും ഏതൊരാൾക്കും ബിസിനസ് തുടങ്ങാം.
● നാമൊരു ബിസിനസ് തുടങ്ങി പുരോഗതിയുണ്ടായാൽ അത് നമ്മുടെ ജീവിതത്തെയും മറ്റുള്ളവരുടെ ജീവിതത്തെയും സ്വാധീനിക്കും. ധാരാളം ആളുകൾക്ക് ജോലി നൽകാൻ സാധിക്കും.
● സമൂഹത്തിന് ആവശ്യമുള്ള ഉൽപന്നങ്ങൾ നിർമിക്കുന്നു. അല്ലെങ്കിൽ സർവിസുകൾ നൽകുന്നു.
● സംരംഭകനും സമൂഹവും സാമ്പത്തികമായി വളരുന്നു. നാം രാജ്യ നിർമിതിയുടെ ഭാഗമായിത്തീരുന്നു.
● ലോകത്ത് സമൃദ്ധിയും സന്തോഷവും സൃഷ്ടിക്കാൻ നമ്മൾ കാരണമായിത്തീരുന്നു.
● സംരംഭകരും കമ്പനികളുമാണ് ഇന്നത്തെ കാലത്ത് പുതു കണ്ടുപിടിത്തങ്ങൾ നടത്തുന്നത്.
● രാജ്യാന്തര രാഷ്ട്രീയത്തിൽവരെ സംരംഭകർക്ക് വലിയ സ്വാധീനമാണ് എക്കാലത്തും നിലനിൽക്കുന്നത്.
സംരംഭകന്‍റെ ഗുണങ്ങൾ
● വിഷനറി ലീഡർഷിപ്: ദീർഘവീക്ഷണത്തോടെ കാര്യങ്ങളെ വലുതായി കാണാനും നയിക്കാനുമുള്ള കഴിവ്. വലിയ സ്വപ്നങ്ങൾ കാണുക.
● വെല്ലുവിളികളെ സ്വീകരിക്കാനും നേരിടാനുമുള്ള കരുത്ത്. റിസ്കുകൾ കണക്കിലെടുക്കുക. അനിശ്ചിതത്വങ്ങളെ അഭിമുഖീകരിക്കുക.
● പരാജയത്തിൽനിന്നും വിജയത്തിൽനിന്നും പുതിയ കാര്യങ്ങൾ പഠിക്കുക.
● പ്രശ്നങ്ങളെ പ്രതിരോധിക്കാനും അവ പോസിറ്റിവ് മനോഗതിയോടെ പരിഹരിച്ച് മുന്നോട്ടുപോകാനുമുള്ള കഴിവ്.
● നൂതന ചിന്തകൾ: ക്രിയാത്മക മനസ്സോടുകൂടി പ്രശ്നങ്ങളെ നവീന രീതിയിൽ പരിഹരിക്കാനുള്ള കഴിവ്. പ്രോഡക്ട്, പ്രോസസ് തുടങ്ങിയവയിലെല്ലാം ഭാവി മുന്നിൽകണ്ട് മാറ്റങ്ങൾ വരുത്താനും ആവശ്യമായ സാങ്കേതികവിദ്യകളും മറ്റും ഉൾച്ചേർക്കാനുമുള്ള കഴിവ്.
● ഫിനാൻസ് കൈകാര്യംചെയ്യാനുള്ള കഴിവ്: ദൈനംദിന പ്രവർത്തനത്തിനും ദീർഘകാലത്തേക്കും ആവശ്യമായ ബജറ്റ് പ്ലാൻ ചെയ്യുക. സുസ്ഥിര വളർച്ചക്ക് ആവശ്യമായ സ്ട്രാറ്റജിക് തീരുമാനങ്ങളെടുക്കുക. സാമ്പത്തിക അച്ചടക്കമുണ്ടാകണം.
● നെറ്റ്‌വർക്കുകൾ: സംരംഭകർക്ക് ധാരാളം വ്യക്തികളുമായും സ്ഥാപനങ്ങളുമായും ഊഷ്മള ബന്ധം ഉണ്ടാകണം. മികച്ച പ്രഫഷനൽ ബന്ധങ്ങളിലൂടെ ബിസിനസിന് ആവശ്യമായ അവസരങ്ങൾ, സഹകരണങ്ങൾ, മെന്റർഷിപ്പുകൾ തുടങ്ങിയവ ഉണ്ടാക്കണം.
മാർക്കറ്റ് മനസ്സിലാക്കുക
● മാർക്കറ്റിൽ പ്രസ്തുത ബിസിനസിന്‍റെ സാധ്യത (Market study) പഠിച്ചശേഷം മാത്രമേ തുടങ്ങാവൂ.
● കുറഞ്ഞ എണ്ണം സാമ്പിളുകൾ ഉണ്ടാക്കി ഒരു മാർക്കറ്റിൽ അവ വിൽപന നടത്തി നോക്കുക. നമ്മുടെ പ്രോഡക്ട് മാർക്കറ്റിന് ഫിറ്റാണ് (PMF-Product Market Fit) എന്ന് തിരിച്ചറിഞ്ഞശേഷം മാത്രം ഉയർന്ന അളവിൽ പ്രൊഡക്ഷൻ തുടങ്ങാം.
● സേവനമാണ് (Service) നമ്മുടെ കമ്പനി നൽകാൻ ഉദ്ദേശിക്കുന്നതെങ്കിൽ ആ സേവനത്തിനും ആവശ്യക്കാർ ഉണ്ടെന്ന് ഉറപ്പുവരുത്തണം.
● തുടക്കംകുറിക്കുന്ന ഏതു സംരംഭത്തെക്കുറിച്ചും നമുക്ക് വ്യക്തമായ അറിവുണ്ടാകണം.
സംരംഭം തുടങ്ങാൻ എത്ര പണം വേണം?
● ചെറിയ തുക മുതൽ കോടികൾ വരെ ഉപയോഗിച്ച് സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും. നമ്മുടെ പ്രോജക്ട് അല്ലെങ്കിൽ ഉൽപന്നങ്ങൾ അനുസരിച്ച് തുക വ്യത്യാസപ്പെട്ടിരിക്കും.
● നമ്മുടെ കൈയിലുള്ള അല്ലെങ്കിൽ സംഘടിപ്പിക്കാൻ (കൂട്ടുകാർ, ബന്ധുക്കൾ തുടങ്ങിയവരിൽനിന്ന്) കഴിയുന്ന പണത്തിനനുസരിച്ച് സംരംഭങ്ങൾ തുടങ്ങുന്നതാണ് ഏറ്റവും നല്ലത്. (അടിയന്തരഘട്ടത്തിൽ മാത്രം ബാങ്കിനെ ആശ്രയിക്കുക. തിരിച്ചടവ് മുടങ്ങി ബാങ്ക് ലോൺ തന്നെ വലിയ കെണിയായി സംരംഭം മൊത്തത്തിൽ പൂട്ടിപ്പോകുന്ന അവസ്ഥ സാധാരണയാണ്).
● സർക്കാർ സഹായങ്ങൾ, സബ്സിഡികൾ എന്നിവ ലഭിക്കുന്നതിന് നിയമപ്രകാരമുള്ള ഡോക്യുമെന്റേഷനും പ്രോസസും ചെയ്തിരിക്കണം. ഉദാഹരണത്തിന്, കമ്പനിക്ക് ആവശ്യമായ മെഷീനുകൾ വാങ്ങിക്കഴിഞ്ഞശേഷമാണ് ആപ്ലിക്കേഷൻ കൊടുക്കുന്നതെങ്കിൽ അതിനു സഹായം ലഭിക്കില്ല.
● കമ്പനി ഒരു നിലയിൽ പ്രവർത്തനക്ഷമമായ അവസ്ഥയിൽ എത്തിയശേഷം മാത്രം, അടുത്ത ലെവലിലോട്ടുള്ള വളർച്ചക്ക് (Scale Up) വേണ്ടി ഫണ്ടിങ് സ്വീകരിക്കുക.
● കേന്ദ്രവും സംസ്ഥാനവും നൽകുന്ന ഫണ്ടുകളിൽ എപ്പോഴും വ്യത്യാസമുണ്ടായിരിക്കും. കേന്ദ്ര സർക്കാറിന്‍റെ ഫണ്ടായിരിക്കും കൂടുതൽ. അതിനാൽ ഒരേ ഇനത്തിൽ അപേക്ഷ കൊടുക്കുമ്പോൾ (ഉദാഹരണത്തിന്, മെഷിനറികൾ വാങ്ങുന്നതിനുള്ള ഫണ്ട്, പേറ്റന്റിനുള്ള തുക, സീഡ് ഫണ്ട് എന്നിവ) കേന്ദ്രസർക്കാർ പദ്ധതികൾപ്രകാരമുള്ള ഫണ്ടിന് ആദ്യം അപേക്ഷിക്കുക. അവ ലഭിക്കുന്നില്ലെങ്കിൽ മാത്രം കേരള സർക്കാർ ഫണ്ടിന് അപേക്ഷിക്കുക. ഒരേ അക്കൗണ്ടിൽ നമുക്ക് ഒരു സഹായം മാത്രമേ ലഭിക്കൂ. അതിനാൽ കേരള സർക്കാർ ഫണ്ട് ആദ്യം ലഭിച്ചുകഴിഞ്ഞാൽ കേന്ദ്ര സർക്കാറിന്‍റെ ഫണ്ട് അതേ കാറ്റഗറിയിൽ ലഭിക്കില്ല.
● ഏറ്റവും പ്രധാനപ്പെട്ടത്, സർക്കാറിൽനിന്ന് എന്തു കിട്ടും എന്ന് പ്രതീക്ഷിച്ചു മാത്രം ഒരു കാര്യവും ചെയ്യാതിരിക്കുക (ഒരുപക്ഷേ കൃത്യസമയത്ത് ലഭിക്കാം, വൈകിയും ലഭിക്കും, ചില സമയങ്ങളിൽ അവ കിട്ടാതിരിക്കുകയും ചെയ്തേക്കാം).
ബിസിനസും സംരംഭവും
ഏതുതരം ഇടപാടും ബിസിനസിന്‍റെ ഗണത്തിൽ ഉൾപ്പെടുന്നു. പ്രത്യേകിച്ചും പണമോ ലാഭമോ പ്രദാനംചെയ്യുന്ന കാര്യങ്ങളെയാണ് ബിസിനസ് എന്ന് വിളിക്കുന്നത്.
ഒരു സാധനം (പ്രോഡക്ടോ സർവിസോ) വാങ്ങുകയും അതിൽ കുറച്ച് ലാഭമെടുത്ത് വാങ്ങിയതിനേക്കാൾ ഉയർന്ന വിലയ്ക്ക് വിൽക്കുകയും ചെയ്യുന്നതിനെയാണ് ലളിതമായി കച്ചവടം എന്ന് പറയുന്നത്.
ഫ്ലാറ്റുകളോ േപ്ലാട്ടുകളോ വാങ്ങി ഉയർന്ന വിലയ്ക്ക് വിൽക്കുന്ന റിയൽ എസ്റ്റേറ്റ് ഏജന്‍റാണെങ്കിൽ അതും ഒരു തരത്തിലുള്ള കച്ചവടംതന്നെയാണ്.
അതേസമയം, ഒരു ബിസ്കറ്റ് കമ്പനിതന്നെ തുടങ്ങുന്നു എന്നു കരുതുക. അതിനെ സംരംഭം (Entrepreneur) എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താം.
വെറുമൊരു കച്ചവടത്തിനപ്പുറം ത്യാഗപരിശ്രമങ്ങളുടെ കൂടെ സ്വന്തമായ ചേരുവകൾകൂടി ചേർക്കുമ്പോഴാണ് (Value addition) ഒരു ബിസിനസിനെ സംരംഭമായി കണക്കാക്കുന്നത്.
സർവിസ് മേഖലയിലും ‘വാല്യു അഡിഷനുകൾ’ ഉൾപ്പെടുത്തി വ്യത്യസ്തമാക്കുമ്പോൾ അതിനെ നാം ഒരു സംരംഭമായി പരിഗണിക്കുന്നു.
എന്തു തുടങ്ങുമെന്ന കൺഫ്യൂഷനുണ്ടോ?
ഒരു സംരംഭം ആരംഭിക്കുമ്പോൾ എന്ത് ഉൽപന്നം/ സർവിസ് ആണ് തുടങ്ങേണ്ടത് എന്നായിരിക്കും ആദ്യ ചിന്ത. ഇതിൽതന്നെയാണ് കൃത്യത വേണ്ടത്. മറ്റുള്ള ആളുകൾ ചെയ്യുന്നത് നമ്മളും ചെയ്യുന്നതിൽ അർഥമില്ല. നമുക്ക് എന്തിലാണ് അറിവും കഴിവും നൈപുണ്യവും ഉള്ളത്, ആ മേഖല തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്.
ഏതൊരു മനുഷ്യനും തനിക്ക് അറിവും താൽപര്യവുമുള്ള മേഖലയിൽ പ്രവർത്തിച്ചാൽ കൂടുതൽ തിളങ്ങാനും അത് ആസ്വദിച്ച് ചെയ്യാനും കഴിയും. എല്ലായ്പോഴും ആ മേഖലയിലെ ട്രെൻഡുകൾ മനസ്സിലാക്കുക, കൂടുതൽ അറിവുകൾ കരസ്ഥമാക്കുക. എങ്കിൽ മാത്രമേ ബിസിനസിന് പുരോഗതിയുണ്ടാവൂ.
ഒരേ സംരംഭം പലപ്രാവശ്യം നടത്തി പരാജയപ്പെടുകയാണെങ്കിൽ, ആ വിഭാഗത്തിൽ നമ്മൾ കൂടുതൽ പരിശീലനം നേടിയെടുക്കണം. അല്ലെങ്കിൽ ആ സമയത്ത് പുതിയ ഇനങ്ങൾ പരീക്ഷിച്ചു നോക്കുകയുമാവാം.
ഉപഭോക്താക്കളെ അറിയാം
● ഉപഭോക്താക്കൾക്ക് ആവശ്യമുള്ള ഉൽപന്നമോ സേവനമോ ആയിരിക്കുക.
● നമ്മുടെ പ്രോഡക്ടിന്‍റെയും സർവിസിന്‍റെയും ക്വാളിറ്റിതന്നെയാണ് പ്രധാനം. ഏതൊരാളും തനിക്കു ലഭിക്കുന്ന സേവനത്തിന്, താൻ മുടക്കുന്ന പണത്തിന് തുല്യമായ മൂല്യമുണ്ടോ എന്നു പരിശോധിക്കും.
● ഓൺലൈനിൽ റിവ്യൂ നോക്കിയാണ് പലരും സ്ഥാപനങ്ങളും സാധനങ്ങളും തിരഞ്ഞെടുക്കുന്നത്. അതിനാൽ ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾക്ക് മുന്തിയ പരിഗണന നൽകണം. അവർ പ്രശ്നങ്ങൾ ഉന്നയിച്ചാൽ യഥാസമയം മറുപടി നൽകാനും ശ്രദ്ധിക്കുക.
● ഇക്കാലത്ത് ഉപഭോക്താക്കളുടെ പ്രതീക്ഷകൾക്കപ്പുറമുള്ള എക്സ്ട്രാ സർവിസ് കൂടി കൊടുക്കുമ്പോഴേ കൂടുതൽ ആളുകളെ ആകർഷിക്കാൻ കഴിയൂ.
സോഷ്യൽ മീഡിയയും സഹായിക്കും
സോഷ്യൽ മീഡിയ, ഓൺലൈൻ പോർട്ടലുകൾ എന്നിവ വഴിയും ഉപഭോക്താക്കളെ കണ്ടെത്താനും വിൽപന നടത്താനും കഴിയും. ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയവ ഉദാഹരണം. ഇത് പ്രോഡക്ടിന്‍റെ റീച്ച് വർധിപ്പിക്കാൻ സഹായിക്കും. സ്വന്തം വെബ്സൈറ്റുകൾ വഴിയും വിൽപന നടത്താം.
ബിസിനസിൽ കുതിക്കാൻ ‘ഇ-കോമേഴ്സ്’
ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ വലിയ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾക്കു പകരം, ചെറുകിട കച്ചവടക്കാർക്കുകൂടി, കുറഞ്ഞ ചെലവിൽ പങ്കെടുക്കാൻ കഴിയുന്ന മറ്റൊരു പ്ലാറ്റ്ഫോമാണ് ONDC (Open Network for Digital Commerce). കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് ഈ പ്രോജക്ടുമായി സഹകരിക്കുന്നുണ്ട്.
● സ്വന്തം പ്രത്യേകതകളുമായി മാർക്കറ്റിൽ ഇറങ്ങിയാൽ ഇത്തരം പ്ലാറ്റ്ഫോമുകൾ ഇനിയും വിജയിക്കാൻ സാധ്യതയുണ്ട്.
● ഉപഭോക്താക്കളെ ലഭിക്കുക എന്നതാണ് ആദ്യ വെല്ലുവിളി. ഇതിനുവേണ്ടി നമ്മുടെ പോർട്ടൽ ആദ്യം മാർക്കറ്റ് ചെയ്യേണ്ടിവരും. ഇത്തരം ഒരു വെബ്സൈറ്റുണ്ട് എന്ന് ആളുകൾ അറിയണം.
● ഓഫറുകളും റിവാർഡുകളും കൊടുത്താൽ മാത്രമേ ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയൂ. ഇങ്ങനെ ധാരാളം സൗജന്യങ്ങൾ നൽകിയാണ് സൊമാറ്റോയും ഉബറും ഒലയും എല്ലാം ആദ്യം ഉപഭോക്താക്കളെ ഉണ്ടാക്കിയത്. ഇതിന് വലിയ തുകതന്നെ ചെലവാകും. കസ്റ്റമർ അക്വിസിഷന് ആവശ്യമായ പണമായാണ് വലിയ കമ്പനികൾ ഇതിനെ കണക്കാക്കുന്നത്.
● ഒരേ തരത്തിലുള്ള മറ്റു വെബ്സൈറ്റുകൾ, പ്രാദേശിക മാർക്കറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിലെ വിലനിലവാരം താരതമ്യം ചെയ്തശേഷം മാത്രമാണ് സാധാരണ ഓൺലൈൻ കസ്റ്റമർ സാധനങ്ങൾ വാങ്ങുക. അതിനാൽ മത്സരക്ഷമതയുള്ള വില (സെല്ലിങ് പ്രൈസ്) എല്ലാ ഓൺലൈൻ പ്രോഡക്ടുകൾക്കും നിർബന്ധമാണ്.
വിലക്കുറവ്, സൗജന്യം തുടങ്ങിയവ നൽകാൻ കഴിഞ്ഞില്ലെങ്കിൽ ഓൺലൈൻ വിൽപനരംഗത്ത് പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടാണ്.
● കൃത്യമായ വിതരണ ശൃംഖലയും ഉണ്ടായിരിക്കുക.
● പ്രോഡക്ട് ക്വാളിറ്റി, വിൽപനാനന്തര സേവനം തുടങ്ങിയവ പരാജയപ്പെട്ടാൽ ഉപഭോക്താക്കളുടെ അതൃപ്തി ഉണ്ടാവുകയും കമ്പനിക്ക് വളരെ പെട്ടെന്ന് പേരുദോഷം വന്നു പൂട്ടിപ്പോകാനും സാധ്യതയുണ്ട്.
സ്റ്റാർട്ടപ്പുകൾ
● ഇന്നൊവേറ്റിവ് ഐഡിയകൾകൂടി ഉൾച്ചേർക്കുന്ന സംരംഭങ്ങളെയാണ് സ്റ്റാർട്ടപ് വിഭാഗത്തിൽ സാധാരണ ഉൾപ്പെടുത്തുന്നത്. അവ നവീനമായ ആശയങ്ങളായിരിക്കും. പ്രത്യേകിച്ചും സാങ്കേതികവിദ്യകൾ കൂടിച്ചേർന്ന ഉൽപന്നങ്ങളോ സർവിസുകളോ ആയിരിക്കും.
● സമൂഹത്തിന്‍റെ ഏതെങ്കിലും പ്രശ്നങ്ങൾക്ക് പരിഹാരമാകുക, ആളുകൾക്ക് ആവശ്യമുണ്ടാകുക (ഉപഭോക്താക്കൾക്ക് ആവശ്യമില്ലാത്ത അല്ലെങ്കിൽ അപ്രായോഗിക ‘യുനീക് ഐഡിയകൾ’ മാത്രമുള്ളതിനെ സ്റ്റാർട്ടപ്പായി പരിഗണിക്കാറില്ല. അവ ചിലപ്പോൾ വളരെ സവിശേഷവും അപൂർവവുമായ കണ്ടുപിടിത്തങ്ങളാവാം, ഒരുപക്ഷേ ആളുകൾക്ക് ആവശ്യമുണ്ടാവണമെന്നില്ല).
● ബിസിനസ് സാധ്യതകൾ ഉണ്ടായിരിക്കുക. അഥവാ ലാഭകരമായി വിപണനം ചെയ്യാൻ സാധിക്കുക.
● സ്കെയിൽ അപ് (Scale Up) ചെയ്യാൻ സാധിക്കുക. അതായത്, വിരലിലെണ്ണാവുന്ന ആളുകൾക്കു മാത്രമാണ് ഒരു ഉൽപന്നം ആവശ്യമെങ്കിൽ അതിന് അവിടെ മാത്രമേ വിപണി ലഭിക്കൂ. അതേസമയം, നമ്മൾ ഒരു പ്രോഡക്ട്/സർവിസ് ഉണ്ടാക്കി അത് നമ്മുടെ പരിസരപ്രദേശങ്ങൾക്കുപുറമെ വിവിധ ജില്ലകളിലും സംസ്ഥാനങ്ങളിലും രാജ്യങ്ങളിലുമെല്ലാം ഉപഭോക്താക്കളെ കണ്ടെത്താൻ കഴിയുകയാണെങ്കിൽ ആ സംരംഭം വളർന്നുപന്തലിക്കും.
ഇങ്ങനെ പല ഇടങ്ങളിലേക്കും വികസിപ്പിക്കുന്നതിനെയാണ് സ്കെയിൽ അപ് എന്നു പറയുന്നത്. ബിസിനസ് സ്കെയിലബിലിറ്റി സ്റ്റാർട്ടപ്പുകളുടെ ഒരു സവിശേഷ ഗുണമാണ്.
സ്റ്റാർട്ടപ് രജിസ്ട്രേഷൻ എന്തിന്?
നമ്മുടെ രാജ്യത്ത് ഒരു കമ്പനി പ്രവർത്തിപ്പിക്കണമെങ്കിൽ നിയമാനുസൃതമായി അവ രജിസ്റ്റർ ചെയ്തിരിക്കണം. ഉദാഹരണത്തിന് പ്രൈവറ്റ് ലിമിറ്റഡ്, എൽ.എൽ.പി, പാർട്ണർഷിപ്, പ്രൊപ്രൈറ്റർഷിപ് തുടങ്ങി പലതരത്തിലുള്ള കമ്പനികളുണ്ടാകും. എന്നാൽ, സ്റ്റാർട്ടപ്പിന് രജിസ്ട്രേഷൻ എടുക്കൽ നിർബന്ധമില്ല.
അതേസമയം, കേന്ദ്ര സർക്കാർ സ്റ്റാർട്ടപ്പുകൾക്ക് ധാരാളം ആനുകൂല്യങ്ങളും പിന്തുണയും നൽകുന്നുണ്ട്. അവ സ്റ്റാർട്ടപ് രജിസ്ട്രേഷൻ ഉണ്ടെങ്കിൽ മാത്രമേ ലഭിക്കൂ.
ആനുകൂല്യങ്ങൾ നിരവധി
● നികുതി ഇളവ്: നിശ്ചിത നിയമങ്ങൾക്കു വിധേയമായി 25 കോടി രൂപ വരെയുള്ള ഇടപാടുകൾക്ക് നികുതി ഇളവ് ലഭിക്കും. കമ്പനിയുടെ വാർഷിക വിറ്റുവരവ് 100 കോടിയിൽ കൂടാൻ പാടില്ല. കമ്പനി 2016നുശേഷം രൂപവത്കരിച്ച എൽ.എൽ.പി അല്ലെങ്കിൽ പ്രൈവറ്റ് ലിമിറ്റഡ് വിഭാഗത്തിൽപെടുന്നവയായിരിക്കണം.
● ഇൻകുബേഷനുകൾ: സംരംഭത്തിന് ആവശ്യമായ സാങ്കേതിക സഹായങ്ങളും സ്ഥലസൗകര്യങ്ങളും ഒരുക്കുന്നു.
● സ്റ്റാർട്ടപ് പാർക്കുകൾ, ഓഫിസ് സൗകര്യങ്ങൾ
● സാമ്പത്തിക സഹായങ്ങൾ- ഫണ്ടുകൾ, ലോണുകൾ, സബ്സിഡികൾ
● എക്സിബിഷനുകൾ
● അവാർഡുകൾ
● സർക്കാർ പ്രോജക്ടുകൾ: ടെൻഡറുകളില്ലാതെ ചെറിയ പ്രോജക്ടുകൾ സ്റ്റാർട്ടപ്പുകൾക്ക് നൽകുന്നു
● രാജ്യാന്തര സന്ദർശനങ്ങൾ
● നെറ്റ്‌വർക്കിങ്
● മെന്‍റർഷിപ്
● സാങ്കേതിക സഹായങ്ങൾ, ആർ&ഡി
● പേറ്റന്‍റ് സഹായങ്ങൾ: ഇന്ത്യ പേറ്റന്‍റ്, യു.എസ് പേറ്റന്‍റ് രജിസ്ട്രേഷൻ തുടങ്ങിയവക്ക് അഞ്ചു മുതൽ 25 ലക്ഷം രൂപ വരെ സഹായം നൽകുന്നു.
രജിസ്ട്രേഷൻ എങ്ങനെ?
കേന്ദ്ര സർക്കാറിനു കീഴിലുള്ള ‘സ്റ്റാർട്ടപ് ഇന്ത്യ’യിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഇങ്ങനെ രജിസ്റ്റർ ചെയ്യുന്നവർക്ക് ഈ മന്ത്രാലയം ഒരു DIPP നമ്പർ എന്ന ഒരു യുനീക് ഐഡി നൽകും. ഇതിനുവേണ്ടി നാഷനൽ സിംഗ്ൾ വിൻഡോ (https://www.nsws.gov.in/) വഴി ആപ്ലിക്കേഷൻ നൽകണം.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം:
● ഒരു കമ്പനി രൂപവത്കരിച്ച് 10 വർഷത്തിനുള്ളിൽ രജിസ്റ്റർ ചെയ്താൽ മാത്രമേ സ്റ്റാർട്ടപ് പദവി ലഭിക്കൂ.
● നമ്മുടെ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, എൽ.എൽ.പി എന്നിവയിൽ ഏതെങ്കിലും ഒരു ഗണത്തിൽ ആദ്യംതന്നെ രജിസ്റ്റർ ചെയ്തിരിക്കണം. ഇത്തരം കമ്പനി സർട്ടിഫിക്കറ്റുകൾ സ്റ്റാർട്ടപ് അപേക്ഷ സമർപ്പിക്കുമ്പോൾ അപ്‌ലോഡ് ചെയ്യണം. (മറ്റു വിഭാഗത്തിൽപെടുന്ന കമ്പനികൾക്ക് (ഉദാഹരണത്തിന് പ്രൊപ്രൈറ്റർഷിപ്) സ്റ്റാർട്ടപ് രജിസ്ട്രേഷന് അർഹതയില്ല).
● കമ്പനിക്ക് പാൻ കാർഡ് ഉണ്ടായിരിക്കണം.
● ഡിജിറ്റൽ സിഗ്നേച്ചറാണ് ആവശ്യമായിവരുന്ന മറ്റൊന്ന്. ഡയറക്ടർ ബോർഡിലുള്ളവരുടെയോ ഉത്തരവാദിത്തപ്പെട്ട ആരുടെയെങ്കിലും ഒരാളുടെയോ പേരിൽ ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് (DSC) വേണം.
● കമ്പനിയുടെ അടിസ്ഥാന വിവരങ്ങൾ വേണം (നമ്പർ, വിലാസം തുടങ്ങിയവ).
● ഏതു പ്രശ്നത്തെയാണ് പരിഹരിക്കാൻ പോകുന്നത് എന്നതിനെക്കുറിച്ച് 400 വാക്കുകളിൽ കവിയാത്ത പാരഗ്രാഫ്.
● കമ്പനിയുടെ ബിസിനസ് പ്രപ്പോസൽ പറയുന്ന പ്രസന്റേഷൻ.
മുകളിൽ പറഞ്ഞ കാര്യങ്ങൾ അപ്‌ലോഡ് ചെയ്യുകവഴി ഏതൊരാൾക്കും സ്റ്റാർട്ടപ് രജിസ്ട്രേഷൻ സൗജന്യമായി ലഭിക്കും.
ആപ്ലിക്കേഷൻ നൽകി ഒരാഴ്ചക്കുള്ളിൽ സാധാരണഗതിയിൽ സ്റ്റാർട്ടപ് സർട്ടിഫിക്കറ്റും DIPP നമ്പറും ലഭിക്കും. ഡിജിറ്റൽ സിഗ്നേച്ചർ ഉത്തരവാദിത്തപ്പെട്ട ഏജൻസികൾ വഴി മാത്രമേ ലഭിക്കുകയുള്ളൂ.
സ്റ്റാർട്ടപ് ഇന്ത്യയിൽനിന്ന് ഇവ ലഭിച്ചുകഴിഞ്ഞാൽ മാത്രമേ കേരള സ്റ്റാർട്ടപ് മിഷനിൽ രജിസ്റ്റർ ചെയ്യാൻ കഴിയുകയുള്ളൂ.
https://startups.startupmission.in വെബ്സൈറ്റിൽ പോയി വിലാസവും മറ്റുകാര്യങ്ങളും (മുകളിൽ കൊടുത്ത കാര്യങ്ങൾതന്നെയാണ് ഇവിടെയും അപ്‌ലോഡ് ചെയ്യേണ്ടിവരുക) സബ്മിറ്റ് ചെയ്തുകഴിഞ്ഞാൽ രണ്ടു ദിവസത്തിനുള്ളിൽ കേരള സ്റ്റാർട്ടപ് മിഷന്‍റെയും രജിസ്ട്രേഷൻ ലഭിക്കും.
സ്റ്റാർട്ടപ് വഴി ലഭിക്കുന്ന ഫണ്ടുകൾ
● ഐഡിയേഷൻ ഫണ്ട്
● സീഡ് ഫണ്ട്
● സ്കെയിൽഅപ് ഫണ്ട്
● വി.സി ഫണ്ട്
● ലോണുകൾ
നമ്മുടെ ആശയങ്ങൾക്ക് മൂർത്തരൂപം നൽകുന്നതിനുള്ള ഫണ്ടുകളാണ് ഐഡിയേഷൻ ഫണ്ടും സീഡ് ഫണ്ടും. സ്റ്റാർട്ടപ്പിന്‍റെ ആദ്യ ഘട്ടങ്ങളിലുള്ള കമ്പനികൾക്കു മാത്രമാണ് ഇതിന് അർഹത. ഐഡിയേഷൻ ഫണ്ട് അഞ്ചു ലക്ഷത്തിനു താഴെയും സീഡ് ഫണ്ട് 15 ലക്ഷം വരെയുമാണ് കേരള സ്റ്റാർട്ടപ് മിഷൻ നൽകുന്നത്.
കെ.എസ്.ഐ.ഡി.സി 25 ലക്ഷം രൂപ വരെ സീഡ് ഫണ്ട് നൽകുന്നുണ്ട്. സംരംഭങ്ങളുടെ അടുത്ത ഘട്ടത്തിലേക്കുള്ള വളർച്ചക്കുവേണ്ടിയുള്ള ഫണ്ടാണ് സ്കെയിൽഅപ് ഫണ്ടുകൾ. ആക്സിലറേഷൻ, സ്കെയിൽഅപ് ഫണ്ടുകൾ കേരള സ്റ്റാർട്ടപ് മിഷനിൽനിന്ന് 15 ലക്ഷം വരെയാണ് ലഭിക്കുക. അതേസമയം, സ്റ്റാർട്ടപ് ഇന്ത്യയിൽനിന്ന് ഇത് ഒരു കോടി വരെ ലഭിച്ചേക്കും.
കേന്ദ്ര സർക്കാറിന്‍റെ സ്റ്റാർട്ടപ് ഇന്ത്യ വഴി വ്യത്യസ്ത ഡിപ്പാർട്മെന്റുകളിലായി ധാരാളം സ്കീമുകളിൽ പുതുസംരംഭകർക്ക് സഹായങ്ങൾ നൽകുന്നുണ്ട്. മിനിസ്ട്രി ഓഫ് സയൻസ് ടെക്നോളജി, സാമ്പത്തിക മന്ത്രാലയം, എം.എസ്.എം.ഇ (Ministry of Micro, Small and Medium Enterprises) തുടങ്ങി പതിനാറിലധികം വകുപ്പുകൾ സഹായങ്ങൾ നൽകുന്നുണ്ട്. വിശദ വിവരങ്ങൾക്ക്: https://www.startupindia.gov.in/content/sih/en/government-schemes.html
സ്റ്റാർട്ടപ് ഇന്ത്യയും സ്റ്റാർട്ടപ് കേരള മിഷനും
പുതിയ കാലത്തെ സംരംഭങ്ങളെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കാനും സഹായിക്കാനുമുള്ള സർക്കാർ സ്ഥാപനങ്ങളാണ് ഇവ രണ്ടും. സ്റ്റാർട്ടപ് ഇന്ത്യയുടെ (https://www.startupindia.gov.in/) രജിസ്ട്രേഷൻ ലഭിച്ചുകഴിഞ്ഞാൽ മാത്രമേ കേരള സ്റ്റാർട്ടപ് മിഷൻ (https://startupmission.kerala.gov.in/) രജിസ്ട്രേഷൻ ലഭിക്കൂ. രണ്ടിനും വ്യത്യസ്ത ഫണ്ടുകളും പദ്ധതികളുമുണ്ട്.
മാസത്തിൽ നാലോ അഞ്ചോ പരിപാടികൾ സ്റ്റാർട്ടപ് മിഷന്‍റേത് ഉണ്ടാകും. വ്യത്യസ്തതരം ട്രെയിനിങ്ങുകൾ, വിവിധ എക്സ്പോകൾ (കേരളത്തിലും രാജ്യത്തിന് അകത്തും പുറത്തുമുള്ള പരിപാടികൾ), ഫണ്ടുകൾ ലഭിക്കാനുള്ള ‘പിച്ച് ഡെക്ക്’ (Pitch deck) ഇവന്റുകൾ തുടങ്ങിയ പരിപാടികളുണ്ടായിരിക്കും. വിവിധ രാജ്യങ്ങളിലെ സെമിനാറുകൾക്കും എക്സ്പോകൾക്കും സ്റ്റാർട്ടപ് ഇന്ത്യയോ കേരളയോ വഴി പോകുമ്പോൾ, നമുക്ക് കുറഞ്ഞ തുകക്ക് പരിപാടിയിൽ പങ്കെടുക്കാനും സ്റ്റാളുകൾ ഇടാനും സാധിക്കും. ചിലതെങ്കിലും സൗജന്യമായി പങ്കെടുക്കാനും സാധിക്കും.
കേരള സ്റ്റാർട്ടപ് മിഷന് കീഴിലുള്ള ഓഫിസ് സ്ഥലങ്ങളും ഇൻകുബേഷൻ സ്പേസുകളും അനുവദിക്കണമെങ്കിൽ സ്റ്റാർട്ടപ് രജിസ്ട്രേഷൻ ആവശ്യമാണ്. ഇവിടങ്ങളിൽ നമുക്ക് ആവശ്യമായ സീറ്റുകളോ ഓഫിസുകളോ ലഭിച്ചാൽ, മറ്റ് പ്രൈവറ്റ് വ്യവസായ പാർക്കുകളേക്കാൾ കുറഞ്ഞ ഫീസ് മാത്രം മതി.
ഇൻഫ്രാസ്ട്രക്ചർ (ഓഫിസ് റൂം, മീറ്റിങ് റൂം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ), വൈദ്യുതി, ഇന്‍റർനെറ്റ് തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
വ്യവസായ കേന്ദ്രങ്ങൾ
പണ്ട് മുതൽതന്നെ സംരംഭകരെ സഹായിക്കാൻ കേരളത്തിലുള്ള സ്ഥാപനമാണ് ജില്ല വ്യവസായകേന്ദ്രങ്ങൾ. ഇന്ന് ഡയറക്ടേഴ്സ് ഓഫ് ഇൻഡസ്ട്രീസ് ആൻഡ് കോമേഴ്സ് (DIC) എന്നാണ് ഔദ്യോഗിക നാമം. പൊതുജനങ്ങൾക്ക് ബോധവത്കരണം, സംരംഭകർക്ക് ആവശ്യമായ പരിശീലനം, സബ്സിഡി നൽകൽ, എക്സ്പോകൾ തുടങ്ങിയവയാണ് വ്യവസായകേന്ദ്രത്തിന്‍റെ മുഖ്യ പരിപാടികൾ.
പ്രോജക്ട് പ്ലാൻ മുതൽ എക്സിക്യൂഷന് വരെ വ്യവസായ കേന്ദ്രങ്ങൾ സജീവമായി ആളുകളെ സഹായിക്കുന്നു. ഓൺലൈൻ ട്രാക്കിങ്ങുള്ളതിനാൽ സേവനങ്ങൾ കൂടുതൽ സമയബന്ധിതവും കാര്യക്ഷമവുമാണ് ഇപ്പോൾ. കപ്പാസിറ്റി ബിൽഡിങ്, ഇൻഫ്രാസ്ട്രക്ചർ സപ്പോർട്ട്, ലൈസൻസ് ക്ലിയറൻസ്, ഫെസിലിറ്റേഷൻ സപ്പോർട്ട്, പോസ്റ്റ് പ്രൊഡക്ഷൻ സപ്പോർട്ട്, ഡോക്യുമെന്റേഷൻ സെന്‍റർ, പ്രോജക്ട് പ്ലാൻ ക്ലിനിക്, ടെക്നോളജി ക്ലിനിക് തുടങ്ങിയവയെല്ലാം വ്യവസായകേന്ദ്രത്തിനു കീഴിൽ വരുന്നു.
ഏതൊരു സാധാരണക്കാരനും എളുപ്പത്തിൽ സമീപിക്കാവുന്ന സ്ഥാപനമാണ് വ്യവസായ കേന്ദ്രങ്ങൾ. പ്രോജക്ട് പ്ലാൻ മുതൽ ഉൽപാദനശേഷമുള്ള വിപണനം വരെ അവർ വ്യത്യസ്ത രീതിയിൽ ജനങ്ങളെ സഹായിക്കുന്നു.
വെബ്സൈറ്റ്: https://industry.kerala.gov.in/
മൈക്രോ, സ്മോൾ ആൻഡ് മീഡിയം എന്‍റർപ്രൈസസ് മന്ത്രാലയം
പണ്ട് ചെറുകിട വ്യാപാരങ്ങളായിരുന്നു ഈ മന്ത്രാലയത്തിന് കീഴിലുണ്ടായിരുന്നത്. പ്രത്യേക പരിധിക്കുള്ളിൽ ബിസിനസ് ചെയ്യുന്ന കാറ്റഗറിയാണ് എം.എസ്.എം.ഇ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇപ്പോൾ ഇതിന്‍റെ വ്യാപ്തി കൂട്ടിയിട്ടുണ്ട്. ഒരു കോടി മുതൽ 250 കോടി വരെ വിറ്റുവരവുള്ള ബിസിനസുകളാണ് എം.എസ്.എം.ഇ ഗണത്തിലുള്ളത്. മാനുഫാക്ചറിങ്ങും സർവിസ് സെക്ടറും ഇതിന് കീഴിൽ വരും.
മൈക്രോ (ഒന്നു മുതൽ അഞ്ചു കോടി വരെയുള്ളത്), സ്മോൾ (10-50 കോടി), മീഡിയം (50-250 കോടി) എന്നിങ്ങനെയാണ് ഇപ്പോഴത്തെ എം.എസ്.എം.ഇ ബിസിനസ് വിറ്റുവരവ് പരിധികളും വിഭാഗങ്ങളും.
ഉദ്യം (Udyam) വെബ്സൈറ്റ് വഴി, മുകളിൽ പറഞ്ഞ കാറ്റഗറിയിൽ ഉൾപ്പെടുന്ന ഏതൊരു സംരംഭകനും സൗജന്യമായി എം.എസ്.എം.ഇ സർട്ടിഫിക്കറ്റ് എടുക്കാം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്ന സെക്ടറാണിത്. വ്യത്യസ്ത സേവനങ്ങൾ ലഭിക്കുന്നതിന് എം.എസ്.എം.ഇ രജിസ്ട്രേഷൻ നിർബന്ധമാണ്. ഇതുവരെ മൂന്നു കോടിയിലധികം രജിസ്ട്രേഷൻ പൂർത്തീകരിച്ചിട്ടുണ്ട്.
സബ്സിഡികൾ, ലോണുകൾ, ട്രെയിനിങ്ങുകൾ, എക്സ്പോകൾ, നെറ്റ്‌വർക്കിങ് മീറ്റിങ്ങുകൾ തുടങ്ങിയവ എം.എസ്.എം.ഇയുടെ സേവനങ്ങളാണ്. അടിസ്ഥാനസൗകര്യ വികസനം മുതൽ ഇറക്കുമതിക്കും കയറ്റുമതിക്കും വരെ പ്രത്യേക വിഭാഗങ്ങളും സേവനങ്ങളുമുണ്ട്.
MSME Samadhaan, MSME Sambandh, MSME Sampark, MSME Champions തുടങ്ങിയ പോർട്ടലുകൾ വിവിധ സേവനങ്ങൾ ജനങ്ങൾക്ക് നൽകുന്നു. PMEGP, Mudra, SRI fund, IPR fund തുടങ്ങി 18 ഫണ്ടുകൾ MSME schemeൽ ഉണ്ട്.
വെബ്സൈറ്റ്: https://msme.gov.in/
കമ്പനി രജിസ്ട്രേഷൻ
നമ്മുടെ സംരംഭത്തിന്‍റെ സ്വഭാവമനുസരിച്ചാണ് രജിസ്ട്രേഷൻ തീരുമാനിക്കേണ്ടത്. ചാർട്ടേഡ് അക്കൗണ്ടന്റുമാരെയോ ബിസിനസ് കൺസൽട്ടൻസി കമ്പനികളെയോ ഏൽപിക്കുന്നതാണ് നല്ലത്. രജിസ്ട്രേഷനുശേഷവും നികുതി ഉൾപ്പെടെയുള്ള മറ്റു സാമ്പത്തിക കാര്യങ്ങൾകൂടി കൈകാര്യം ചെയ്യേണ്ടിവരും. അപ്പോൾ ഇത്തരം ആളുകളുടെ സഹായം ഉണ്ടാകുന്നതാണ് നല്ലത്.
Sole Proprietorship, One Person Company എന്നീ വിഭാഗങ്ങളിൽപെടുന്ന കമ്പനി രജിസ്ട്രേഷനിൽ ഒരാൾ മാത്രമായിരിക്കും ഡയറക്ടറായി ഉള്ളത്. വളരെ ചെറിയ കമ്പനികൾക്കു മാത്രമാണ് ഇത്തരം രജിസ്ട്രേഷൻ നല്ലത്. മീഡിയമോ വലുതോ ആയ കമ്പനികൾക്കു എൽ.എൽ.പി, പ്രൈവറ്റ് ലിമിറ്റഡ് (LLP, Pvt Ltd.) എന്നീ ഗണത്തിൽപെടുന്ന രജിസ്ട്രേഷനുകളാണ് ഉചിതം.
എൽ.എൽ.പികൾക്ക് നിയമങ്ങൾ താരതമ്യേന എളുപ്പമാണ്. അതേസമയം, പ്രൈവറ്റ് ലിമിറ്റഡിന് കൂടുതൽ കർക്കശ നിബന്ധനകളാണുള്ളത്. ഏതെങ്കിലും പാലിക്കുന്നതിൽ വീഴ്ചവന്നാൽ വലിയ പിഴയാണ് പ്രൈവറ്റ് ലിമിറ്റഡ് വിഭാഗത്തിന് ലഭിക്കുക. എന്നാൽ, എൽ.എൽ.പികൾ കൂടുതൽ ഫ്ലക്സിബിൾ ആണ്.
അതുകൊണ്ട് സാധാരണ കമ്പനിക്ക് എൽ.എൽ.പി രജിസ്ട്രേഷൻ മതിയാകും. അതേസമയം, നിങ്ങൾ വെഞ്ച്വർ ക്യാപിറ്റൽ (VC) ഫണ്ടുകൾ സ്വീകരിക്കുകയാണെങ്കിൽ അവ നിർബന്ധമായും പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളായിരിക്കണം. അല്ലാത്തവക്ക് വി.സി കമ്പനികൾ പൊതുവിൽ ഫണ്ട് അനുവദിക്കാറില്ല. എൽ.എൽ.പി കമ്പനി തുടങ്ങി ഭാവിയിൽ ആവശ്യമായി വരുന്ന സമയത്ത് പ്രൈവറ്റ് ലിമിറ്റഡ് ആക്കി മാറ്റാനും സാധിക്കും.
വനിതകൾക്ക് പ്രത്യേക പരിഗണന
കേരള സ്റ്റാർട്ടപ് മിഷനിൽനിന്ന് 15 ലക്ഷം രൂപ വരെ വർക്കിങ് ക്യാപിറ്റലായി വനിത സംരംഭകർക്ക് ലഭിക്കും. സർക്കാർ പ്രോജക്ടുകൾ ലഭിച്ചുകഴിഞ്ഞാൽ (വർക്ക് ഓർഡർ കിട്ടിയാൽ), അവ നടപ്പാക്കാനാവശ്യമായ റിസോഴ്സിനു വേണ്ട ചെലവുകളും സ്റ്റാർട്ടപ് മിഷൻ അഡ്വാൻസായി നൽകാറുണ്ട്. പിന്നീട് തിരിച്ചടച്ചാൽ മതിയാകും.
സ്ത്രീകൾക്കുവേണ്ടി മാത്രമായി വിവിധ സഹായങ്ങളുണ്ട്. Women Enterprise Development (WED), Stand up India Scheme, സരോത്തി, കർമ സാത്ഥി, CGTMSE തുടങ്ങിയ ഫണ്ടുകൾ ലഭ്യമാണ്. https://wep.gov.in പ്ലാറ്റ്ഫോമിലെ ഫണ്ടിങ് എന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ വിശദ വിവരങ്ങൾ ലഭിക്കും. SIDBI, NABARD എന്നിവക്കു കീഴിൽ 40 കാറ്റഗറികളിൽ ഉൾപ്പെടുന്ന ഫണ്ടുകൾ ഉണ്ട്.
എല്ലാ ബാങ്കുകളിലും വനിത സംരംഭകർക്കായി പ്രത്യേക പദ്ധതികൾ ലഭ്യമാണ്.
MSME, വ്യവസായ വകുപ്പ് തുടങ്ങിയവയുടെ വ്യത്യസ്ത സബ്സിഡികളും സ്ത്രീകൾക്ക് സവിശേഷമായി ഉണ്ട്. ഉൽപന്നങ്ങളെക്കുറിച്ച് പഠിക്കാനും വിപണനത്തിനുമായി (റിസർച് ആൻഡ് മാർക്കറ്റിങ്) വിവിധ രാജ്യങ്ങൾ സന്ദർശിക്കാനും സ്ത്രീകൾക്ക് പ്രത്യേക പരിഗണന സർക്കാർ നൽകുന്നു.
അതിനാൽ ഭാര്യയും ഭർത്താവും ഒരുമിച്ച് ഒരു സംരംഭം തുടങ്ങാൻ പദ്ധതിയുണ്ടെങ്കിൽ സ്ഥാപനം ഭാര്യയുടെ പേരിലാക്കുകയോ അല്ലെങ്കിൽ കോഫൗണ്ടറായോ ഡയറക്ടർ ആയോ ഭാര്യയുടെ അല്ലെങ്കിൽ സംരംഭത്തിൽ പങ്കാളികളായ സ്ത്രീകളുടെ പേരുകൂടി ചേർക്കുക. കമ്പനി രജിസ്ട്രേഷൻ സമയത്ത് ഇത് ചെയ്തിരിക്കണം. അപ്രകാരം ഈ ഗണത്തിൽപെടുന്ന പ്രത്യേക ആനുകൂല്യങ്ങൾകൂടി നേടിയെടുക്കാൻ കഴിയും.
വിജയമന്ത്രങ്ങൾ
● വാല്യു പ്രപ്പോസിഷൻ: നമ്മുടെ പ്രോഡക്ട്/സേവനം എങ്ങനെയാണ് ഉപകാരപ്പെടുന്നതെന്ന് ഉപഭോക്താവിന് മനസ്സിലാക്കാൻ കഴിയണം.
● ഐഡിയ, മാർക്കറ്റ് റിസർച്, ബ്രാൻഡ്: നല്ല മാർക്കറ്റ് റിസർച് നടത്തി എന്താണ് നമ്മുടെ ഐഡിയയുടെ മൂല്യം, സാധ്യത, ടാർഗറ്റ് ഓഡിയൻസ്, ആരെല്ലാമാണ് കോംപറ്റിയേറ്റേഴ്സ് (നമ്മുടേതുപോലുള്ള പ്രോഡക്ടുകൾ വിൽക്കുന്നവർ), മാർക്കറ്റ് ട്രെൻഡ് എന്നിവ മനസ്സിലാക്കണം.
ഇത് മാർക്കറ്റിന്‍റെ ആവശ്യങ്ങൾ (ഡിമാൻഡ്) അറിഞ്ഞു പെരുമാറാനും നല്ല സ്ട്രാറ്റജികൾ രൂപപ്പെടുത്താനും സഹായകരമാകും. ബ്രാൻഡിങ്ങുകൾ കമ്പനിയുടെ പ്രാരംഭത്തിൽതന്നെ ചെയ്യുക. ബ്രാൻഡിങ്, ഡിസൈനിങ് എന്നിവക്ക് എ.ഐ ടൂളുകൾകൂടി ഉപയോഗപ്പെടുത്തിയാൽ സമയം ലാഭിക്കാനും കൂടുതൽ ക്രിയേറ്റിവിറ്റി ലഭിക്കാനും സഹായകരമാകും.
● പണവും പാർട്ണർമാരും:
ബിസിനസ് തുടങ്ങുമ്പോൾ കൈയിൽ കുറച്ച് പണം നിർബന്ധമായും ഉണ്ടായിരിക്കണം. സ്വന്തമായി പണം മുടക്കിയാൽ നമുക്ക് സ്വാഭാവികമായി ബിസിനസിൽ കൂടുതൽ ഉത്തരവാദിത്തബോധം (Accountability) കൈവരും. നമുക്കറിയാവുന്ന ആളുകളെ ബിസിനസ് പാർട്ണർമാരായി ചേർക്കുക എന്നതാണ് പണം കണ്ടെത്താനുള്ള ഏറ്റവും പ്രായോഗിക വഴി.
പക്ഷേ, പാർട്ണർമാരെ തിരഞ്ഞെടുക്കുമ്പോൾ പണം മാത്രം മാനദണ്ഡമാക്കരുത്. സമാനമനസ്കരെയാണ് ഒപ്പംകൂട്ടേണ്ടത്. അവർക്ക് പ്രസ്തുത ബിസിനസിലുള്ള അറിവ്, എത്രമാത്രം സംഭാവനകൾ നൽകാൻ സാധിക്കും എന്നീ കാര്യങ്ങൾകൂടി നിർബന്ധമായും പരിഗണിക്കണം. കൂടാതെ, ഉപദേശം ലഭിക്കാൻ അനുഭവജ്ഞാനമുള്ള മെന്‍റർമാർ, നോൺ എക്സിക്യൂട്ടിവ് ഡയറക്ടർമാർ എന്നിവരെയും ചേർക്കുന്നത് കമ്പനിയുടെ വളർച്ചക്ക് നല്ലതാണ്.
● ടീമും വിഭവങ്ങളും
⊿ ഒരാൾക്ക് കഴിയാത്തത് വലിയ ടീമുകൾ കൂടിച്ചേരുമ്പോൾ ചെയ്യാൻ സാധിക്കും. വ്യത്യസ്ത വീക്ഷണകോണിലുള്ള ഐഡിയകളും പരിഹാരനിർദേശങ്ങളും ഇതുവഴി കമ്പനിക്ക് ലഭിക്കും.
⊿ കമ്പനിയുടെ പാർട്ണർമാർ, ജോലിക്കാർ എന്നിവരെ വിശ്വാസത്തിലെടുക്കുക. സ്വതന്ത്രമായി അവരെ കാര്യങ്ങൾചെയ്യാൻ അനുവദിക്കുക.
⊿ കഴിവുകളെ തിരിച്ചറിഞ്ഞ് അതിനനുസരിച്ച ചുമതലകൾ നൽകി, നിരന്തരം പ്രോത്സാഹിപ്പിക്കുക.
⊿ ജോലിക്കാരെ നിയമിക്കുമ്പോൾ കഴിവുകൾക്ക് മുൻഗണന നൽകി ഗുണമേന്മ ഉറപ്പുവരുത്തണം. ഒരിക്കലും ശമ്പളക്കുറവ് മാത്രം മാനദണ്ഡമാക്കി ആളുകളെ നിയമിക്കരുത്.
⊿ സുഗമമായ നടത്തിപ്പിനും അഭിപ്രായഭിന്നതകൾ ഒഴിവാക്കാനും ഓർഗനൈസേഷൻ സ്ട്രക്ചർ (Structure), Hierarchy, Duties & Responsibility എന്നിവ നിർവചിക്കുന്ന ഡോക്യുമെന്‍റുകൾ ഉണ്ടാകണം.
⊿ ERP (Enterprise Resource Planning) സോഫ്റ്റ് വെയറുകൾ നമ്മുടെ സ്ഥാപനത്തിലെ മുഴുവൻ പ്രവർത്തനങ്ങളെയും ഏകോപിപ്പിച്ച് അതിന്‍റെ റിസൽട്ട് നൽകും. ബിസിനസ് ഡേറ്റ വിശകലനം ചെയ്യാൻ ഇത് സഹായകരമാകും.
● നിരന്തരം പുതുക്കൽ-അറിവുകൾ, ടെക്നോളജി
സംരംഭത്തിൽ ഏർപ്പെട്ടിരിക്കുന്നവർ നിരന്തരം നവീകരണങ്ങൾക്ക് വിധേയമാകണം. സ്വന്തമായി കൂടുതൽ നൈപുണ്യം ആർജിക്കണം. അതിന് ആവശ്യമുള്ള പഠനങ്ങളിലും പരിശീലനങ്ങളിലും ഏർപ്പെടണം. ജോലിക്കാർക്കും പരിശീലനം നൽകണം. പുതിയ ടെക്നോളജി വരുമ്പോൾ പഠിച്ചെടുക്കാനും ബിസിനസിൽ നടപ്പിൽ വരുത്താനും ശ്രദ്ധിക്കണം.
● സർവിസുകൾ/പ്രോഡക്ടുകൾ
നാം ഉണ്ടാക്കുന്ന പ്രോഡക്ടുകൾ/സർവിസുകൾ ലളിതമായിരിക്കുക, കാഴ്ചയിലും ഉപയോഗത്തിലും യൂസർ ഫ്രൻഡ്‍ലിയായിരിക്കുക, പാക്കിങ്ങും നിറവും ഉൾപ്പെടെ കെട്ടിലും മട്ടിലും അന്താരാഷ്ട്ര പ്രതീതി ഉണ്ടാക്കുക, ഉയർന്ന ക്വാളിറ്റി ഉറപ്പുവരുത്തുക എന്നിവ വിജയത്തിന് ആവശ്യമായ ഘടകങ്ങളാണ്.
മികച്ചുനിൽക്കുന്നവയോടു മാത്രം താരതമ്യംചെയ്യുക. അല്ലെങ്കിൽ അതിലും ഉയർന്ന ബെഞ്ച്മാർക്ക് സെറ്റ് ചെയ്യുക. നമ്മുടെ ഉൽപന്നത്തിനു മാത്രം അവകാശപ്പെടാവുന്ന മേന്മകൾ (Unique Selling Proposition) കണ്ടെത്തണം. വിപണനത്തിന് ഓൺലൈൻ ഉൾപ്പെടെ എല്ലാ മാധ്യമങ്ങളും ഉപയോഗപ്പെടുത്തുക.
● സുതാര്യത
കമ്പനികളുടെ എല്ലാ കാര്യങ്ങളും സുതാര്യമാക്കുക എന്നത് ഇക്കാലത്ത് നിർബന്ധമാണ്. നിയമങ്ങൾ യഥാവിധി പാലിക്കുക. ഇടപാടുകളിൽ ബില്ലുകൾ വാങ്ങുകയും കൊടുക്കുകയും ചെയ്യുക. ശമ്പളവും മറ്റ് ഇടപാടുകളും ബാങ്ക് വഴി മാത്രമാക്കുക. എങ്കിൽ സാമ്പത്തിക വിഷയത്തിൽ സുതാര്യത ലഭിക്കും.
ഓഹരി നിക്ഷേപകർക്കും സൗകര്യപ്രദമാകും. തൊഴിലാളികൾക്ക് ആവശ്യമായ പി.എഫ്, ഇ.എസ്.ഐ എന്നിവ രജിസ്റ്റർ ചെയ്യുക. മുഴുവൻ അക്കൗണ്ടുകളും തേർഡ്പാർട്ടി ഓഡിറ്റിങ്ങിന് വിധേയമാക്കുക.
● ഉപഭോക്താക്കളുടെ സംതൃപ്തി: എന്താണോ ഒരു ഉപഭോക്താവ് ആഗ്രഹിക്കുന്നത് അതിലും കൂടുതൽ കാര്യങ്ങൾ ചെയ്തു കൊടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.