യുദ്ധങ്ങളെയും വേദനയെയും മുറിവുകളെയുംപറ്റിത്തന്നെ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുക എന്നത് അത്ര ഔചിത്യമുള്ള കാര്യമായി ആർക്കും തോന്നാനിടയില്ല. വാർത്തകളിൽ വായിക്കുന്ന, ടി.വിയുടെയും മൊബൈലിലെയും സ്ക്രീനുകളിലൂടെ മാത്രം കാണുന്ന യുദ്ധം നമ്മെ ഇത്രമാത്രം മടുപ്പിക്കുകയും അസ്വസ്ഥതപ്പെടുത്തുകയും ചെയ്യുന്നുവെങ്കിൽ രാപ്പകൽ ഭേദമെന്യേ വെടിയൊച്ചയും സൈറൻ മുഴക്കവും കേൾക്കുന്ന, ഉറ്റവർ ഉയിരറ്റു വീഴുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വരുന്ന മനുഷ്യരുടെ അവസ്ഥയെക്കുറിച്ചൊന്ന് ആലോചിച്ചു നോക്കൂ.
ഒരുമ്മയുടെ കഥ കേട്ടു: പതിറ്റാണ്ടുകൾ മുമ്പ് അവർ ജനിച്ചത് ഘോരമായ ഒരു യുദ്ധകാലത്തായിരുന്നുവത്രേ. നാട്ടിൽ കടുത്ത അശാന്തി പടർന്നുകത്തിയ നാളുകളിലായിരുന്നു വിവാഹം. മകൾ പിറന്നതും സമാനമായൊരു കാലത്ത്. ഭൂമിയിൽനിന്നും ആകാശത്തുനിന്നും പടക്കോപ്പുകൾ നിർത്താതെ തീ തുപ്പുന്നതിനിടെ ഇപ്പോൾ ആ മകൾക്കൊരു കുഞ്ഞു പിറന്നിരിക്കുന്നു.
സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച ഒരു കഥയും ഇതിനൊപ്പം ചേർത്തുവായിക്കേണ്ടതാണെന്ന് തോന്നുന്നു. അതിന്റെ സാരം ഇങ്ങനെയാണ്: സിനിമപ്രദർശനമെന്ന് പരസ്യം ചെയ്ത് ആളുകളെ ഒരിടത്ത് ഒരുമിച്ചു ചേർത്തു. സിനിമ തുടങ്ങി. ഒരു ഫാൻ കറങ്ങുന്നതാണ് ആദ്യ ദൃശ്യം. പതുക്കെ കറങ്ങിത്തുടങ്ങിയ ഫാൻ ക്രമേണ അതിന്റെ പൂർണവേഗം പ്രാപിച്ചു.
രണ്ട് മിനിറ്റ് നേരം ഏവരും അടുത്ത ദൃശ്യത്തിനായി കാത്തിരുന്നു. അടുത്ത മിനിറ്റുകളിലും സ്ക്രീനിൽ മാറ്റമൊന്നുമില്ല. സമയം നീങ്ങുന്നുവെന്നല്ലാതെ ഒരു കഥാപാത്രമോ മറ്റൊരു ദൃശ്യമോ കടന്നുവരുന്നില്ല. കാണികളിൽ പലർക്കും അലോസരം തുടങ്ങി, പിറുപിറുപ്പായി. ചിലർ എഴുന്നേറ്റു നിന്ന് ഒച്ചയുണ്ടാക്കി.
‘‘സിനിമയെന്നു പറഞ്ഞ് തുടങ്ങിയിട്ട് മിനിറ്റുകൾ കഴിഞ്ഞിട്ടും ഒരു സീലിങ് ഫാനിന്റെ കറക്കമല്ലാതെയൊന്നും കാണാനില്ല. ഇനിയെത്ര നേരം ഞങ്ങൾ ഇതുതന്നെ കണ്ട് സഹിച്ചിരിക്കണം?’’ ഒട്ടും മുഷിയാതെ സംഘാടകൻ പ്രതിവചിച്ചു: ‘‘സുഹൃത്തുക്കളേ ഇതു തന്നെയാണ് ഈ സിനിമയുടെ പ്രമേയം.
ഏതാനും നിമിഷങ്ങൾകൊണ്ട് നിങ്ങൾക്ക് അസഹ്യമായിത്തീർന്ന ഈയൊരു ദൃശ്യം മാത്രം എത്രയോ വർഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്ന, ഒരു സഹജീവിയുടെ വർത്തമാനമോ കാലൊച്ചയോ എങ്കിലും കേൾക്കാൻ കഴിഞ്ഞെങ്കിൽ എന്നു കൊതിക്കുന്ന, കിടന്ന കിടപ്പിൽനിന്ന് മാറാൻ പോലുമാവാതെ കഴിയുന്ന ഒരുപാട് മനുഷ്യരും നമുക്കിടയിലുണ്ട് എന്ന് ഓർമപ്പെടുത്താനാണീ പ്രദർശനം ഒരുക്കിയതും.’’ വേദനിക്കുന്ന, മുറിവേറ്റ മനുഷ്യരോടും, തുടിക്കുന്ന കരളുള്ള ഏതൊരു ജീവിയോടും ഒപ്പമുണ്ട് എന്ന് പറയുന്നതും മനസ്സുകൊണ്ടെങ്കിലും ആലിംഗനം ചെയ്യുന്നതുമെല്ലാം ഇന്നത്തേതുപോലൊരു കാലത്ത് ധീരമായ രാഷ്ട്രീയ പ്രവർത്തനമാണ്.
രോഗങ്ങളോ വാർധക്യമോ ദാരിദ്ര്യമോ ആരുടെയും അപരാധമല്ല, ജീവിതത്തിന്റെ അവസാനവുമല്ല. നമുക്കിടയിൽ മുറിവേറ്റവർ അനേകരുണ്ട്, അവരെ പാർപ്പിക്കാനുള്ള മുറികളും സുഖപ്പെടുത്താനുള്ള ലേപനങ്ങളും നമ്മുടെ ഹൃദയങ്ങളിലുണ്ട്; ആ മുറികളുടെ താക്കോൽ കണ്ടെത്തിയവരും തിരഞ്ഞുകൊണ്ടിരിക്കുന്നവരും എന്ന വ്യത്യാസമേ മനുഷ്യർ തമ്മിലുള്ളൂ.
കേരളത്തെ താറടിക്കാൻ വ്യാജമായ കഥകൾ പ്രചരിപ്പിക്കുക എന്നത് ഒരു ‘ദേശീയ വിനോദ’മായി ഏറ്റെടുത്തിട്ടുണ്ട് ചിലർ. ഇവിടുത്തെ സാഹോദര്യവും മനുഷ്യ സൗഹാർദവും വിദ്യാഭ്യാസ പുരോഗതിയും രാഷ്ട്രീയ ബോധ്യവുമൊക്കെയാണ് അവരെ അസൂയപ്പെടുത്തുന്നത്. ഇന്ത്യയിലെന്നല്ല, ഈ വൻകരയിൽതന്നെ ഏറ്റവും ശക്തമായ, സജീവമായ സാന്ത്വനത്തിന്റെ അയൽകണ്ണികൾ നിലനിൽക്കുന്നതും നമ്മുടെ മലയാളക്കരയിലാണെന്നു കൂടി അവർ അറിഞ്ഞിരുന്നെങ്കിൽ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.