വ്യത്യസ്ത തട്ടിപ്പുകളുടെ സ്റ്റാർട്ട് അപ്പുകൾ പടർന്ന് പന്തലിക്കുകയാണ്. എന്തിലും മലയാളി സാന്നിധ്യവുമുണ്ട്

വ്യത്യസ്ത തട്ടിപ്പുകളുടെ സ്റ്റാർട്ട് അപ്പുകൾ പടർന്ന് പന്തലിക്കുകയാണ്. എന്തിലും മലയാളി സാന്നിധ്യവുമുണ്ട്

‘മൂന്ന് കുപ്പി കഴിച്ചാൽ ബുദ്ധി ഇരട്ടിയായി വർധിക്കും, ഇല്ലെങ്കിൽ ഇരട്ടി പണം തിരികെ’ എന്ന പരസ്യവാചകം കണ്ടാണ് ബുദ്ധിവർധന ലേഹ്യത്തിന് അയാൾ പണമടച്ചത്. മികച്ച ഫലസിദ്ധി ലഭിക്കാൻ രഹസ്യമായി കഴിക്കുക എന്ന നിർദേശമൊട്ടിച്ച പൊടിച്ച പഞ്ചസാര നിറച്ച ഭംഗിയുള്ള മൂന്ന് ചെറിയ കുപ്പികളാണ് ലഭിച്ചത്.

ബുദ്ധി കൂട്ടി സകലരെയും അമ്പരപ്പിക്കണമെന്നും മരുന്ന് ഫലിച്ചില്ലെന്ന് പറഞ്ഞ് ഇരട്ടി പണം തിരികെ വാങ്ങണമെന്നും അന്നേ അയാൾ കണക്കുകൂട്ടി. നേരം കളയാതെ, മുടക്കം വരുത്താതെ ഔഷധ സേവയും തുടങ്ങി. ഫലപ്രാപ്‌തി ഉണ്ടാകുന്നുവെന്ന വിശ്വാസത്തിൽ ജോലിസ്ഥലത്തും നാട്ടുകൂട്ടത്തിലും തട്ടിമൂളിച്ച അഭിപ്രായങ്ങൾ ശുദ്ധ മണ്ടത്തരം എന്ന് സദാ അപഹസിക്കപ്പെട്ടു.

രണ്ടു കുപ്പി കാലിയായിട്ടും സംഗതിയിൽ മാറ്റമുണ്ടാവാഞ്ഞത് അയാളെ വല്ലാതെ അസ്വസ്ഥനാക്കി. പെരുമാറ്റത്തിലെ അസ്വാഭാവികത ശ്രദ്ധിച്ച കൂട്ടുകാരൻ കുത്തിച്ചോദിച്ചപ്പോൾ നടന്നതെല്ലാം പറഞ്ഞു. ലേഹ്യത്തിന്‍റെ ഘടന ഇങ്ങനെയല്ലെന്നും നിന്നെയവർ കബളിപ്പിച്ചതാണെന്നും പണം തിരികെ വാങ്ങണമെന്നും കൂട്ടുകാരൻ ഉപദേശിച്ചു.

ലേഹ്യത്തിന്‍റെ രൂപം ഇപ്രകാരമല്ലെന്നും കബളിപ്പിച്ചതിന് കേസ് കൊടുക്കുമെന്നും ബുദ്ധിവർധന ഉണ്ടാവാത്ത സാഹചര്യത്തിൽ കരാർ പ്രകാരമുള്ള ഇരട്ടി പണം തിരിച്ചുതരണമെന്നുമൊക്കെ പറഞ്ഞ അയാളോട് വിൽപനക്കാരൻ ഒട്ടും കൂസാതെ പ്രതികരിച്ചു:

‘‘നിങ്ങൾക്ക് ബുദ്ധി വർധിച്ചുവെന്ന് ഏതൊരു കോടതിയിലും ശാസ്ത്രീയമായി തെളിയിക്കാൻ ഞങ്ങൾക്ക് കഴിയും. ഇത്രയും വിലനൽകി വാങ്ങിയ പഞ്ചാരപ്പൊടി ലേഹ്യമാണെന്ന് സങ്കൽപിച്ച്, ബുദ്ധി കൂടുമെന്ന് വിശ്വസിച്ച് വാരിത്തിന്ന നിങ്ങൾ ഒരു തിരുമണ്ടനായിരുന്നു. മൂന്ന് കുപ്പികളിൽ രണ്ടെണ്ണം സേവിച്ചപ്പോഴേക്ക് നിങ്ങൾക്ക് തിരിച്ചറിവുണ്ടായി എന്നത് മരുന്നിന്‍റെ മേന്മതന്നെ.’’

ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് സാമാന്യബുദ്ധിയുള്ള ആരും ചോദിച്ചുപോകുന്ന തരം തട്ടിപ്പുകളാണ് കാലാകാലങ്ങളായി ഈ ഭൂഗോളത്തിന് ചുറ്റും നടക്കുന്നത്. സാഹചര്യങ്ങളുടെയും സാങ്കേതിക വിദ്യയുടെയും മാറ്റങ്ങളുടെ തുടർച്ചയായി പരമ്പരാഗത രീതികൾക്കപ്പുറമുള്ള രീതിയിൽ അവിശ്വസനീയവും വൈവിധ്യപൂർണവുമായാണ് തട്ടിപ്പുകളുടെ സ്റ്റാർട്ട് അപ്പുകൾ പടർന്ന് പന്തലിക്കുന്നത്. എന്തിലും മലയാളി സാന്നിധ്യവും സർവസാധാരണം; ഒന്നുകിൽ വേട്ടക്കാരൻ, അല്ലെങ്കിൽ ഇര.

ഒരു മനുഷ്യനെ കാണുമ്പോൾ വിചാരങ്ങളും വികാരങ്ങളും വേദനകളും സന്തോഷങ്ങളുമുള്ള എന്‍റെത്തന്നെ പ്രതിബിംബമെന്ന് തോന്നിച്ചിരുന്ന മനുഷ്യപ്പറ്റ് ഏറക്കുറെ വറ്റിവരണ്ടിരിക്കുന്നു. രക്തവും മാംസവും എങ്ങനെയെല്ലാം ഈർന്നെടുക്കാമെന്നാണ് ചിന്ത.

ശാസ്ത്രത്തെ, ഭാഷയെ, ഇതിനെയെല്ലാം ഏകോപിപ്പിക്കുന്ന ബുദ്ധിയെത്തന്നെ സംഹാരത്തിനും വഞ്ചനക്കുമായി ദുരുപയോഗപ്പെടുത്തുന്ന, വിളക്കുകളുടെ ധാരാളിമക്കിടയിലും ഇരുൾ പടരുന്ന കാലത്ത് കാപട്യത്തിന്‍റെ ലാഞ്ചനയില്ലാത്ത പ്രത്യാശയുടെ നക്ഷത്രങ്ങൾക്കായി കൺപാർത്തിരിക്കുകയാണ് ലോകം.





Tags:    
News Summary - world of scams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.