വര: ഹനീഫ

‘‘ദൈവമേ...ഇടക്ക് നീ മനുഷ്യ രൂപത്തിൽ അടുത്തുവരാൻ ഇങ്ങനെ ഓരോ കാരണങ്ങളുണ്ടാക്കും...’’

കുറച്ചുവർഷംമുമ്പാണ്. തിരുവനന്തപുരം യാത്രകഴിഞ്ഞ് വീട്ടിലെത്തിയ സമയം. രണ്ടു ദിവസം കഴിഞ്ഞതും നല്ല പാതിക്ക് പനി. ഡോക്ടറെ കാണിച്ച് ഭേദമില്ലെങ്കിൽ രണ്ടു ദിവസം കഴിഞ്ഞ് ബ്ലഡ് ടെസ്റ്റ് ചെയ്യാൻ നിർദേശം. കുറവില്ലാത്തതുകണ്ടപ്പോൾ ബ്ലഡ് ടെസ്റ്റ് ചെയ്തു. കൗണ്ട് വളരെ കുറവാണ്. എന്തുകൊണ്ടോ ആ ഡോക്ടർ പെട്ടെന്ന് അഡ്മിറ്റ് ആവാൻ പറഞ്ഞില്ല.

മകൻ മെഡിക്കൽ ഫീൽഡിലായതിന്‍റെ ഗുണം അന്ന് ശരിക്കും ബോധ്യമായി. അവൻ പെട്ടെന്നുതന്നെ അഡ്മിറ്റാവാൻ പറഞ്ഞു, കൗണ്ട്‌ രാവിലെയാവുമ്പോഴേക്കും വീണ്ടും കുറയുമെന്നുകൂടി പറഞ്ഞു. രാത്രിയാണ്, ഉള്ളിൽ ടെൻഷൻ ഉള്ളതുകൊണ്ട് പെട്ടെന്ന് എന്തൊക്കെയോ കുറച്ചു സാധനങ്ങൾ പാക്ക് ചെയ്തു. ചെറിയ മോനും അനിയനും കൂടെ വന്നു. ഞങ്ങൾ ഒരു ഓട്ടോ വിളിച്ച് ഇറങ്ങി.

യാത്രക്കിടയിൽ അന്വേഷിച്ചപ്പോൾ പെരിന്തൽമണ്ണയിലെ എല്ലാ ഹോസ്പിറ്റലുകളിലെയും വാർഡുകളും റൂമുകളും നിറഞ്ഞെന്ന് അറിയാൻ കഴിഞ്ഞു. നാട്ടിൽ ഡെങ്കിപ്പനി പടർന്ന സമയം. ഒരു കുടുംബ സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞു. അദ്ദേഹം പ്രദേശത്തെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് പോവാൻ പറഞ്ഞു.

അവിടെയും സ്ഥിതി മെച്ചമില്ല. വാർഡിന്‍റെ മൂലയിൽ ഒരു കുഞ്ഞ് ബെഡ് കിട്ടി. രോഗിക്ക് മാത്രം കിടക്കാം. സാധനങ്ങൾ വെക്കാനോ നിന്നുതിരിയാനോ ഇടമില്ല. അനുഭവത്തിന്‍റെ അറിവുകേടാകാം കൂടെ വന്നവരെ പറഞ്ഞയക്കാനാണ് അപ്പോൾ തോന്നിയത്. അവരെക്കൂടി കഷ്ടപ്പെടുത്തേണ്ടാ എന്നുതോന്നി, ട്രീറ്റ്മെന്‍റ് രാവിലെ മാത്രമേ തുടങ്ങൂവെന്ന മുൻധാരണയിൽ.

അവർ പോയപ്പോൾ തന്നെ രാത്രി 12 ആയിക്കാണും. എന്‍റെ ധാരണ തെറ്റിച്ച് നഴ്സ് കുറെ ടെസ്റ്റുകൾക്ക് കുറിച്ചുതന്നു. പല ടെസ്റ്റും പലയിടങ്ങളിൽ. ബില്ലടക്കണം, ആ വലിയ ബിൽഡിങ്ങിന്‍റെ പല നിലകളിൽ. രോഗിയെ അതത് സ്ഥലങ്ങളിൽ എത്തിക്കണം.

ബില്ലടക്കാൻ വരാന്തകളിലൂടെ നടക്കുമ്പോൾ ഭയം തോന്നി, ഇടവഴികൾ ശൂന്യം. എല്ലാവരും ഉറക്കത്തിലേക്ക് വീണ സമയം, ബില്ലടച്ച് തിരിച്ചുപോവാൻ തുടങ്ങിയപ്പോഴാണ് ഓർത്തത്, വന്ന വാർഡ് ഏതാണെന്ന് കൃത്യമായി നോക്കിയില്ല, പിന്നെ നഴ്സിനെ കണ്ടുപിടിച്ച് അത് തീരുമാനമാക്കി.

സ്പോണ്ടിലൈറ്റിസ് രോഗവുമായി ബന്ധപ്പെട്ട് ശക്തമായ കഴുത്തുവേദനയുള്ള എനിക്ക് സ്റ്റെപ് കയറാൻ വല്ലാത്ത പ്രയാസം. ലിഫ്റ്റിൽ രാത്രി ഒറ്റക്ക് കയറാൻ ഭയം തോന്നി.

കുറേ തവണ കയറേണ്ടി വന്നപ്പോൾ ലിഫ്റ്റ് ഓപറേറ്ററെ തിരഞ്ഞു. ഒരു മൂലയിലിരിക്കുന്ന വനിത ക്ഷമാപണത്തോടെ പറഞ്ഞു, ഒരു വിദ്വാൻ വൃത്തികെട്ട ഗോഷ്ടികൾ കാണിക്കുന്നു, മനഃപൂർവം മാറിയിരുന്നതാണ്.

അവർ പറഞ്ഞത് സത്യമായിരുന്നു. ഞാൻ ഒറ്റക്കാണെന്ന് മനസ്സിലായപ്പോൾ എന്തെങ്കിലും സഹായം വേണമെങ്കിൽ പറയണമെന്ന് എന്നോട് പറഞ്ഞു. വേണ്ട എന്ന് ഒറ്റ വാക്കിൽ, കനത്ത നോട്ടത്തിൽ പറഞ്ഞതോടെ തൽക്കാലം അയാൾ മാറിപ്പോയി.

ടെസ്റ്റുകൾ കഴിഞ്ഞുവന്നപ്പോൾ വേറൊരു വാർഡിലേക്ക് മാറണമെന്നു പറഞ്ഞു. സാധനങ്ങൾ മുഴുവൻ എടുത്ത് കാഷ്വാലിറ്റിയിലേക്ക്. ‘‘പുലർച്ച ആവുമ്പോഴേക്കും ബ്ലഡ് അറേഞ്ച് ചെയ്യണം’’ -ഡോക്ടർ വന്നുപറഞ്ഞു.

അഞ്ചുമണിക്കുള്ളിൽ ഒരുതവണ കൂടി വാർഡ് മാറേണ്ടിവന്നു. ജനറൽ വാർഡിലേക്ക് മാറ്റി. ലഗേജുകൾ താങ്ങിയുള്ള നടത്തം എന്‍റെ ആരോഗ്യസ്ഥിതി കാരണം നല്ലൊരു ടാസ്ക് ആയിരുന്നു.

പുലർച്ചെതന്നെ ബ്ലഡിനുവേണ്ടി രണ്ടു വീട്ടുകാരെയും അറിയിച്ചു. ബ്ലഡ് തരാനായി സ്വന്തം റിസ്കിൽ യാത്ര ചെയ്തുവന്ന രണ്ടു ചെറുപ്പക്കാർ, അന്നോളം ഞങ്ങളെ കണ്ടിട്ടുപോലുമില്ലാത്ത രണ്ടു പേർ. മനുഷ്യനന്മയുടെ ഉറവിടങ്ങൾ വരണ്ടുപോവാത്തതുകൊണ്ടായിരിക്കാം, ഭൂമിയിൽ ഇപ്പോഴും പച്ചപ്പുള്ളത് എന്ന് തോന്നിപ്പോയി.

രാവിലെ മക്കളും കുടുംബങ്ങളും എത്തി. ഡോക്ടറാവാൻ പഠിക്കുന്ന മകൻ എത്തിയപ്പോൾ ഒന്നുകൂടി ആശ്വാസം. പരീക്ഷണഘട്ടങ്ങൾ കഴിഞ്ഞിരുന്നില്ല, കൗണ്ട് വീണ്ടും കുറയാൻ തുടങ്ങി. പെട്ടെന്ന് ഡോക്ടർ വന്ന് നാലു യൂനിറ്റ് പ്ലേറ്റ്ലറ്റ് വേണമെന്ന് പറഞ്ഞു. പെട്ടെന്ന് വേണമെന്നും മറ്റ് ആശുപത്രികളിൽനിന്ന് അറേഞ്ച് ചെയ്യാനും പറഞ്ഞു.

ആശുപത്രികളിൽ അന്വേഷിച്ചു, അവിടെ ജോലിചെയ്യുന്ന കുടുംബ സുഹൃത്തുക്കളെയും സമീപിച്ചു. എല്ലാവരും കൈമലർത്തി. അപ്പോഴാണ് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അറിയിക്കണം, ഇവിടെ അടുത്തുതന്നെയുണ്ട് എന്ന് പറഞ്ഞുപോയ ഭർത്താവിന്‍റെ സുഹൃത്തിനെ ഓർമവന്നത്.

വേഗം വിളിച്ചുനോക്കി, അദ്ദേഹം സമാധാനിപ്പിച്ചു- ‘‘പേടിക്കേണ്ട, നമുക്ക് വഴിയുണ്ടാക്കാം, ഞാൻ ഒന്ന് അന്വേഷിക്കട്ടെ.’’

അദ്ദേഹം അന്വേഷിച്ചശേഷം തിരിച്ചുവിളിച്ചു. അവർ തരാമെന്ന് പറഞ്ഞിട്ടുണ്ട്, എന്നോട് നേരിട്ട് വിളിക്കാനും പറഞ്ഞു. അദ്ദേഹം ഫോൺ വെക്കുന്നതിനുമുമ്പ് ഒരു കാര്യം കൂടി പറഞ്ഞു, ‘‘അവർ തീർച്ചയായും തരും, ഇനി അഥവാ എന്തെങ്കിലും ബുദ്ധിമുട്ട് പറഞ്ഞാൽ കേരളത്തിൽ എവിടെയുണ്ടെങ്കിലും കിട്ടാൻ വഴിയുണ്ടാക്കാം. സമാധാനമായിരിക്കൂ.’’

‘‘ദൈവമേ...’’ അറിയാതെ വിളിച്ചുപോയി, ഇടക്ക് നീ മനുഷ്യ രൂപത്തിൽ അടുത്തുവരാൻ ഇങ്ങനെ ഓരോ കാരണങ്ങളുണ്ടാക്കും... എന്തായാലും അദ്ദേഹം വിളിച്ചുപറഞ്ഞ സ്ഥലത്തുനിന്നുതന്നെ പ്ലേറ്റ്ലറ്റ് ലഭിച്ചു. അത് കയറ്റിയശേഷം കൗണ്ട് കൂടാൻ തുടങ്ങി. തിരിഞ്ഞുനോക്കുമ്പോൾ, ആ വഴിത്താരയിലെവിടെയോ ഒരു മെഴുകുതിരിനാളം കെടാതെ...




News Summary - Not everyone is alone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.