കുഞ്ഞുനാളിൽ സ്കൂൾ അവധി യാത്രകൾ എന്നും ഉമ്മിച്ചിയുടെ വീട്ടിലേക്കായിരിക്കും... നീണ്ട വേനലവധിയും കഴിഞ്ഞ് മനസ്സില്ലാ മനസ്സോടെ തിരികെ വീട്ടിലേക്ക് മടങ്ങാൻ നിൽക്കുമ്പോൾ വെല്ലുമ്മയുടെ (മുത്തശ്ശി) ഒരു വരവുണ്ട്...
നിറകണ്ണുകളോടെ കൈകളിൽ ചുരുട്ടിപ്പിടിച്ച മുഷിഞ്ഞ ഒന്നോ രണ്ടോ 10 രൂപ നോട്ടുകൾ എന്‍റെ ഷർട്ടിന്‍റെയോ ട്രൗസറിന്‍റെയോ പോക്കറ്റിലേക്ക് തിരുകിവെച്ച ശേഷം പറയും...
‘‘മോൻ ഇഷ്ടമുള്ളത് വാങ്ങിച്ചോ...’’ വലിയ ലോട്ടറി കിട്ടിയ അനുഭൂതി... വിയർപ്പിൽ അലിഞ്ഞു ചേർന്ന ആ നോട്ടുകൾക്ക് കടലാസിന്‍റെ മണമായിരുന്നില്ല. വെല്ലുമ്മയുടെ കരുതലിന്‍റെ, പറഞ്ഞറിയിക്കാൻ പറ്റാത്ത സ്നേഹത്തിന്‍റെ ഗന്ധമായിരുന്നു.
തറവാടിന്‍റെ പടി കടന്ന് റോഡിലേക്ക് ഇറങ്ങുമ്പോഴും വെല്ലുമ്മയുടെ കണ്ണുകൾ നമ്മുടെ പിറകെത്തന്നെയായിരിക്കും... അങ്ങ് ദൂരെ എത്തി കൈവീശി കാണിക്കുമ്പോഴും നമ്മളെത്തന്നെ നോക്കി വീടിന്‍റെ കോലായിൽ നിറകണ്ണുകളോടെ നിൽക്കുന്ന വെല്ലുമ്മയുടെ രൂപം അത്രമേൽ മനസ്സിൽ പതിഞ്ഞതാണ്...
ഇന്നും ഇടക്ക് വെല്ലുമ്മ ചില സ്വപ്നങ്ങളിൽ എന്‍റെ ചാരെ വന്നിരുന്ന് നെറ്റിയിൽ മൃദുവായി തടവി വിശേഷങ്ങൾ ചോദിച്ചറിയുന്നതായി തോന്നാറുണ്ട്. വർഷങ്ങൾക്കുമുമ്പ് ഒരു മഴയുള്ള ദിവസം വെള്ളത്തുണിയിൽ പൊതിഞ്ഞ് പള്ളിയിലേക്ക് അന്ത്യവിശ്രമത്തിനായി കൊണ്ടുപോയ വെല്ലുമ്മയെ ഞാൻ അധികം ഓർക്കുന്നില്ല...
ഓർക്കാൻ ശ്രമിക്കാറില്ല... ആ ഓർത്തെടുക്കൽ ഒരു നൊമ്പരമാണ് എന്ന തിരിച്ചറിവാകാം ആ ഓർമകളെ പിന്തുടരാതെ വിട്ടുകളയുന്നത്.
മുതിർന്നതോടെ തറവാട്ടിലേക്കുള്ള യാത്രകൾ വളരെയധികം ചുരുങ്ങി. ഇന്നും സ്കൂൾ അവധികളിൽ വെല്ലുമ്മ ഞങ്ങളെയും പ്രതീക്ഷിച്ച് തറവാടിന്‍റെ കോലായിൽ എവിടെയോ നിൽക്കുന്നതായി എനിക്ക് തോന്നാറുണ്ട്.
എന്‍റെ നേർക്ക് ഒരുപാട് നീട്ടിവീശിയ ആ കൈകൾ അവിടെത്തന്നെയുണ്ട് എന്ന ബോധ്യത്തിൽ തറവാടിന്‍റെ മുന്നിലൂടെ കടന്നുപോകുമ്പോഴും ‘മോനേ’ എന്നൊരു പിൻവിളി കാതുകളിൽ മുഴങ്ങുന്നതായി തോന്നാറുണ്ടോ? മോൻ എന്തേ ഇങ്ങോട്ടൊന്നും വരാത്തതെന്ന ചില പരിഭവം പറച്ചിലുകൾ കേട്ടതായി തോന്നിയോ? അറിയില്ല...
ആ ഓർമകളിൽനിന്ന് ഉണരുമ്പോൾ ബോധപൂർവം എന്‍റെ കൺപോളകളിൽ ഒളിപ്പിക്കാൻ ശ്രമിക്കുന്ന കണ്ണുനീർ തുള്ളികൾ ഞാൻ അറിയാതെ എന്‍റെ കൺതടങ്ങളിലൂടെ ഊർന്നിറങ്ങുമ്പോൾ... അപ്പോൾ ഞാൻ അനുഭവിക്കുന്ന നൊമ്പരമാകാം വെല്ലുമ്മയും കൊച്ചുമോനും തമ്മിലുണ്ടായ ഒരു ആത്മബന്ധം കണ്ണീരിലൂടെ എന്നെത്തന്നെ ബോധ്യപ്പെടുത്തുന്നത്.
ഈ വർത്തമാനകാലത്തിലും ഞാൻ ഒന്ന് കാലിടറുമ്പോൾ, ചില നേരങ്ങളിൽ ഒറ്റക്കാകുമ്പോൾ, കൂട്ടിരിക്കാൻ... എന്‍റെ സന്തോഷങ്ങളിൽ കൂടെ ചിരിക്കാൻ... സങ്കടങ്ങളിൽ എന്നെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാൻ അങ്ങ് ദൂരെ കാണാമറയത്ത് നമ്മളെ നോക്കി വെല്ലുമ്മ ഇരിക്കുന്നുണ്ടാകും എന്ന ചില കരുതലുകൾ, ആ പ്രതീക്ഷകൾ എന്‍റെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്താണ്.
യാഥാർഥ്യങ്ങൾക്കപ്പുറം ആ പ്രതീക്ഷകൾ അതങ്ങനെത്തന്നെ നിന്നോട്ടെ. അദൃശ്യമായ ചില തലോടലുകളും സാന്ത്വനങ്ങളുമായി നമ്മുടെ പ്രിയപ്പെട്ടവർ എന്നും കൂടെയുണ്ടാകുമെന്ന് വിശ്വസിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.