കോവിഡിെൻറ മൂന്നാം തരംഗത്തെ അൽപം ഭീതിയോടെതന്നെയാണ് നാം നോക്കിക്കാണുന്നത്. ജനിതക വ്യതിയാനം സംഭവിച്ച െഡൽറ്റ പ്ലസ് വൈറസിെൻറ സാന്നിധ്യം ഭീതി വർധിപ്പിക്കുന്നു. കോവിഡിെൻറ ഒന്നാം തരംഗവും രണ്ടാം തരംഗവും സമൂഹത്തിന് ഏൽപിച്ച ആഘാതത്തിൽനിന്ന് ഇനിയും രാജ്യം മുക്തമായിട്ടില്ല. അപ്പോഴാണ് ഡെൽറ്റ പ്ലസിെൻറ കടന്നുവരവ്. എന്നാൽ, ഇപ്പോഴുള്ള ജാഗ്രതയും സുരക്ഷ മുൻകരുതലുകളും വാക്സിനേഷനുകളും കൃത്യമായി നടക്കുകയാണെങ്കിൽ മൂന്നാം തരംഗത്തെ പേടിക്കേണ്ടതില്ല എന്നാണ് വിദഗ്ധർ പറയുന്നത്.
കൊറോണ വൈറസ് ആദ്യം പകരുന്ന സമയത്ത് അതിനെ പ്രതിരോധിക്കാനുള്ള ശേഷി മനുഷ്യർക്കുണ്ടായിരുന്നില്ല. പ്രതിരോധശേഷി കുറഞ്ഞ ഇടത്തേക്കാണ് കൊറോണയെന്ന ശക്തിയേറിയ വൈറസ് കടന്നുവരുന്നത്. സ്വാഭാവികമായും അതിനെ ചെറുക്കാൻ മനുഷ്യന് സാധിച്ചില്ല.
മനുഷ്യകോശങ്ങളെ ആക്രമിക്കാനുള്ള കഴിവ് മറ്റു വൈറസുകളേക്കാൾ കൊറോണക്കുണ്ട്. ആൻജിയോ ടെൻസിൻ കൺവേർട്ടിങ് എൻസൈം എന്ന ഘടകം വഴിയാണ് വൈറസ് കോശത്തിനകത്തേക്കു കയറുന്നത്. മൂക്കു മുതൽ ശ്വാസകോശം വരെയുള്ള ഭാഗത്താണ് ഇതു കൂടുതലുണ്ടാകുക. കൊറോണ ആദ്യം മനുഷ്യരെ ആക്രമിച്ച ആ സമയത്തെയാണ് ഒന്നാം തരംഗം എന്നുപറയുന്നത്. ഓരോ രാജ്യങ്ങളും കൊറോണയെ നിയന്ത്രിച്ച രീതിവെച്ച് ഒന്നാം തരംഗത്തെതന്നെ പല ഘട്ടങ്ങളായി തിരിക്കാം.
യൂറോപ്പിലെല്ലാം രണ്ടും മൂന്നും ഘട്ടങ്ങളെ ചേർത്തുവെച്ചാണ് ഒന്നാം തരംഗം എന്നു പറയുന്നത്. ആദ്യതരംഗത്തിനുശേഷം മാസ്ക്, സാമൂഹിക അകലം, കുറച്ചൊക്കെ വാക്സിനേഷൻ ഈ മാർഗങ്ങളിലൂടെ മനുഷ്യൻ വൈറസിനെ നിയന്ത്രിക്കാൻ പഠിച്ചു. മനുഷ്യൻ കുറച്ചുകൂടി ജാഗ്രത പാലിക്കാൻ തുടങ്ങിയതോടെ വൈറസിെൻറ ആക്രമണം കുറഞ്ഞു. മനുഷ്യനും വൈറസും തമ്മിലുള്ള പോരാട്ടത്തിൽ മനുഷ്യന് കുറച്ച് മേൽക്കൈ കിട്ടി. ഈ സമയത്ത് വൈറസിൽതന്നെ ജനിതമാറ്റം സംഭവിക്കാൻ തുടങ്ങി.
ഈ വൈറസുകളാണ് പിന്നീട് മനുഷ്യനെ ആക്രമിക്കാൻ തുടങ്ങിയത്. മനുഷ്യൻ എടുത്ത മുൻകരുതലുകളെ മറികടന്നാണ് പിന്നീട് വൈറസുകൾ ആക്രമിക്കാൻ തുടങ്ങിയത്. വീണ്ടും വൈറസ് മേൽക്കൈ നേടുകയും വ്യാപകമായി ആളുകളിലേക്കു പകരാനും തുടങ്ങി. മനുഷ്യെൻറ ശ്രദ്ധ അൽപം കുറഞ്ഞ സമയംകൂടിയായിരുന്നു അത്. ഇതേസമയത്തുതന്നെയാണ് തെരഞ്ഞെടുപ്പും മറ്റ് ആഘോഷങ്ങളുമെല്ലാം വന്നത്. സാഹചര്യങ്ങൾ വീണ്ടും വൈറസിന് അനുകൂലമായി. ഈ സമയത്തെയാണ് രണ്ടാം തരംഗം എന്നു വിളിക്കുന്നത്.
ഇന്ത്യയിൽ ആൽഫ എന്ന യു.കെ വകഭേദം, ഡെൽറ്റയുടെ ഇന്ത്യൻ വകഭേദങ്ങൾ ഇവയെല്ലാം കൂടുതലായും ആളുകളെ ബാധിച്ചു. കേരളം ഒഴികെയുള്ള ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ആരോഗ്യസംവിധാനങ്ങൾക്ക് പിടിച്ചാൽ കിട്ടാവുന്നതിലും വളരെ ഉയർന്ന നിരക്കിലേക്ക് രോഗികളുടെ എണ്ണം ഉയർന്നു. ആശുപത്രികളിൽ കിടക്കകൾ ഒഴിവില്ലാതായി, ഓക്സിജൻ കിട്ടാതായി, മരണനിരക്ക് കൂടി, ശ്മശാനത്തിൽ സംസ്കരിക്കാൻ സ്ഥലമില്ലാതെയായി.
രണ്ടാം തരംഗത്തിൽ വ്യാപകമായി ആളുകളെയെല്ലാം രോഗികളാക്കിയശേഷം വൈറസ് ഒന്ന് പിന്മാറി. രോഗം വന്നതിനുശേഷം ആളുകൾക്ക് സ്വാഭാവികമായും കൈവരുന്ന പ്രതിരോധശേഷിയും വാക്സിൻ എടുക്കുന്നവരുടെയും എണ്ണം കൂടുകയും ചെയ്തപ്പോൾ വൈറസ് അൽപം പിന്മാറി എന്നും പറയാം. ഇനി വൈറസിന് കൂടുതൽ ആളുകളെ ആക്രമിക്കാൻ ഈ പറയുന്ന പ്രതിരോധസംവിധാനങ്ങളെ മറികടക്കണം. ഇപ്പോഴുള്ള മുൻകരുതലും സാമൂഹിക അകലം പാലിക്കലുമെല്ലാം ഇല്ലാതാകുകയോ, ഓണം പോലുള്ള ആഘോഷങ്ങൾക്ക് കൂടുതൽ ആളുകൾ ഒത്തുകൂടുകയോ സമ്പർക്കം കൂടുതലാകുകയോ ചെയ്യുന്ന സമയത്തായിരിക്കും മൂന്നാം തരംഗം ഉണ്ടാകുന്നത്.
ഇന്ത്യയിലാണ് ആദ്യമായി 'ഡെല്റ്റ' വകഭേദം കണ്ടെത്തിയത്. ആദ്യഘട്ടത്തിലുണ്ടായിരുന്ന കൊറോണ വൈറസിനെക്കാള് രോഗവ്യാപനം കൂട്ടുന്നതാണ് 'ഡെല്റ്റ' വകഭേദം. രണ്ടാം തരംഗം ഡെൽറ്റ വകഭേദംകൊണ്ടാണ് ഉണ്ടായത് എന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. വൈറസ് ഒട്ടേറെ പേരിലേക്ക് എത്തിയശേഷം വൈറസിെൻറ സാന്നിധ്യം കുറച്ച് കുറഞ്ഞു. രോഗം ബാധിച്ചവർ രോഗമുക്തരാകുകയും ചെയ്തു. ആ സമയത്താണ് ഡെൽറ്റയിൽതന്നെ ജനിതകവ്യതിയാനം സംഭവിച്ച ഡെൽറ്റ പ്ലസ് റിപ്പോർട്ട് ചെയ്യുന്നത്. വൈറസിെൻറ റിസപ്ടർ ബൈറ്റിങ് ഡൊമൈൻ ഭാഗത്താണ് വ്യതിയാനം.
മുള്ളുകൾപോലെ പുറത്തേക്കു തള്ളിനിൽക്കുന്ന ഈ ഭാഗം ഉപയോഗിച്ചാണ് വൈറസ് മനുഷ്യകോശങ്ങൾക്കുള്ളിലേക്ക് കയറുന്നത്. ആ ഭാഗത്തുണ്ടാകുന്ന വ്യതിയാനം മൂലം മനുഷ്യശരീരത്തേക്ക് കയറുന്നതിെൻറ ശേഷി കൂടും. ഇതുമൂലം ശരീരത്തിലെ ആൻറിബോഡിയുടെ പ്രവർത്തനത്തെ കുറക്കാൻ വൈറസിന് ശേഷിയുണ്ടാകും. അതുകൊണ്ടാണ് ഡെൽറ്റ പ്ലസിന് മറ്റു വൈറസുകളേക്കാൾ കരുതലും ശ്രദ്ധയും കൊടുക്കണമെന്ന് പറയുന്നത്. ഇന്ത്യയിലെ 11 ഓളം സംസ്ഥാനങ്ങളിൽ ഡെൽറ്റ പ്ലസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രോഗപ്രതിരോധശേഷിയെ മറികടന്ന് രോഗം ഉണ്ടാക്കാൻ കഴിവുള്ള വൈറസായിരിക്കും മൂന്നാം തരംഗത്തിൽ വരുന്നത്. ഒരിക്കൽ രോഗം വന്നവർക്കോ വാക്സിനേഷൻ എടുത്തവർക്കോ വീണ്ടും രോഗം വരുമ്പോൾ രോഗ തീവ്രത വളരെ കുറവായിരിക്കും. മറിച്ച്, ഇതുവരെ രോഗം വരാത്ത, വാക്സിനേഷൻ എടുക്കാത്ത ഒരാൾക്ക് രോഗം ഗുരുതരമാകാം.
● ഇപ്പോഴുള്ള സുരക്ഷ മുൻകരുതലുകളിൽ ഇളവ് വരുത്താതിരിക്കുകയും കൂടുതൽ പേരെ വാക്സിനേഷൻ ചെയ്യിക്കാൻ കഴിയുകയും ചെയ്താൽ മൂന്നാംതരംഗം രണ്ടാം തരംഗത്തേക്കാൾ തീവ്രത കുറഞ്ഞതായിരിക്കും
●ഇനി അതല്ല, പുതുതായി ജനിതകമാറ്റം വന്ന വൈറസ് രോഗതീവ്രത കൂട്ടുന്നതും സമൂഹത്തിന് വിചാരിച്ച പ്രതിരോധശക്തി ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ കാര്യങ്ങൾ കൈവിട്ടുപോകും. ഇവിടെയാണ് നാം മുൻകരുതലെടുക്കേണ്ടത്. മൂന്നാം തരംഗം എത്തുന്നതിന് മുമ്പുതന്നെ കൂടുതൽ ആളുകളെ വാക്സിനേഷൻ ചെയ്യിപ്പിക്കുകയാണ് ഒരു മാർഗം. ആഗസ്റ്റ് പകുതിയോടുകൂടി 40 ശതമാനത്തോളം ആളുകളെയെങ്കിലും വാക്സിനേഷൻ ചെയ്യാൻ സാധിച്ചാൽ മൂന്നാം തരംഗം വ്യാപകമാകുന്നതിനുള്ള സാധ്യത കുറക്കാൻ സാധിക്കും.
● ഒരു വൈറസിന് മേധാവിത്വം കിട്ടുന്നത് കൂടുതൽ ആളുകളെ രോഗികളാക്കാൻ കഴിയുമ്പോഴാണ്. അല്ലാതെ മരണനിരക്ക് കൂട്ടാൻ സാധിക്കുന്നതുകൊണ്ടല്ല. അതുകൊണ്ട് വൈറസ് കൂടുതൽ ആളുകളിലേക്ക് പകരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുക. ഏതെല്ലാം പ്രദേശങ്ങളിലാണ് ഡെൽറ്റ പ്ലസ് കാണുന്നത് എന്ന് കണ്ടെത്തി പ്രത്യേക ശ്രദ്ധകൊടുത്ത് നിയന്ത്രിക്കാൻ ശ്രമിക്കണം.
െഡൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ഏറ്റവും കൂടുതൽ നടന്ന ചർച്ച അത് കുട്ടികളുടെ ജീവനെടുക്കും എന്നതായിരുന്നു. കണക്കുകളനുസരിച്ച് ജനസംഖ്യയിൽ 25 ശതമാനത്തോളം 18 വയസ്സിന് താഴെയുള്ളവരാണ്. മൊത്തം കോവിഡ് രോഗികളിൽ 15 ശതമാനം മാത്രമേ 18 വയസ്സിൽ താഴെയുള്ളവരുള്ളൂ. മൂന്നാം തരംഗത്തിൽ കുട്ടികളെ കൂടുതൽ ബാധിക്കുമെന്ന് കരുതുന്നതിന് പ്രധാന കാരണം വാക്സിനേഷൻ തന്നെയാണ്.
മൂന്നാം തരംഗം എത്തുമ്പോഴേക്കും നല്ലൊരു ശതമാനം ആളുകളും വാക്സിനേഷൻ എടുത്തുകഴിഞ്ഞിരിക്കും. അവരെല്ലാം 18 വയസ്സിനു മുകളിലുള്ളവരായിരിക്കും. വാക്സിനേഷൻ എടുത്തവർക്ക് സ്വാഭാവികമായും ലഭിക്കുന്ന രോഗപ്രതിരോധശേഷിയുണ്ട്. ഈ സാഹചര്യത്തിൽ വാക്സിനേഷൻ എടുക്കാത്തവരെയായിരിക്കും അടുത്ത തരംഗത്തിൽ വൈറസ് കൂടുതലും ബാധിക്കുക എന്നതാണ് ഈ ഭയം വളരാൻ കാരണം.
മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കും എന്നതിന് ശാസ്ത്രീയമായി അടിത്തറയില്ല. ഇന്നത്തെ സാഹചര്യത്തിൽ കുട്ടികൾക്ക് നേരിട്ട് രോഗാണുബാധ എത്താനുള്ള സാധ്യത വളരെ കുറവാണ്. സ്കൂളുകൾ തുറന്നിട്ടില്ല. മാത്രവുമല്ല, പുറത്തുള്ള ആളുകളുമായി കുട്ടികൾ ഇടപെടുന്നില്ല. അവർ ഇടപെടുന്നത് വീട്ടിലുള്ള മുതിർന്നവരുമായിട്ടാണ്. മുതിർന്നവർക്ക് രോഗമുണ്ടായാൽ മാത്രമേ കുട്ടികൾക്ക് രോഗമുണ്ടാകൂ. മുതിർന്നവർ സുരക്ഷിതരാണെങ്കിൽ കുട്ടികളും സുരക്ഷിതരാണ്. ഭയപ്പെടുന്നതുപോലെ കുട്ടികളെ തിരഞ്ഞുപിടിച്ച് വൈറസ് ആക്രമിക്കില്ല. കുട്ടികളെ ശാരീരികവും മാനസികവുമായി ആരോഗ്യവാന്മാരാക്കുന്നതിനോടൊപ്പംതന്നെ വീട്ടിലുള്ള മുതിർന്നവർ കൃത്യമായി വാക്സിനേഷൻ നടത്തുകയും മുൻകരുതലെടുക്കുകയും ചെയ്താൽ കുട്ടികളും സുരക്ഷിതരായിരിക്കും.
നിസ്സാരക്കാരനല്ല ബ്ലാക്ക് ഫംഗസ്
'മ്യൂക്കോർമൈസെറ്റ്സ്' എന്നറിയപ്പെടുന്ന ഫംഗസുകളുണ്ടാക്കുന്ന രോഗമാണ് 'മ്യൂക്കോർമൈക്കോസിസ്' അഥവാ ബ്ലാക്ക് ഫംഗസ് രോഗം. നമ്മുടെ കാലാവസ്ഥയും പരിസ്ഥിതിയുമെല്ലാം ഇത്തരം ഫംഗസുകൾക്ക് വളരാനുള്ള സാഹചര്യമൊരുക്കുന്നു. രോഗപ്രതിരോധശേഷി കുറഞ്ഞവരെയാണ് ഈ ഫംഗസ് ആക്രമിക്കുക. പ്രമേഹംപോലുള്ള രോഗങ്ങളുടെ നിയന്ത്രണം നമ്മുടെ രാജ്യത്ത് പൊതുവെ കുറവാണ്. പ്രമേഹമുണ്ടെങ്കിൽതന്നെ മരുന്ന് കഴിക്കാൻ മടിക്കുന്നവരാണ് നല്ലൊരു ശതമാനവും. ഫലമോ ഒരിക്കലും പ്രമേഹത്തെ നിയന്ത്രിക്കാൻ സാധിക്കില്ല. ഇത്തരക്കാരിൽ പൊതുവെ പ്രതിരോധശേഷി കുറവായിരിക്കും. ഇവരിലാണ് ബ്ലാക്ക് ഫംഗസ് രോഗം കൂടുതലും ഗുരുതരമായി കണ്ടുവരുന്നത്. മൂക്കിനെയും സൈനസുകളെയുമാണ് ഈ രോഗം കൂടുതലായും ബാധിക്കുന്നത്. മൂക്കിൽ പഴുപ്പ്, രക്തം വരുക, കണ്ണിന് വേദന, നീരുവരുക, തലവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ശ്രദ്ധിച്ചില്ലെങ്കിൽ മരണത്തിലേക്കുവരെ ഈ രോഗം നയിച്ചേക്കാം.
ശ്രദ്ധിക്കേണ്ടത്
● പ്രമേഹരോഗികൾ മരുന്നുകളെ ഭയപ്പെടരുത്. പ്രമേഹത്തെ നിയന്ത്രിച്ചുനിർത്തുക. ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ കഴിച്ചുതുടങ്ങുക.
●സ്റ്റിറോയിഡ് മരുന്നുകൾ വൈദ്യനിർദേശമനുസരിച്ച് മാത്രം ഉപയോഗിക്കുക. അത് പറഞ്ഞ കാലയളവിൽ മാത്രം ഉപയോഗിക്കുക. ● ഫംഗസ് കൂടുതലുണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. മുറികൾ വൃത്തിഹീനമായി കിടക്കുന്നത് ഒഴിവാക്കുക, സർവിസ് ചെയ്യാത്ത എ.സികൾ നന്നാക്കുക. ●നനഞ്ഞ മാസ്കുകൾ ഉപയോഗിക്കാതിരിക്കുക. തുണിമാസ്കുകൾ ഉണക്കി ഉപയോഗിക്കുക. വ്യക്തിശുചിത്വം പാലിക്കുക. ●രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക.
വിവരങ്ങൾക്ക് കടപ്പാട്: ഡോ. ടി.എസ്. അനീഷ്
കമ്യൂണിറ്റി മെഡിസിന് വിഭാഗം തിരുവനന്തപുരം മെഡിക്കല് കോളജ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.