തടികുറക്കാനും ആരോഗ്യസംരക്ഷണത്തിനുമായി പല വഴി തേടുന്നവരാണ് നമ്മൾ. ഏത് വ്യായാമ രീതിയാണെങ്കിലും ‘ആരംഭശൂരത്വം’ കഴിഞ്ഞാൽപിന്നെ താത്പര്യം കുറഞ്ഞ് ആ വഴിയേ ചിന്തിക്കാത്തവരാണ് ഭൂരിഭാഗവും. എന്നാൽ പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര ചെയ്ത് ആരോഗ്യം സംരക്ഷിക്കാൻ താൽപര്യമുണ്ടോ നിങ്ങൾക്ക്?.
ഉണ്ടെങ്കിൽ ഏറ്റവും മികച്ച വഴിയാണ് സൈക്ലിങ്. ആരോഗ്യപരിപാലനത്തിനൊപ്പം ജീവിതശൈലീരോഗങ്ങളിലും സൈക്കിൾ ചിലർക്ക് മരുന്നാണ്. നീന്തൽ, ജോഗിങ് തുടങ്ങിയവയെപ്പോലെ മികച്ച എയ്റോബിക് വ്യായാമം കൂടിയാണിത്. ദിവസവും സൈക്കിൾ ചവിട്ടിയാൽ ലഭിക്കുന്ന ഗുണങ്ങളും ഏറെയാണ്. കോവിഡാനന്തരം അലട്ടുന്ന ശാരീരിക-മാനസിക അസ്വസ്ഥതകൾക്കും സൈക്ലിങ് പരിഹാരമാണ്.
ശ്വസിക്കാം ആശ്വാസത്തോടെ
ചെറിയ തോതില് ശ്വാസം പിടിച്ചുനില്ക്കുന്ന തരത്തിലുള്ള വ്യായാമങ്ങള് ശ്വാസകോശത്തിനുള്ള നല്ലൊരു വ്യായാമമാണ്. ഇത്തരത്തിലുള്ളവർക്ക് മികച്ച വ്യായാമമാണ് സൈക്ലിങ്. നടത്തവും ജോഗിങ്ങുംപോലെ തന്നെ ശരീരത്തിൽ ശ്വാസോച്ഛ്വാസപ്രക്രിയ കൂടുന്നതു വഴി കൂടുതൽ ഓക്സിജൻ ലഭിക്കുകയും ശ്വാസകോശങ്ങളുടെ ആരോഗ്യവും പ്രവർത്തനക്ഷമതയും വർധിക്കുകയും ചെയ്യും.
ഹൃദയത്തെ കാക്കും
ജീവിതശൈലിയിൽ വന്ന മാറ്റങ്ങളുടെ ഫലമായി ചെറുപ്പക്കാരിൽപോലും ഹൃദയാഘാതവും ബ്ലോക്കുമെല്ലാം നിത്യസംഭവമായി മാറിയ കാലമാണിന്ന്. ആരോഗ്യത്തിന് കോവിഡുണ്ടാക്കിയ ആഘാതവും ചെറുതല്ല. ഹൃദയത്തെ സംരക്ഷിക്കാൻ പറ്റിയ ഏറ്റവും മികച്ച കാർഡിയാക് വ്യായാമമാണ് സൈക്ലിങ്. ഇതുവഴി ബ്ലോക്ക്, അറ്റാക്ക് തുടങ്ങിയവയിൽനിന്ന് ഹൃദയത്തെ സംരക്ഷിക്കാൻ സാധിക്കും.
തടിയെ ചവിട്ടിയോടിക്കാം
തടി കൂടുന്നു എന്നതാണല്ലോ ഇപ്പോൾ മിക്കവരുടെയും പരാതി. ജിമ്മിൽ പോയാൽ മാത്രമല്ല, സൈക്കിളോടിച്ചാലും തടികുറക്കാൻ സാധിക്കും. പണച്ചെലവില്ലാതെ, അമിതമായ ഭക്ഷണനിയന്ത്രണമില്ലാതെ, മറ്റു പാർശ്വഫലങ്ങളില്ലാതെതന്നെ തടി കുറക്കാൻ കഴിയുമെന്നതാണ് ഇതിൻെറ ഏറ്റവും വലിയ പ്രത്യേകത. കാലിലെയും കൈകളിലെയും അടിവയറിലെയുമുൾപ്പെടെ ശരീരത്തിലെ മുഴുവൻ കൊഴുപ്പും കത്തിച്ചുകളയാൻ ഇതിലും മികച്ച മാർഗമില്ല.
എല്ലിനും പേശികൾക്കും ശക്തിയേകും
സൈക്കിൾ ചവിട്ടുമ്പോൾ ശരീരത്തിലുണ്ടാകുന്ന ചലനങ്ങൾമൂലം പേശികളുടെയും എല്ലുകളുടെയും ശക്തി വർധിപ്പിക്കാൻ സാധിക്കും. കൂടാതെ മസിലുകളുടെ വഴക്കം കൂട്ടാനും സഹായിക്കും.
സൈക്ലിങ് ചെയ്യുമ്പോൾ കാലുകളിലും കൈകളിലുമാണ് കൂടുതൽ ചലനങ്ങളുണ്ടാവുന്നത്. അതുവഴി കാലുകളിലെയും കൈകളിലെയും അരക്കെട്ടിന് താഴെയുള്ള എല്ലുകളിലെയും ഷോൾഡറുകളിലെയും ജോയൻറുകൾക്ക് കൂടുതൽ ശക്തി ലഭിക്കും.
വിഷാദമേ വിട
എയ്റോബിക് വ്യായാമങ്ങളെല്ലാം മനസ്സമ്മർദം കുറക്കാൻ സഹായിക്കുന്നവയാണ്. ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന സന്തോഷം പ്രദാനംചെയ്യുന്ന മികച്ച വ്യായാമമാണ് സൈക്ലിങ്. മനസ്സിലെ വിഷാദങ്ങളും സങ്കടങ്ങളും ഇല്ലാതാക്കി, സമ്മർദം മാറ്റി ഉന്മേഷം നിറക്കാൻ കഴിയും. കൂടാതെ നല്ല ഉറക്കവും ലഭിക്കും. ശരീരം ആക്ടിവായിരിക്കുമ്പോൾ ഏകാഗ്രത വർധിക്കുകയും കൂടുതൽ ഊർജസ്വലതയോടെ ജോലികൾ ചെയ്യാൻ സാധിക്കുകയും ചെയ്യും.
പ്രായത്തെ മറികടക്കാം
സൈക്കിൾ ചവിട്ടുമ്പോൾ ശരീരം വിയർക്കുകയും കൂടുതൽ രക്തയോട്ടം ഉണ്ടാവുകയും ചെയ്യുന്നു. ഈ സമയത്ത് കോശങ്ങൾ കൂടുതൽ ഊർജസ്വലമാകും. ചർമങ്ങൾക്ക് പുത്തൻ ഉണർവും തെളിച്ചവും ലഭിക്കും. ഇതുവഴി നിങ്ങളുടെ സൗന്ദര്യം കൂടുതൽ തിളങ്ങും.
ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാം
വ്യായാമമില്ലാത്തതാണ് പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദം തുടങ്ങിയ ജീവിത ശൈലിരോഗങ്ങളുടെ പ്രധാന കാരണം. ഇവയെ പ്രതിരോധിക്കാൻ ഏറ്റവും മികച്ച മാർഗം കൂടിയാണ് സൈക്ലിങ്. കൂടാതെ പലവിധ അർബുദങ്ങളെയും പ്രതിരോധിക്കാനുള്ള മികച്ച വഴി കൂടിയാണിത്.
കൂട്ടായ്മയുടെ സന്തോഷം
ജീവിതത്തിൻെറ തിരക്കുകൾക്കിടയിൽ ഉഴലുമ്പോഴും മനസ്സും ശരീരവും സന്തോഷം നിറക്കുന്ന ഉപായമെന്ന നിലയിൽ സൈക്ലിങ് ശീലമാക്കാവുന്നതാണ്. കൂട്ടുകാരൊന്നിച്ച് സൈക്കിളിൽ സവാരിക്കിറങ്ങുമ്പോൾ ലഭിക്കുന്ന സന്തോഷം ഒന്നുവേറെ തെന്നയാണ്.
കരുതലുണ്ടാവണം...
●നടത്തത്തിനെക്കാൾ കൂടുതൽ ആയാസം വേണ്ടതുകൊണ്ട് സൈക്കിൾ ചവിട്ടുമ്പോൾ കൂടുതൽ കരുതലെടുക്കണം.
●40–45 വയസ്സ് പ്രായമുള്ളവർ, പ്രത്യേകിച്ചും വണ്ണം കൂടിയവർ, പുകവലിയുള്ളവർ, പ്രമേഹമുള്ളവർ എന്നിവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ സൈക്ലിങ് ആരംഭിക്കാവൂ.
●ഹൃദയത്തിന് കൂടുതൽ ആയാസമുണ്ടാക്കാവുന്ന വ്യായാമായതിനാൽ ഹൃദയധമനീരോഗങ്ങൾ ഇല്ലായന്ന് ഉറപ്പാക്കുന്നത് അത്യാവശ്യമാണ്.
●കൂടുതലായി വിയർക്കുന്നവർ വെള്ളം സൈക്കിളിൽ കരുതണം. ദീർഘദൂരം യാത്രപോകുമ്പോൾ ശരീരത്തിലെ സോഡിയത്തിന്റെ അളവുകുറഞ്ഞ് പെട്ടെന്ന് ക്ഷീണം വരാൻ സാധ്യതയുണ്ട്. അതു മറികടക്കാൻ ഉപ്പും മധുരവും ചേർത്ത നാരങ്ങാവെള്ളം കുപ്പിയിൽ കരുതുകയും ഇടയ്ക്കിടെ, അൽപാൽപം കുടിക്കുന്നതും നല്ലതാണ്.
പ്രായം തടസ്സമേയല്ല...
● നടക്കാൻ പ്രായമാകുന്ന സമയം മുതൽ കുഞ്ഞുങ്ങളെ ബേബി സൈക്കിളുകൾ ഉപയോഗിക്കാൻ പരിശീലിപ്പിക്കാം. സെക്കിളിന്റെ ചലനവും ശരീരത്തിന്റെ ബാലൻസിങ്ങും ചെറു പ്രായത്തിൽതന്നെ ശീലിക്കുന്നത് ശാരീരികമായും മാനസികമായും ഗുണം ചെയ്യും.
● വാർധക്യത്തിലെ ആരോഗ്യ പ്രശ്നങ്ങളെ സുരക്ഷിതമായി പരിഹരിക്കുന്ന ഉപാധിയാണ് സൈക്ലിങ്. പ്രായമേറെയായിക്കഴിഞ്ഞ് സൈക്കിൾ ചവിട്ടാൻ പഠിക്കുന്നത് അത്ര എളുപ്പമല്ല. അതിനാൽ ആരോഗ്യമുള്ള ചെറുപ്പകാലത്തേ തന്നെ സൈക്ലിങ് പഠിച്ചുവെക്കുന്നത് അത്യാവശ്യമാണ്. പ്രായമേറിയവർക്ക്, ഗിയറുള്ള സൈക്കിളുകളാണ് ഉത്തമം. കാരണം, ഗിയറുകളുള്ള സൈക്കിളുകളാണ് ഉപയോഗിക്കുന്നതെങ്കിൽ കാൽ മുട്ടുകൾക്കുണ്ടാവുന്ന അമിതമായ ആയാസം നന്നേ കുറയ്ക്കാനാകും.
സൈക്കിൾ ചവിട്ടിത്തുടങ്ങും മുമ്പ് ശ്രദ്ധിക്കാം...
●സൈക്കിൾ വ്യായാമമായി ചെയ്യാൻ തുടങ്ങുമ്പോൾ ആദ്യ ദിവസങ്ങളിൽ കുറച്ച് ദൂരം മാത്രം ചവിട്ടുക. ആദ്യ ദിനംതന്നെ കൂടുതൽ ദൂരം ചവിട്ടുന്നത് നല്ലതല്ല. വേഗവും കിലോമീറ്ററും അറിയാൻ പറ്റുന്ന ഡിജിറ്റൽ മീറ്ററുള്ള സൈക്കിളുകൾ ഇന്ന് വിപണയിൽ ലഭ്യമാണ്. ഇതുവഴി നമുക്ക് സഞ്ചരിക്കേണ്ട ദൂരവും സമയം ഓരോ ദിവസവും സെറ്റ് ചെയ്യാം.
●രാവിലെ സൈക്ലിങ് നടത്തുന്നതാണ് ഏറ്റവും നല്ലത്
●കാലുകൾ, കൈകൾ, മുട്ട് ഇവയിലേതിലെങ്കിലും സർജറികഴിഞ്ഞവരോ, മുറിവ് പറ്റിയവരോ സൈക്ലിങ് ചെയ്യുന്നത് നല്ലതല്ല. ഇവ ഭേദമായതിനുശേഷം പതുക്കെ മാത്രമെ സൈക്ലിങ് ചെയ്യാവൂ
●സന്ധിവേദന, പുറംവേദന തുടങ്ങിയ ശാരീരികപ്രശ്നങ്ങളുള്ളവര് സൈക്കിള് അധികം ചവിട്ടാതിരിക്കുക.
●സൈക്കിൾ ചവിട്ടുന്ന ആളുടെ ഭാരം, സവാരിക്കിറങ്ങുന്ന സ്ഥലത്തിൻെറ ഭൂപ്രകൃതി തുടങ്ങിയവക്കനുസരിച്ച് ചവിട്ടുന്ന ദൂരം ക്രമീകരിക്കുക.
●ലഘുഭക്ഷണം കഴിച്ചതിന് ശേഷം മാത്രം സൈക്കിൾ സവാരിക്കിറങ്ങുക. ക്ഷീണം തോന്നുമ്പോൾ വിശ്രമിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക.
●ഹെൽമറ്റ് നിർബന്ധമായും ധരിക്കുക.
(കുടുംബം ആർക്കൈവ്സ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.