ഭൂമിയെന്ന ഈ മനോഹര തീരത്ത് ഒരു നിമിഷമെങ്കിൽ ഒരു നിമിഷം അധികം ലഭിക്കാൻ ആഗ്രഹിക്കാത്തവരാരുണ്ട്? നാം ജീവിക്കുന്ന ജീവിതം തന്നെയല്ലേ നമ്മുടെ ആയുസ്സിെൻറ നീളം നിശ്ചയിക്കുന്നതും? നല്ല കാര്യങ്ങൾ ചെയ്ത് കൂടുതൽ കാലം നന്നായി ജീവിക്കാൻ ഇതാ ചില ലൈഫ് സ്െെറ്റൽ രഹസ്യങ്ങൾ...
രോഗം വരുമ്പോള്‍ മാത്രം ആരോഗ്യത്തെപ്പറ്റി ചിന്തിക്കുന്നവരാണ് ഭൂരിഭാഗം പേരും. എല്ലാ കാര്യങ്ങളിലും ഒരു മുന്‍കരുതല്‍ എടുക്കുന്ന നാം ആരോഗ്യത്തിെൻറ കാര്യത്തില്‍ ഈ ശ്രദ്ധ കാട്ടാറില്ല എന്നതാണ് വാസ്തവം. ഓജസ്സോടെ, ചുറുചുറുക്കോടെ ഓടിക്കൊണ്ടിരിക്കുന്ന നാം മധ്യവയസ്സിലേക്കും വാർധക്യത്തിലേക്കും കടക്കുന്നത് ആരോഗ്യപരമായ പ്ലാനിങ് ഇല്ലാതെയാണ്. അതുകൊണ്ടുതന്നെ, രോഗാതുരതകള്‍ ഏറുകയും തൽഫലമായി ബുദ്ധിമുട്ടുകളുണ്ടാവുകയും ചെയ്യും.
1990ൽ ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം 59.6 വർഷമായിരുന്നു. 2019ൽ ഇത് 70.8 വർഷമായി. ഇപ്പോൾ കേരളത്തിലെ ആയുർദൈർഘ്യം 77.3 വർഷമാണ്. എന്നാൽ, ഇത് ആരോഗ്യത്തോടെയുള്ള ആയുർദൈർഘ്യമാണെന്ന് പറയാനാവില്ല. വിവിധ രോഗങ്ങളോടെയും ശാരീരിക വെല്ലുവിളികളോടെയുമാണ് വയസ്സാവും തോറും ആളുകൾ ജീവിക്കുന്നത്.
വയസ്സാവുക എന്നാൽ ലോകത്തിലെ ഓരോ ജീവജാലവും കടന്നുപോകേണ്ട ഒരു അവസ്ഥയാണ്. മനുഷ്യെൻറ ശാരീരികഘടനയിലും പ്രവർത്തനങ്ങളിലും അനുനിമിഷം സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയങ്ങളാണ് ഇതിനെ നിർണയിക്കുന്നത്. മസ്തിഷ്കം, ഹൃദയം, കരൾ, പേശികൾ തുടങ്ങി ശരീരത്തിെൻറ ഓരോ അവയവവും ഒഴിവാക്കാനാവാത്ത ജീർണതയിൽ പങ്കുചേരുന്നു. പ്രായമാകുന്നത് അവയവങ്ങൾക്കു മാത്രമല്ല, കോശങ്ങൾക്കും ജീനുകളടങ്ങുന്ന ക്രോമസോം, പ്രോട്ടീൻ ഘടകങ്ങൾക്കും എല്ലാമാണ്.
ശാരീരികവും മാനസികവുമായ ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കുക എന്നത് ഏതൊരു മനുഷ്യെൻറയും സ്വപ്നമാണ്. എന്നാൽ, എത്ര വയസ്സുവരെ ജീവിക്കാനാകുമെന്നത് നമ്മുടെ കൈയിൽ ഒതുങ്ങിനിൽക്കുന്ന കാര്യമല്ല. നിങ്ങൾ കൂടുതൽ കാലം ജീവിക്കുമെന്ന് ഒരു കണ്ടെത്തലോ പഠനമോ ഉറപ്പുനൽകുന്നില്ല. പക്ഷേ, ചിട്ടയായ ജീവിതരീതി പിന്തുടരുകയാണെങ്കിൽ ഒരു പരിധിവരെ ആരോഗ്യത്തോടെ, അസുഖങ്ങൾ ഇല്ലാതെ ദീർഘകാലം ജീവിക്കാനാകും. പ്രായമാകാതിരിക്കാനും യൗവനം നിലനിർത്താനുമുള്ള വഴികളെക്കുറിച്ചുള്ള അന്വേഷണങ്ങൾ എല്ലാകാലത്തും മനുഷ്യൻ നടത്തിയിട്ടുണ്ട്. ഇക്കാലത്തും അത്തരം അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. ദീർഘകാലം ആരോഗ്യത്തോടെ ജീവിക്കാൻ സഹായകരമാകുമെന്ന് ശാസ്ത്രം കണ്ടെത്തിയ ചില രഹസ്യങ്ങൾ ഇതാ...
ശരീരം ചിട്ടയായി പരിപാലിക്കാം
ശരീരഭാരം ശ്രദ്ധിക്കാം: അമിതഭാരം ആയുസ്സിനെ ഗണ്യമായി കുറക്കാനിടയാക്കും എന്ന് അനൽസ് ഓഫ് ഇേൻറ ണൽ മെഡിസിനിൽ നടത്തിയ മൂന്ന് ദീർഘകാല പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. അമിതഭാരം അഞ്ചു മുതൽ 10 ശതമാനം വരെ കുറക്കാൻ സാധിച്ചാൽ പ്രമേഹം പോലുള്ള പല രോഗങ്ങളിൽനിന്നും രക്ഷനേടാനാവും. അമിതഭാരം രക്തസമ്മർദം കൂട്ടുകയും കൊളസ്ട്രോൾ അളവ് വർധിപ്പിക്കുകയും ചെയ്യും. ഇവ രണ്ടും ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും പക്ഷാഘാതത്തിനും വരെ കാരണമാകും. ലോകാരോഗ്യ സംഘടനയുടെ 2018ലെ കണക്കുകള്‍ പ്രകാരം 140 കോടി ജനങ്ങള്‍ അമിതഭാരം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരാണ്.
പല്ലുതേപ്പ് ചില്ലറക്കാര്യമല്ല: ആരോഗ്യമുള്ള പല്ലുകൾക്കായി രണ്ടുനേരം പല്ലുതേക്കുന്നതിനൊപ്പം അന്നജം ധാരാളം അടങ്ങിയ പോഷകഗുണങ്ങളുള്ള ഭക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തണമെന്നാണ് ജേണൽ ഓഫ് ഡെൻറൽ റിസര്‍ച്ചിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. വൃത്തിഹീനമായ വായും ഹൃദയസംബന്ധമായ അസുഖങ്ങളും പ്രമേഹം പോലുള്ള രോഗങ്ങളും തമ്മിൽ അഭേദ്യ ബന്ധമുണ്ട്. സ്ഥിരമായി ഡെൻറല്‍ ചെക്കപ്പുകൾ നടത്തുക. വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും ഡെൻറിസ്റ്റിെൻറ സഹായം തേടുക.
കണ്ണിെൻറ ആരോഗ്യം പ്രധാനം: അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേണൽ 2014ൽ നടത്തിയ പഠനത്തിൽ, കാഴ്ച നഷ്ടപ്പെടുന്നത് ആയുസ്സിനെ ഗണ്യമായ രീതിയിൽ ബാധിക്കുമെന്ന് കണ്ടെത്തി. വർഷാവർഷം കാഴ്ച ക്രമേണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മുതിർന്നവർ എട്ടു വർഷത്തിനുശേഷം മരിക്കാനുള്ള സാധ്യത 16 ശതമാനം കൂടുതലാണെന്നാണ് കണ്ടെത്തിയത്. വര്‍ഷത്തില്‍ ഒരിക്കല്‍ കണ്ണ് പരിശോധന നടത്തുക.
ഗാഢമായി ശ്വസിക്കുക: 35 വയസ്സിനുശേഷം ശ്വാസകോശ ശേഷി കുറയാം. വായുമാർഗങ്ങളുടെ ഇലാസ്തികത നഷ്ടപ്പെടുകയും ഡയഫ്രത്തിന്റെ ശക്തി കുറയുകയും ചെയ്യുന്നതിനാൽ, ശരീരത്തിന് ആരോഗ്യകരമായി തുടരാൻ ആവശ്യമായ ഓക്സിജൻ എടുക്കുന്നതും കൂടുതൽ ബുദ്ധിമുട്ടാകും. ദിവസം 5-10 മിനിറ്റ് വ്യായാമം ചെയ്യുന്നതിലൂടെ ഈ മാറ്റങ്ങളുടെ വേഗം കുറക്കാനാവും. ഉച്ഛ്വാസ നിശ്വാസങ്ങൾക്കിടയിലുള്ള സമയം ക്രമീകരിക്കാനാവും.
മരുന്ന് അമിതമാേവണ്ട: സ്പെയിനിൽ മുതിർന്നവരായ 5,000ത്തിലധികം ആളുകളിൽ 2015ൽ നടത്തിയ പഠനത്തിൽ, ഏറ്റവും കൂടുതൽ ഗുളിക കഴിക്കുന്ന രോഗികൾ നേരത്തേ മരിക്കുന്നതായി കണ്ടെത്തി. ഒരു രോഗിക്ക് നാലോ അഞ്ചോ അതിലധികമോ മരുന്നുകൾ ഒരുമിച്ച് ഉപയോഗിക്കേണ്ടിവരുന്ന അവസ്ഥ- 'പോളിഫാർമസി' അകാലമരണത്തിന് കാരണമാണെന്ന് തെളിയിക്കുന്നില്ലെങ്കിലും പ്രായമാകുന്തോറും കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലങ്ങൾ ആരോഗ്യത്തെ മോശമായി ബാധിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ചില മരുന്നുകൾ ദീർഘകാലം കഴിക്കുന്നത് അൾസർ, വൃക്കരോഗം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവക്ക് കാരണമാകും. മരുന്ന് കുറക്കുന്നതും ഒഴിവാക്കുന്നതും പക്ഷേ, ഡോക്ടറുടെ അനുമതിയോടെ മാത്രമായിരിക്കണം.
പാദസംരക്ഷണം പ്രധാനം: 7.3 കോടിയോളം പ്രമേഹ രോഗികളുള്ള ഇന്ത്യയിലെ പ്രധാന പ്രമേഹസങ്കീർണത കാലിലുണ്ടാകുന്ന തുറന്ന വ്രണങ്ങളാണ്. 2019ലെ ഒരു ആസ്ട്രേലിയൻ പഠനത്തിൽ ഇത്തരം വ്രണങ്ങൾ 15 വർഷം മുമ്പേയുള്ള മരണത്തിന് കാരണമാകുന്നതായി കണ്ടെത്തി. പാദചർമത്തിൽ ചുവപ്പ്, പൊട്ടലുകൾ എന്നിവ പതിവായി ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കുക. ആവശ്യമെങ്കിൽ ഡോക്ടറുടെ സേവനം തേടുക.
അസ്ഥികൾ ശക്തിപ്പെടുത്തുക: മുപ്പതുകളിലെത്തുമ്പോൾ അസ്ഥികള്‍ അതിന്റെ കരുത്തിന്റെ പാരമ്യത്തിലെത്തും. പിന്നെ സാന്ദ്രത കുറയാന്‍ തുടങ്ങും. യൗവനത്തില്‍ എത്രകണ്ട് ശക്തമായിരിക്കുന്നോ മധ്യവയസ്സിലുണ്ടാകുന്ന ബലക്ഷയം അത്രകണ്ട് കുറയും. ഇക്കാരണത്താലാണ് കൗമാരത്തില്‍ത്തന്നെ കാത്സ്യമടങ്ങിയ ഭക്ഷണം ധാരാളം കഴിക്കണമെന്നും വ്യായാമങ്ങളില്‍ ഏര്‍പ്പെടണമെന്നും പറയുന്നത്.
വർഷവും പ്രതിരോധ കുത്തിവെപ്പ് നടത്താം: സീസണൽ ഫ്ലൂവിന്റെ സങ്കീർണതകൾ ബാക്ടീരിയൽ ന്യുമോണിയ, ചെവി അണുബാധ, സൈനസ് അണുബാധ, നിർജലീകരണം, ഹൃദയസ്തംഭനം, ആസ്ത്മ അല്ലെങ്കിൽ പ്രമേഹം തുടങ്ങിയവക്ക് കാരണമാകുന്നു. സുഖംപ്രാപിച്ചാലും ശ്വാസനാളത്തിൽ അതുണ്ടാക്കുന്ന പോറൽ ശ്വാസകോശത്തിലെ കലകളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിന് പ്രയാസമുണ്ടാക്കും. അതിനാൽ, വർഷവും ഫ്ലൂ വാക്സിൻ എടുക്കുന്നത് ഗുണം ചെയ്യും.
പിൻഭാഗത്തെ അവഗണിക്കരുത്: ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച്, ലോകമെമ്പാടുമുള്ള ഏറ്റവും സാധാരണമായ മൂന്നാമത്തെ അർബുദമാണ് വൻകുടൽ കാൻസർ. മലമൂത്ര-രക്ത പരിശോധന, ഫീക്കൽ ഇമ്യൂണോകെമിക്കൽ ടെസ്റ്റ് അല്ലെങ്കിൽ സ്റ്റൂൾ ഡി.എൻ.എ ടെസ്റ്റ് പോലുള്ള സ്ക്രീനിങ് ടെസ്റ്റുകൾ നേരത്തേ രോഗം കണ്ടെത്താൻ സഹായിക്കും.
കൃത്യമായ വൈദ്യപരിശോധന: കൃത്യമായ ഇടവേളകളിലെ വൈദ്യപരിശോധന, ഡോക്ടറുടെ ഉപദേശമനുസരിച്ച് മരുന്നുകൾ കൃത്യസമയത്ത് കഴിക്കൽ, വീഴ്ചകൾ ഒഴിവാക്കൽ എന്നിവയും ശരീര സംരക്ഷണത്തിൽ പ്രധാനമാണ്.
# സീക്രട്ട് 2
ഭക്ഷണശീലങ്ങൾ
ഒഴിവാക്കരുത് പ്രഭാതഭക്ഷണം: ബ്രെയിന്‍ ഫുഡ് ആണ് ബ്രേക്ക്ഫാസ്റ്റ്. പ്രഭാതഭക്ഷണം ഒഴിവാക്കുന്ന 40 -75 പ്രായക്കാർ ഹൃദയസംബന്ധമായ അസുഖംമൂലം മരിക്കാനുള്ള സാധ്യത 87 ശതമാനം കൂടുതലാണെന്നാണ് ജേണൽ ഓഫ് അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജി പറയുന്നത്. ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജം ലഭിക്കുന്നത് ഈ പ്രഭാതഭക്ഷണത്തില്‍ നിന്നാണ്.
സസ്യ പ്രോട്ടീനുകൾക്ക് മുൻഗണന നൽകാം: 70,000ത്തിലധികം ആളുകളെ കേന്ദ്രീകരിച്ച് നടത്തിയ ഒരു ജാപ്പനീസ് പഠനത്തിൽ, സസ്യ പ്രോട്ടീൻ (ബീൻസ്, വിത്തുകൾ, ധാന്യങ്ങൾ പോലുള്ളവ) കൂടുതൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവർ കൂടുതൽ കാലം ജീവിച്ചിരിക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇത്തരക്കാരിൽ ഹൃദ്രോഗം, ഡിെമൻഷ്യ എന്നിവയുമായി ബന്ധപ്പെട്ടുള്ള മരണം കുറവാണെന്ന് മറ്റൊരു ഗവേഷണഫലവും പറയുന്നു.
റെഡ് മീറ്റ് കുറക്കുക: അിതമായ റെഡ് മീറ്റ് ഉപയോഗം അകാല മരണ സാധ്യത ഒമ്പതു ശതമാനം വർധിപ്പിക്കുന്നു എന്നാണ് ഹാർവഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് പഠനം പറയുന്നത്. സംസ്കരിച്ച മാംസമാണെങ്കിൽ അപകടസാധ്യത 13 ശതമാനമായി വീണ്ടും ഉയരും. ചുവന്ന മാംസത്തിൽ പൂരിത കൊഴുപ്പും കൊളസ്ട്രോളും വലിയ അളവിലുണ്ട്. ഇവ ഹൃദ്രോഗം, അമിതവണ്ണം, സ്ട്രോക്ക്, അർബുദ സാധ്യത വർധിപ്പിക്കും.
മത്സ്യം ഗ്രിൽ ചെയ്ത് കഴിക്കാം: ഭക്ഷണത്തിൽ കൂടുതൽ മത്സ്യം ഉൾപ്പെടുത്താൻ ശ്രമിക്കുക. മത്സ്യത്തിന്റെ ആരോഗ്യഗുണം മുഴുവനായി ലഭിക്കുന്നതിന് പാചകത്തിലും പ്രത്യേകം ശ്രദ്ധ വേണം. യു. എസിലെ നഴ്സസ് ഹെൽത്ത് സ്റ്റഡി സൂചിപ്പിക്കുന്നത് വറുത്ത മീൻ ദിവസവും കഴിക്കുന്നത് ഹൃദ്രോഗ മരണ സാധ്യത 13 ശതമാനം കൂട്ടുമെന്നാണ്. അതായത്, കൊഴുപ്പ് കുറഞ്ഞ പാചകരീതികൾ തിരഞ്ഞെടുക്കണം എന്നർഥം. അതിനാൽ കറിയാക്കിയോ ഗ്രിൽ ചെയ്തോ കഴിക്കാം.
വെള്ളം ധാരാളം കുടിക്കുക: നിർജലീകരണം അപകടകരമാണ്. ഓരോ വ്യക്തിയും ശരിയായ അളവിൽ വെള്ളം കുടിച്ചിരിക്കണം. മൂത്രം ഇരുണ്ടിരിക്കുന്നുണ്ടെങ്കിൽ, ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ല എന്നു മനസ്സിലാക്കാം. അതേസമയം മധുരപാനീയങ്ങൾ കുറക്കാനും ശ്രദ്ധിക്കണം. മധുരപാനീയങ്ങളുടെ അമിതോപയോഗം നേരത്തേ മരിക്കാനുള്ള സാധ്യത കൂട്ടുമെന്നാണ് ഹാർവഡ് ടി.എച്ച് ഷാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെ 2019ലെ പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ദിവസം രണ്ടോ അതിലധികമോ തവണ മധുരപാനീയം കുടിക്കുന്നത് അപകടസാധ്യത 21 ശതമാനം കൂട്ടും. മധുരത്തിന്റെ അമിത ഉപയോഗം പ്രായം കൂട്ടും, ചർമം കണ്ടാൽ പ്രായം കൂടുതൽ തോന്നിക്കും, മുഖത്ത് കൂടുതൽ ചുളിവുകൾ ഉണ്ടാകും, തൊലി വലിയും.
നന്നായി വേവിക്കുക: വിഭവങ്ങള്‍ പാചകം ചെയ്യുമ്പോൾ നന്നായി വെന്തിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുക. ഇറച്ചി പോലുള്ള കൊഴുപ്പുകൂടിയവ നന്നായി വേവിക്കണം. ബാക്ടീരിയകള്‍ നശിക്കാനും ഇതാവശ്യമാണ്. തോടുള്ള മത്സ്യങ്ങള്‍ നന്നായി വെന്തില്ലെങ്കില്‍ ഉദരപ്രശ്നങ്ങളുണ്ടാകും. സംസ്കരിച്ച ഭക്ഷണം പതിവായി കഴിക്കുന്നവരിൽ ഹൃദയസംബന്ധമായ അസുഖം മാത്രമല്ല, അകാല മരണസാധ്യതയും വർധിക്കുമെന്ന് 45,000ത്തോളം മധ്യവയസ്കരിൽ 2019ൽ നടത്തിയ ഫ്രഞ്ച് പഠനം പറയുന്നു.
അൽപഭക്ഷണം: വയര്‍ നിറയെ ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കുക, അലസതക്കും ക്ഷീണത്തിനും ഇത് കാരണമാകും. ഭക്ഷണം ഏതായാലും ശരീരത്തിന് ആവശ്യമുള്ളത് മാത്രം കഴിക്കുക. സാവധാനം ചവച്ചരച്ച് കഴിക്കുക. ചെറിയ പാത്രത്തിൽ അൽപം ഭക്ഷണം കഴിക്കുന്ന സൂത്രം പ്രയോജനപ്പെടുത്തിയാൽ കലോറി നിയന്ത്രിക്കാൻ കഴിയും.
മദ്യം വർജിക്കാം: മദ്യം ഒഴിവാക്കുന്നതാണ് ഏറ്റവും ഉത്തമം. കഴിക്കുന്നവരാണെങ്കിൽ കുറക്കാൻ ശ്രമിക്കുക. കഴിക്കുന്ന മദ്യം കരള്‍ വഴിയാണ് നിര്വീര്യമാക്കപ്പെടുക. ഈ രാസപ്രവർത്തനത്തിൽ ഉണ്ടാകുന്ന അസറ്റാൽഡിഹൈഡ് എന്ന രാസപദാർഥം കരളിനെ നശിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. മദ്യപിക്കുന്നവരിൽ പ്രായം കൂടുന്തോറും കരളിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നു.
നട്സ് കഴിക്കാം: വാൽനട്ട്, ബദാം, കശുവണ്ടി പോലുള്ളവ ദിവസവും അൽപം കഴിക്കുന്ന ആളുകളിൽ 30 വർഷത്തെ കാലയളവിൽ മരിക്കാനുള്ള സാധ്യത 20 ശതമാനം കുറവാണെന്ന് ഹാർവഡിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇത്രയും കാലം കഴിച്ചില്ലെങ്കിലും നാൽപതുകളിലെത്തിയാൽ ഈ ശീലം തുടങ്ങുന്നത് ഭാവിയിൽ ഡിമെൻഷ്യ ബാധിക്കാനുള്ള സാധ്യതയെ കുറക്കുമെന്ന് 'എയ്ജ് ആൻഡ് എയ്ജിങ്' ജേണൽ നടത്തിയ പഠനവും കണ്ടെത്തി. നാൽപതുകൾക്കുശേഷം ആഴ്ചയിൽ രണ്ടുദിവസമെങ്കിലും നട്സ് ശീലമാക്കിയവരിൽ 60 വയസ്സിനുശേഷം മറവിപ്രശ്നങ്ങൾ കുറവാണെന്നും കണ്ടെത്തി.
സജീവമായിരിക്കുക
വീട്ടുജോലികൾ സ്വയം ചെയ്യുക: നിലം തുടക്കുക, പാത്രം കഴുകുക, ചെടി നനക്കുക പോലുള്ള ലഘുവായ ശാരീരിക പ്രവർത്തനങ്ങൾ പോലും നിങ്ങളുടെ ആയുസ്സ് വർധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. നിങ്ങൾ ജോലിചെയ്യുന്ന ഓരോ മിനിറ്റിലും അകാല മരണസാധ്യത കുറയുന്നുവെന്ന് 2019ൽ ഇറങ്ങിയ ബി.എം.ജെ പഠന റിപ്പോർട്ടിൽ പറയുന്നു.
കായികക്ഷമത വർധിപ്പിക്കുക: കായികക്ഷമത മാനസിക ഉത്തേജനവും സാമൂഹിക ഇടപെടലുകളും വളർത്തുന്നതിനൊപ്പം ആരോഗ്യ ഗുണങ്ങളും നൽകുന്നു. വാർധക്യവുമായി ബന്ധപ്പെട്ട് ന്യൂറോസയൻസിൽ ഗവേഷണം നടത്തുന്ന വിക്ടോറിയ സർവകലാശാലയിലെ സൈക്കോളജിസ്റ്റ് സ്റ്റുവർട്ട് മക്ഡൊണാൾഡ് പറയുന്നതിങ്ങനെ: 'ശാരീരിക ക്ഷമത നിലനിർത്തുന്നവരിൽ ബുദ്ധിശക്തിയും നന്നായി പ്രവർത്തിക്കും. ചങ്ങാതിമാരെ കാണാനും സംസാരിക്കാനും ഇടപഴകാനും കഴിയുന്ന തരത്തിലുള്ള പ്രവർത്തനമാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ അതുണ്ടാക്കുന്ന ഗുണഫലം ഏറെയാണ്.'
എഴുന്നേറ്റു നിൽക്കുക: ദീർഘനേരം ഇരിക്കുന്നത് പലതരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ഇരുന്നുള്ള ജോലിചെയ്യുന്നവർ കൂടുതൽ നേരം എഴുന്നേറ്റുനിൽക്കണം. ഫോൺ ചെയ്യുമ്പോൾ എഴുന്നേറ്റുനിന്ന് സംസാരിക്കാൻ ശ്രമിക്കുക. ദിവസത്തിൽ ആറു മണിക്കൂറെങ്കിലും ഇരിക്കുന്ന ആളുകൾക്ക് മരണസാധ്യത 19 ശതമാനം കൂടുതലാണെന്നാണ് അമേരിക്കൻ കാൻസർ സൊസൈറ്റി ഗവേഷണങ്ങൾ കാണിക്കുന്നത്.
വ്യായാമവേളയിൽ സംഗീതം കേൾക്കാം: നടത്തത്തിന്റെ വേഗം വർധിപ്പിക്കുന്നതിലൂടെ രക്തസമ്മർദം കുറക്കാനും അസ്ഥികളുടെ സംരക്ഷണം മെച്ചപ്പെടുത്താനും സാധിക്കും. വേഗത്തിൽ നടക്കുന്നത് എട്ടു വർഷത്തിനുള്ളിൽ മരണസാധ്യത ഏകദേശം 18 ശതമാനം കുറക്കുന്നു. സംഗീതം ആസ്വദിച്ചു വ്യായാമം ചെയ്യുമ്പോൾ ശാരീരികവും മാനസികവുമായ ആനന്ദം ലഭിക്കും.
നടക്കാൻ കാരണം കണ്ടെത്താം: ബ്രിട്ടീഷ് ജേണൽ ഓഫ് സ്പോർട്സ് മെഡിസിൻ 40 വയസ്സിനു മുകളിലുള്ള പുരുഷന്മാരെയും സ്ത്രീകളെയും ഉൾപ്പെടുത്തി നടത്തിയ ഗവേഷണത്തിൽ ഒഴിവുസമയത്ത് ആഴ്ചയിൽ ഒരു മണിക്കൂർ നടക്കുന്നവരെ, വ്യായാമം ചെയ്യാത്തവരുമായി താരതമ്യപ്പെടുത്തിയപ്പോൾ ഇവരിൽ മരണനിരക്ക് 18 ശതമാനം കുറവാണെന്നു കണ്ടെത്തിയിരുന്നു.
പടികൾ ഓടിക്കയറാം: വ്യായാമത്തിലൂടെ ലഭിക്കുന്ന ഗുണങ്ങൾ ഇടവേളകളിൽ ചെയ്യുന്ന ചെറിയ ചെറിയ കാര്യങ്ങളിലൂടെ ലഭിക്കുമെന്ന് 2018ലെ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ചെറിയ സ്റ്റെപ്പുകൾപോലും കയറുക. ലിഫ്റ്റ്, എസ്കലേറ്റർ എന്നിവ പരമാവധി ഉപയോഗിക്കാതിരിക്കുക. കയറുമ്പോൾ നമ്മുടെ സാധനങ്ങൾ നാംതന്നെ എടുക്കുക.
സീക്രട്ട് 4
റിലാക്സ് ചെയ്യാൻ വേണം സമയം
സുഹൃത്തുക്കളെ കണ്ടെത്താം: സാമൂഹികമായി ഒറ്റപ്പെട്ട് കഴിയുന്നവരിൽ നീർവീക്ക സാധ്യത കൂടുതലായിരിക്കും. അവഗണിക്കുമ്പോൾ ഈ നീർവീക്കം രോഗമായി പ്രത്യക്ഷപ്പെടും. ഒറ്റപ്പെട്ടു കഴിയുന്നവരെ ഏഴു വർഷത്തിലധികം നിരീക്ഷിച്ച് ഹെൽസിങ്കി സർവകലാശാല 2018ൽ ഒരു പഠനം നടത്തിയിരുന്നു. ഒറ്റപ്പെട്ടു കഴിയുന്നവരിൽ ഹൃദയാഘാത സാധ്യത 43 ശതമാനവും പക്ഷാഘാത സാധ്യത 39 ശതമാനവും മറ്റുള്ളവരേക്കാൾ കൂടുതലായിരിക്കുമെന്നാണ് ഈ പഠനത്തിൽ കണ്ടെത്തിയത്.
ആവശ്യത്തിന് ഉറങ്ങുക: ആരോഗ്യജീവിതത്തിന് ഉറക്കവും അത്യാവശ്യമാണ്. ദീര്‍ഘായുസ്സ് അടക്കം നന്നായി ഉറങ്ങുന്നവര്‍ക്ക് ലഭിക്കുന്ന ഗുണഫലങ്ങൾ ഏറെയാണ്. ആവശ്യത്തിന് ഉറങ്ങാത്ത ആളുകൾക്ക് (ഏഴു മുതൽ എട്ടു മണിക്കൂർ വരെ ഉറക്കം ഉത്തമമാണ്) പ്രമേഹം, മാനസിക പ്രശ്നങ്ങൾ തുടങ്ങിയ അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
സ്റ്റീം ബാത്ത്: നീരാവി സ്നാനം രക്തസമ്മർദം കുറക്കുകയും രക്തക്കുഴലുകൾ സംരക്ഷിക്കുകയും ചെയ്യുന്നു (ഹൃദയാഘാതത്തിനോ ഹൃദയസംബന്ധമായ അസുഖത്തിനോ ചികിത്സിക്കുന്നവർക്ക് ഇത് നിർദേശിക്കുന്നില്ല).
മാനസിക സമ്മർദം നിയന്ത്രിക്കുക: ദീർഘനാളായി മാനസിക സമ്മർദം അനുഭവിക്കുമ്പോൾ കോർട്ടിസോളിന്റെ അളവ് ഉയർന്നിരിക്കും. നിങ്ങൾ ദീർഘനേരം കോർട്ടിസോളുമായി സമ്പർക്കത്തിൽ വരുമ്പോൾ ഹിപ്പോകാംപസ് (തലച്ചോറിന്റെ പ്രധാന ഘടകം) ക്ഷയിക്കും. മാത്രമല്ല, ഈ കോർട്ടിസോൾ അമിത ഭാരത്തിന് കാരണമാവുകയും ചെയ്യും. ദീർഘകാല വൈകാരിക സമ്മർദം അതിജീവന നിരക്ക് കുറക്കാനും ഇടയാക്കും. നാലു വർഷത്തെ കാലയളവിൽ അവരുടെ മരണനിരക്ക് 39 മുതൽ 43 ശതമാനം വരെ കൂടുതലാണ്.
പ്രകൃതിയെ ശ്രവിക്കുക: ബ്രിട്ടനിലെ ബ്രൈട്ടൺ ആൻഡ് സസക്സ് മെഡിക്കൽ സ്കൂളിലെ സന്നദ്ധപ്രവർത്തകരെ എം.ആർ.ഐ സ്കാനിങ് നടത്തിയപ്പോൾ പ്രകൃതിയിലെ ശബ്ദങ്ങൾ കേൾക്കുമ്പാൾ മാനസിക സമ്മർദം കുറക്കുന്നതുമായി ബന്ധപ്പെട്ട മസ്തിഷ്ക പ്രതികരണമുണ്ടാകുന്നു എന്നു കണ്ടെത്തുകയുണ്ടായി. പ്രകൃതിയിലെ ശബ്ദങ്ങളെ ശ്രവിക്കുന്നതിലൂടെ മനസ്സിന് ശാന്തതയും ഫ്രഷ്നസും ലഭിക്കും.
ഓഫിസ് ജോലി വീട്ടിലേക്ക് വേണ്ട: ജോലി സമ്മർദം കാർഡിയോ-മെറ്റബോളിക് രോഗങ്ങളുള്ള (ഇൻസുലിൻ പ്രതിരോധം അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദം പോലുള്ളവ) പുരുഷന്മാരെ നേരത്തേയുള്ള മരണത്തിലേക്ക് നയിച്ചേക്കും. 68 ശതമാനം വരെ ഉയർന്ന അപകടസാധ്യതയാണ് ഇതിനുള്ളതെന്ന് ലാൻസെറ്റ് പഠനം പറയുന്നു. വീട്ടിലെ സമയം വീടിനും വീട്ടുകാർക്കും മാത്രമായി നൽകുക.
ശുഭാപ്തിവിശ്വാസിയാവുക: ശരീരം എപ്പോഴും ആരോഗ്യത്തോടെ നിലനിർത്തുന്നതിൽ ശുഭകരമായ മനോഭാവം ഏറ്റവും പ്രധാനമാണ്. ശുഭാപ്തിവിശ്വാസം സ്ത്രീകളിൽ 50 മുതൽ 85 ശതമാനം വരെയും പുരുഷന്മാരിൽ 70 ശതമാനവും ദീർഘായുസ്സ് വർധിപ്പിക്കുമെന്നാണ് ബോസ്റ്റൺ ആസ്ഥാനമായുള്ള ഗവേഷകസംഘം പറയുന്നത്. നന്ദിയോടെ, ശുഭപ്രതീക്ഷയോടെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുക. പോസിറ്റിവായി കാര്യങ്ങളെ ഗ്രഹിക്കുകയും നേരിടുകയും ചെയ്യുക.
സംഗീതസദസ്സുകളിൽ അംഗമാകുക: വേദനകളെ മറക്കാൻ ഇപ്പോഴും എന്തിലെങ്കിലും വ്യാപൃതനായിരിക്കുക. സംഗീതവും പ്രകൃതിയും മനുഷ്യനെ ഉല്ലാസവാനായി ജീവിക്കാൻ സഹായിക്കും. സംഗീത പരിശീലനത്തിലൂടെ മാനസിക ഉല്ലാസവും ആയുരാരോഗ്യ സൗഖ്യവും ലഭിക്കുന്നു. അതിനായി സംഗീതസദസ്സുകളിൽ പങ്കെടുക്കുകയോ അംഗമാകുകയോ ചെയ്യാം.
നല്ലൊരു ശ്രോതാവാകുക: എപ്പോഴും സംസാരിക്കുന്നവരിലേക്ക് നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുകയും അവരുടെ അധരചലനങ്ങൾ നിരീക്ഷിക്കുകയും ചെയ്യുക. നല്ല ശ്രോതാവായിരിക്കുക എന്നത് ഏകാന്തതയും ഒറ്റപ്പെടലും കുറക്കുകയും സാമൂഹികമായി ഇടപഴകാൻ സഹായിക്കുകയും ചെയ്യുന്ന തന്ത്രമാണ്.
സന്തോഷ സ്ഥലം കണ്ടെത്താം
പ്രകൃതിയോട് ഇണങ്ങുക: സന്തോഷജീവിതത്തിന് പ്രകൃതിയോട് ഇണങ്ങാം. കായികക്ഷമത കൂട്ടാനുള്ള ഒരു മാർഗം കൂടിയാണ് പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതം. ജീവിക്കുന്ന വീടിനോ ഫ്ലാറ്റിനോ ചുറ്റുമുള്ള സസ്യജീവജാലങ്ങളെ കൂടുതൽ അറിയാൻ ശ്രമിക്കുക. ദ ലാൻസെറ്റിലെ 2017ലെ റിപ്പോർട്ട് അനുസരിച്ച് പ്രകൃതിയോട് ഇണങ്ങുന്നതിലൂടെ 10 വർഷത്തിനുള്ളിൽ മരണനിരക്ക് എട്ടു മുതൽ 12 ശതമാനം വരെ കുറക്കാനാവുമെന്നാണ്. നല്ല പച്ചപ്പുള്ള പ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക് ആയുർദൈർഘ്യം നീളുന്നതായും പഠനങ്ങൾ കാണിക്കുന്നു. ഇവരുടെ ശാരീരിക മാനസികാരോഗ്യവും മെച്ചപ്പെടുന്നു.
നല്ല റൂംമേറ്റിനെ കണ്ടെത്താം: ഒറ്റക്ക് താമസിക്കുന്നവരിൽ മരണ സാധ്യത 23 ശതമാനം കൂടുതലാണെന്ന് 30 വർഷത്തിലേറെ പുരുഷന്മാരെ പിന്തുടർന്ന് 2019ൽ നടത്തിയ പഠനം കണ്ടെത്തിയിരുന്നു. അടുത്തിടെ നടന്ന മറ്റൊരു പഠനത്തിലും തനിച്ച് ജീവിക്കുന്ന പുരുഷന്മാരിലും സ്ത്രീകളിലും സമാന സാധ്യത കണ്ടെത്തിയിരുന്നു. മക് മാസ്റ്റർ യൂനിവേഴ്സിറ്റിയിലെ 'സഹജീവിതം' പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾ മുതിർന്നവരുമായി ഹോസ്റ്റൽ മുറി പങ്കുവെക്കുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നവരിൽ നല്ല കമ്യൂണിറ്റി കണക്ഷൻ ഉണ്ടാവുന്നതായും പഠനം പറയുന്നു.
ഉള്ള സൗകര്യങ്ങളിൽ സന്തോഷത്തോടെ ജീവിക്കുക: ലഭ്യമായ സൗകര്യങ്ങൾക്കുള്ളിൽ മറ്റൊന്നിനെക്കുറിച്ചും ആശങ്കയില്ലാതെ സന്തോഷത്തോടെ ജീവിക്കാൻ ശ്രമിക്കുക. ഇല്ലാത്ത കാര്യങ്ങളിൽ അമിത ആശങ്ക, ഉത്കണ്ഠ, ആധി, പേടി, ചിന്തകൾ എന്നിവ ഒഴിവാക്കി ഉള്ളതിനോട് പൊരുത്തപ്പെടുക. ചിരിക്കാൻ തോന്നുമ്പോൾ ചിരിക്കുക, കരയാൻ തോന്നുമ്പോൾ കരയുക, ഇഷ്ടമുള്ള കാര്യങ്ങളിൽ വ്യാപൃതരാവാൻ ശ്രമിക്കുക, പക, ദേഷ്യം, വാശി, എന്നിവ മനസ്സിൽ സൂക്ഷിക്കരുത്.
ഭാരം പങ്കിടുക: ജോലിഭാരം പരസ്പരം പങ്കുവെക്കുക വളരെ പ്രധാനമാണ്. അതിലൂടെ ആരോഗ്യ, മാനസിക സന്തോഷവും ആത്മാഭിമാനവും മനസ്സിൽ നിറയും. കുടുംബാംഗത്തെ പരിപാലിക്കുന്നതിലൂടെ ലഭിക്കുന്ന വൈകാരിക പ്രതിഫലനം ആയുസ്സ് 18 ശതമാനം വർധിപ്പിക്കുമെന്ന് 2013ൽ ജോൺസ് ഹോപ്കിൻസ് യൂനിവേഴ്സിറ്റി സെൻറർ ഓൺ ഏജിങ് ആൻഡ് ഹെൽത്തിന്റെ നേതൃത്വത്തിലുള്ള പഠനം ചൂണ്ടിക്കാണിക്കുന്നു.
പുകവലി ഒഴിവാക്കുക: പുകവലി പ്രായാധിക്യം ത്വരിതഗതിയിലാക്കും. പുകവലി മൂലം വര്‍ഷവും ലോകത്ത് 80 ലക്ഷം ആളുകള്‍ മരിക്കുന്നു. ഓരോ സിഗരറ്റിലും അർബുദത്തിന് കാരണമാകാവുന്ന 70ഓളം രാസവസ്തുക്കളാണ് അടങ്ങിയിട്ടുള്ളത്. വീട്ടിലിരുന്ന് പുകവലിക്കുമ്പോള്‍ പുകയും അതിലടങ്ങിയിരിക്കുന്ന കെമിക്കലുകളും കാര്‍പറ്റ്, ഭിത്തി, കളിപ്പാട്ടങ്ങള്‍, തുണി, ഗൃഹോപകരണങ്ങള്‍ എന്നിവയില്‍ വന്നടിയുന്നു. ഇതാണ് 'തേര്‍ഡ് ഹാൻഡ് സ്മോക്ക്' എന്നു പറയുന്നത്. അതിന്റെ ശ്വസനത്തിലൂടെ അർബുദം ഉണ്ടാക്കുന്ന പദാർഥങ്ങള്‍ ശരീരത്തിലേക്ക് പ്രവേശിക്കുന്നുണ്ട്.
ഉല്ലാസവേളകള്‍ വര്‍ധിപ്പിക്കാം: മനസ്സിന് സന്തോഷം തരുന്ന ക്രിയകളിൽ ഏർപ്പെടാം. സുഹൃത്തുക്കളോ വീട്ടുകാരോ ഉൾപ്പെടെ ഇഷ്ടക്കാരുമൊത്തുള്ള സന്തോഷവേളകള്‍ വര്‍ധിപ്പിക്കാം. മറ്റൊന്നാണ് ഒഴിവുസമയങ്ങളിലെ വായന (എന്തു വായിക്കണമെന്നത് നിങ്ങൾ തീരുമാനിക്കുക). എഴുതാൻ കഴിവുള്ളവർ എഴുതുക, സാമൂഹിക- സാംസ്കാരിക രംഗങ്ങളിലും വളൻററി സർവിസിനും സമയം കണ്ടെത്തുക, ഉല്ലാസയാത്രകളും സമയം ഫലപ്രദമായി ഉപയോഗിക്കാൻ സഹായിക്കും.
ആത്മസൗന്ദര്യം ആസ്വദിക്കാം: സ്വന്തം കഴിവുകളിലേക്ക് നോക്കുക, അതിൽ ആനന്ദിക്കുക. നല്ല കാര്യങ്ങള്‍ക്ക് സ്വന്തത്തോടും മറ്റുള്ളവരോടും നന്ദിയുള്ളവനാകുക. പലര്‍ക്കും മടിയാണ് സ്വയം അഭിനന്ദിക്കാന്‍. നിങ്ങളെക്കുറിച്ച് തന്നെയുള്ള നല്ലവാക്കുകൾ ഇടക്കിടെ മനസ്സിനോട് ആവർത്തിച്ചു പറയുക.
പ്രാർഥനക്ക് സമയം കണ്ടെത്തുക: പ്രാർഥന മനസ്സിലെ നിഷേധാത്മക വികാരങ്ങളെ അകറ്റി സ്നേഹവും പ്രതീക്ഷയും നിറക്കും.
മുതിർന്നവർക്ക് കരുതലാവുക: നമ്മെക്കാൾ പ്രായമുള്ളവരോട് (മാതാപിതാക്കളാവട്ടെ, ബന്ധുക്കളാവട്ടെ, അയൽവാസികളാവട്ടെ) എപ്പോഴും അനുകമ്പയുള്ളവരും കരുതലുള്ളവരുമാവുക. ചെറുപ്പക്കാർ വയോധികരെ ഒറ്റപ്പെടുത്തരുത്. യാത്രകൾ ഇഷ്ടപ്പെടുന്ന വയോധികരെ പ്രോത്സാഹിപ്പിക്കുകയും അവർക്ക് സമ്പൂർണ പിന്തുണ നൽകുകയും ചെയ്യുക. ഓരോ തലമുറയും പഴയ തലമുറയോട് കടപ്പെട്ടിരിക്കുന്നു.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. പ്രിയ വിജയകുമാര്‍
പ്രഫസർ, ജെറിയാട്രിക്സ് വിഭാഗം,
അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കൊച്ചി
അമീന സിതാര, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,
അബ്സല്യൂട്ട് മൈൻഡ്.
റീഡേഴ്സ് ഡൈജസ്റ്റ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.