വികാരങ്ങളുടെ കടിഞ്ഞാണ്‍ കൈയില്‍നിന്ന് പോകുമ്പോള്‍ തലച്ചോറില്‍ സംഭവിക്കുന്നത് വൈകാരിക മേഖലകളിലെ അമിത ഉത്തേജനമാണ്. ഇത് നിയന്ത്രിച്ച് മനസ്സിനെ ശാന്തമാക്കാൻ മനശ്ശാസ്ത്രത്തിൽ ലളിതമായ ഒട്ടേറെ വിദ്യകളുണ്ട്. അത്തരം ചില ശാസ്ത്രീയ മാർഗങ്ങൾ ഇതാ....
'വികാര നൗകയുമായി തിരമാലകളാടിയുലഞ്ഞു...' എന്ന സിനിമാഗാനത്തിലെ വരികള്‍പോലെ, വികാരങ്ങളില്‍ ആടിയുലയുന്ന മനസ്സിെൻറ അലകള്‍ ജീവിതം കൊണ്ടുതന്നെ നമുക്ക് സുപരിചിതമാണ്. കാരണം, ജീവിതത്തിെൻറ ഏതെങ്കിലും ഘട്ടത്തില്‍ വൈകാരിക പ്രശ്നങ്ങള്‍ നേരിട്ടിട്ടില്ലാത്തവര് ഉണ്ടാവില്ല.
മനുഷ്യനെന്ന ജൈവിക അവസ്ഥയുടെ മനോഹരമായ താളമാണ് വികാരങ്ങള്‍. ജീവിത സാഹചര്യങ്ങള്‍, അല്ലെങ്കില്‍ ബന്ധങ്ങള്‍ തുടങ്ങിയവയെ ആസ്പദമാക്കി ഒരാളുടെ മനസ്സില്‍ ഉയരുന്ന ആന്തരിക അനുഭവങ്ങള്‍ എന്നാണ് നിഘണ്ടുവില്‍ വികാരങ്ങള്‍ എന്നതുകൊണ്ട് അർഥമാക്കുന്നത്. പൊതുവെ മനോഹരമായ വൈകാരിക അവസ്ഥ പ്രശ്നക്കാരാവുന്നത് എപ്പോഴാണ്?
•കാറ്റ് കൊടുങ്കാറ്റ് ആകുന്നതുപോലെ അവയുടെ തീവ്രത കൂടുമ്പോള്‍.
•വിളിക്കാതെ വരുന്ന അതിഥിയെപ്പോലെ അനവസരത്തില്‍ വരുമ്പോള്‍.
•പറക്കുന്ന പട്ടത്തിെൻറ നൂലില്‍നിന്ന് പിടിവിട്ടുപോകുന്നപോലെ വികാരങ്ങളിലുള്ള നിയന്ത്രണം നഷ്ടപ്പെടുമ്പോള്‍.
പൊതുവെ സങ്കടം, ദേഷ്യം എന്നിവയാണ് ഇത്തരം വൈകാരിക വിക്ഷോഭങ്ങളിലെ ഘടകങ്ങളായി കണക്കാക്കുന്നത്. അമിതമായ കരച്ചില്, ദേഷ്യംകൊണ്ട് പൊട്ടിത്തെറിക്കല് എന്നിവയിലൂടെയെല്ലാമാണ് വികാരവിക്ഷോഭങ്ങള്‍ പ്രകടമാകുന്നത്. സാധനങ്ങള്‍ എറിഞ്ഞുടക്കുക, സ്വയം മുറിവേൽപിക്കുക, മറ്റുള്ളവരെ ആക്രമിക്കുക, ആത്മഹത്യാഭീഷണി മുഴക്കുകയോ ആത്മഹത്യക്ക് ശ്രമിക്കുക തുടങ്ങിയവയൊക്കെ തീവ്രവൈകാരിക വിക്ഷോഭത്തിെൻറ ലക്ഷണങ്ങളില്‍ വരുന്നതാണ്.
ഇവയുണ്ടാക്കുന്ന പ്രശ്നങ്ങള്‍ മാനസിക സമ്മർദത്തില്‍ മാത്രം ഒതുങ്ങാറില്ല. മിക്കപ്പോഴും വ്യക്തിബന്ധങ്ങളെയും ഇവ പ്രതികൂലമായി ബാധിക്കും. തൊഴിലിടങ്ങള്‍ ഉൾപ്പെടെയുള്ള സാമൂഹിക പരിസരങ്ങളിലും പ്രശ്നം പടരാറുണ്ട്. ഉദാഹരണത്തിന്:
•ജീവിതപങ്കാളിക്ക് തിരക്കുകൊണ്ട് നിങ്ങളെ ഫോണ്‍ ചെയ്യാന്‍ കഴിയുന്നില്ല, രാത്രി മുഴുവനും നിങ്ങള്‍ കരയുകയും ഭക്ഷണം കഴിക്കാതിരിക്കുകയും സ്വയം മുറിവേൽപിക്കുകയും ചെയ്യുന്നു.
•നിങ്ങള്‍ ഔദ്യോഗിക ആവശ്യത്തിനായി പോകുമ്പോള്‍ അത് നടക്കാതെ വരുകയും മറ്റൊരു ദിവസം പോകാന്‍ അവര്‍ നിങ്ങളോട് ആവശ്യപ്പെടുകയും ചെയ്യുന്നു. ദേഷ്യത്തില്‍ പൊട്ടിത്തെറിച്ച് നിങ്ങള്‍ ഫയല്‍ എടുത്തെറിഞ്ഞ് പുറത്ത് കടക്കുന്നു.
വിഷാദരോഗം, ഉത്കണ്ഠാരോഗം എന്നിവ താൽക്കാലികമായ വൈകാരിക വിക്ഷോഭത്തിന് കാരണമാകാം. വ്യക്തിത്വവൈകല്യ പ്രശ്നങ്ങള്‍ ഉള്ളവർക്കും നിരന്തരമായ വൈകാരിക വിക്ഷോഭം നേരിടേണ്ടിവരാറുണ്ട്. കുട്ടിക്കാലത്ത് നേരിട്ട ശാരീരിക- മാനസിക പീഡനങ്ങള്‍, മാനസിക ആഘാതങ്ങള്‍, അവഗണനകള്‍, ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങള്‍ എന്നിവയെല്ലാം വൈകാരിക വിക്ഷോഭത്തിെൻറ തീവ്രത കൂട്ടാറുണ്ട്. ദേഷ്യത്തിെൻറയും സങ്കടത്തിെൻറയും അമിത പ്രകടനത്തിെൻറ ബുദ്ധിമുട്ട് മാത്രമല്ല, വികാരവിക്ഷോഭം നേരിടുന്നവര്‍ അനുഭവിക്കുന്നത്.
•ഉറക്കക്കുറവ്.
•വിക്ഷോഭശേഷമുള്ള കുറ്റബോധം.
•മറ്റുള്ളവരോടുള്ള വിരോധം മനസ്സില്‍നിന്ന് മായ്ക്കാന്‍ കഴിയാതിരിക്കുക.
•പ്രശ്നങ്ങള്‍ നേരിടാന്‍ കഴിയാത്തതിനാല്‍ ലഹരി ഉപയോഗത്തില്‍ ആശ്രയം കണ്ടെത്തുക.
•പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ സാധിക്കാതെ വരുക.
•ചെറിയ വാഗ്വാദങ്ങള്‍ പർവതീകരിച്ച് ബന്ധങ്ങൾക്ക് വിള്ളൽവീഴ്ത്തുക.
•വികാരവിക്ഷോഭങ്ങള്‍ കാരണം ജീവിതത്തിലെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിർവഹിക്കാന്‍ കഴിയാതെ വരുക.
വികാരങ്ങളുടെ കടിഞ്ഞാണ്‍ കൈയില്‍നിന്ന് പോകുമ്പോള്‍ തലച്ചോറില്‍ പൊതുവെ സംഭവിക്കുന്നത് വൈകാരിക മേഖലകളിലെ അമിത ഉത്തേജനമാണ്. ഇവ നിയന്ത്രിച്ച് പ്രശാന്തമാക്കുകയും അതോടൊപ്പംതന്നെ വിവേകപരമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് വ്യക്തി നേരിടുന്ന വെല്ലുവിളി. മനശ്ശാസ്ത്രത്തിലെ അനവധി തെറപ്പികളില് ഇവക്കുള്ള പ്രതിവിധികള്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
വികാരവിക്ഷോഭത്തിന് മൂന്നു ഘട്ടങ്ങളാണുള്ളത്:
1. വ്യക്തിയനുഭവങ്ങൾ. അവ ആന്തരികമോ (ഉദാ: വിഷമമുള്ള കാര്യങ്ങൾ ഓർമവരുക അല്ലെങ്കിൽ ജീവിതത്തെക്കുറിച്ചു നിരാശയോ ആശങ്കയോ തോന്നുക) ബാഹ്യമോ (ദേഷ്യത്തിൽ നിൽക്കുന്ന ഒരാളെ നേരിടേണ്ടിവരുക) ആകാം.
2. ഈ അനുഭവങ്ങളെക്കുറിച്ചുള്ള നമ്മുടെ ചിന്തകളാണ് രണ്ടാമത്തെ ഘട്ടം (ഞാൻ എന്തൊരു പരാജയമാണ്, എന്തു മോശമായാണ് ഇവർ എന്നോടു പെരുമാറുന്നത്, എന്നെ ആരും മനസ്സിലാക്കാത്തതെന്താണ് എന്ന ചിന്തകൾ).
3. വ്യക്തിയനുഭവങ്ങളും ചിന്തകളും ഒന്നുചേർന്ന് സൃഷ്ടിക്കുന്ന പെരുമാറ്റ രീതി (സാധനങ്ങൾ നിലത്തെറിഞ്ഞുടക്കൽ, ആളുകളോട് ഉയർന്ന ശബ്ദത്തിൽ സംസാരിക്കൽ).
ഈ നിമിഷത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുക എന്നതാണ് മൈൻഡ്ഫുൾനെസ് എന്ന വിദ്യയുടെ അടിസ്ഥാനം. വികാരവിക്ഷോഭങ്ങളുടെ വേലിയേറ്റത്തില്‍ മനസ്സിനെ നങ്കൂരമാക്കാനുള്ള പരിശീലനമാണത്. അവധാനതയോടെ ശ്വാസം എടുക്കാന്‍ ശ്രമിക്കുക എന്നതാണ് ആദ്യപടി. അത് ശരീരത്തെ വളരെ െപട്ടെന്ന് റിലാക്സ്ഡാക്കും. ശ്വാസം എടുക്കുന്ന പ്രക്രിയയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുക. ചെയ്യുന്ന പ്രവൃത്തി എന്തായാലും അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് മൈൻഡ്ഫുൾനെസിൽ ശ്രദ്ധിക്കേണ്ടത്. ഇത് പരിശീലിപ്പിക്കുന്നതിനായി ഉണക്കമുന്തിരി, കാപ്പി എന്നിവ ഉപയോഗിച്ച് മനശ്ശാസ്ത്രജ്ഞര് പരിശീലനം നൽകാറുണ്ട്. കൗതുകത്തോടെ കാപ്പിയുടെയോ ഉണക്കമുന്തിരിയുടെയോ സവിശേഷതകളിലേക്ക് ശ്രദ്ധപതിപ്പിക്കുക -നിറം, മണം എന്നിവ വളരെ സാവധാനം ആസ്വദിക്കുക. ചിന്തകളുടെയും വികാരങ്ങളുടെയും വേലിയേറ്റങ്ങളില്‍ പെടുമ്പോള്‍ ഇതുപോലെ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തിയിൽ, അല്ലെങ്കില്‍ ചുറ്റുപാടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കാം.
മറ്റുള്ളവര്‍ സംസാരിക്കുമ്പോള്‍, അവര്‍ സംസാരിക്കുന്ന വിഷയം, ശബ്ദവിന്യാസം, മുഖഭാവം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം. ഇത് നിങ്ങള്‍ ഭക്ഷണം പാകംചെയ്യുകയോ അലക്കുകയോ കമ്പ്യൂട്ടറില്‍ ടൈപ് ചെയ്യുകയോ ഒക്കെ ചെയ്യുമ്പോള്‍ പരീക്ഷിക്കാം. ശ്രദ്ധ മുഴുവനായി ചെയ്യുന്ന പ്രവൃത്തിയില്‍ കേന്ദ്രീകരിക്കുക എന്നതിലാണ് കാര്യം.
എന്നാല്‍, ചിലപ്പോള്‍ വികാരവിക്ഷോഭം കൊടുങ്കാറ്റാവുമ്പോള്‍ ഇവ പ്രാവർത്തികമാകണം എന്നില്ല. പൊതുവെ കൊടുങ്കാറ്റ് വരുമ്പോള്‍ നമ്മള് എന്താണ് ചെയ്യാറുള്ളത്? ഉറപ്പുള്ളിടത്ത് നിലയുറപ്പിക്കുക. വിക്ഷോഭം കൊടുങ്കാറ്റാകുമ്പോള്‍ ചിന്തകളിലും വികാരങ്ങളിലും നമ്മുടെ നിലതെറ്റാറുണ്ട്. നിലയുറപ്പിക്കാനുള്ള ആദ്യപടി എന്താണെന്നാല്‍ നമ്മുടെ മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകളും വികാരങ്ങളും ശ്രദ്ധിക്കുക എന്നതാണ്. ഓടിക്കൊണ്ടിരിക്കുന്ന വണ്ടി സാവധാനത്തിലാക്കാന്‍ ശ്രമിക്കുന്നതുപോലെ ശരീരം സ്ലോ ഡൗണ്‍ ചെയ്യാന്‍ ശ്രമിക്കാം. ശ്വാസോച്ഛ്വാസം പതിയെ ആക്കാം, കാലുകള്‍ നിലത്ത് പതുക്കെ പതിപ്പിക്കുകയും ആ അനുഭൂതിയില്‍ ശ്രദ്ധിക്കുകയും ചെയ്യാം. ഇരു കൈകളും പരസ്പരം പതുക്കെ അമർത്താം.
അടുത്തഘട്ടം നിങ്ങൾക്ക് ചുറ്റുമുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്.
●നിങ്ങൾക്ക് ചുറ്റുമുള്ള അഞ്ചു കാര്യങ്ങള്‍ എന്തൊക്കെയാണ്?
●കേൾക്കാന്‍ കഴിയുന്ന മൂന്നോ നാലോ കാര്യങ്ങള്‍ ഏതാണ്?
●സ്പർശിക്കാന്‍ കഴിയുന്ന രണ്ടു കാര്യങ്ങള്‍.
നിങ്ങളില്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന ചിന്തകള്‍ കടന്നുവന്നുകൊണ്ടിരിക്കും. അപ്പോള്‍ ശ്രദ്ധ വീണ്ടും ചുറ്റുമുള്ള കാര്യങ്ങളിലേക്ക് മാറ്റാം, പതുക്കെ ശ്വാസം എടുക്കുന്നതിലും ശ്രദ്ധിക്കാം.
ഈ മാർഗങ്ങള്‍ ഒന്നും കൊടുങ്കാറ്റുപോലുള്ള വികാര വിക്ഷോഭത്തിന് പരിഹാരമല്ല. എന്നാല്‍, കൊടുങ്കാറ്റ് കടന്നുപോകുന്നതുവരെ നിങ്ങൾക്ക് സുരക്ഷിതമാകാന്‍ ഇവ സഹായിക്കും.
ഇനി ദേഷ്യത്തിെൻറ കൊടുങ്കാറ്റാണ് വരുന്നതെങ്കിലോ? ഇവയോടൊപ്പം കഴിയുമെങ്കില്‍ ആ സ്ഥലത്തുനിന്ന് മാറിനിൽക്കാന് ശ്രമിക്കാം. കൊടുങ്കാറ്റ് ഒന്നൊതുങ്ങിയിട്ട് തെളിഞ്ഞമനസ്സോടെ ശേഷം പ്രതികരിക്കാം എന്ന തീരുമാനം എടുക്കാം.
ഇതില്‍ സ്ഥിരമായി നിങ്ങളെ പ്രശ്നത്തിലാക്കാന്‍ വരുന്ന ചില വികാരങ്ങള്‍ ഉണ്ടാവും. പൊതുവെ അവ വരുമ്പോള്‍ മുന്നും പിന്നും ആലോചിക്കാതെ പ്രതികരിക്കുക എന്നതാവും പതിവ്. എന്നാല്‍, ഇനി ഇത്തരം സാഹചര്യങ്ങള്‍ വരുമ്പോള്‍ മനസ്സില്‍ വരുന്ന ചിന്തകളെയും വികാരങ്ങളെയും അടയാളപ്പെടുത്താന്‍ ശ്രമിക്കാം.
●ദാ വന്നു ദേഷ്യം
●ഇതാ കുട്ടിക്കാലത്തെ വിഷമമുള്ള ഓർമ
●പേടിപ്പിക്കുന്ന ചിന്തകള്‍
●നെഞ്ചില്‍ ഒരു ഭാരം
ഇത് സ്ഥിരമായി ചെയ്യാന്‍ ശ്രമിക്കുന്നതിലൂടെ നിങ്ങളുടെ വൈകാരിക പ്രതികരണങ്ങളെ തിരിച്ചറിയാനും നിയന്ത്രിക്കാനും സാധിക്കും.
കടിഞ്ഞാണിടാൻ ഡി.ബി.ടി
ബോർഡർലൈൻ പേഴ്സനാലിറ്റി ഡിസോർഡർ ഉൾെപ്പടെയുള്ള വ്യക്തി വൈകല്യങ്ങൾക്കുള്ള തെറപ്പിയാണ് ഡയലക്ടിക്കൽ ബിഹേവിയർ തെറപ്പി (ഡി.ബി.ടി). വികാരവിക്ഷോഭങ്ങളെ നിയന്ത്രിക്കാൻ സഹായിക്കലാണ് ഈ തെറപ്പിയുടെ മുഖ്യ അജണ്ടകളിൽ ഒന്ന്. വികാരവിക്ഷോഭ നിയന്ത്രണത്തിെൻറ ആദ്യപടിയായി ഡി.ബി.ടി കാണുന്നതും വികാരങ്ങളെ തിരിച്ചറിഞ്ഞ് അടയാളപ്പെടുത്തലാണ്. ഒരു പ്രശ്നം നിയന്ത്രിക്കണമെങ്കിൽ ആദ്യ പടി അതെന്താണെന്ന് തിരിച്ചറിയൽ ആണല്ലോ.
രണ്ടാം ഘട്ടത്തിൽ തിരമാലകൾ പോലെ വികാരങ്ങളെ അനുഭവിക്കാനാണ് ഡി.ബി.ടി പഠിപ്പിക്കുന്നത്. ഇവിടെ ശരിയും തെറ്റും എന്ന് വികാരങ്ങളെ മുദ്രകുത്തുന്നില്ല. നമ്മെ നിലനിർത്തുന്ന ഒരു ജൈവിക പ്രക്രിയയായി മാത്രമാണ് വികാരങ്ങളെ കാണുന്നത്. അതുകൊണ്ട് തന്നെ സ്വന്തം വികാരങ്ങളെ വെറുപ്പോടെ അകറ്റിനിർത്താനല്ല, അംഗീകരിച്ചുകൊണ്ട് നമുക്ക് സുഖകരമായ രീതിയിൽ പരുവപ്പെടുത്തി എടുക്കാനാണ് തെറപ്പിയിൽ ശ്രമിക്കുന്നത്.
അവ തിരമാലകളെപ്പോലെ നമ്മളിലൂടെ ഒഴുക്കുകയാണ് എന്ന് സങ്കൽപിക്കുക. അവയെ തള്ളിയകറ്റുകയോ വിചാരണ ചെയ്യുകയോ തിരസ്കരിക്കുകയോ ചെയ്യേണ്ടതില്ല. കാരണം അത് അവയെ കൂടുതൽ വിക്ഷുബ്ധമാക്കും. ദുഃഖം, പേടി, ദേഷ്യം എന്നിവയൊക്കെ വേദന തരുന്ന വികാരങ്ങളാണ്. പക്ഷേ, അവ മോശമല്ല, എല്ലാ മനുഷ്യർക്കുമുള്ള വികാരങ്ങളാണത്. ഇത് തിരിച്ചറിയുേമ്പാഴും അവയിൽ അള്ളിപ്പിടിക്കാതിരിക്കുക. തിരമാലകൾ വരുകയും പോവുകയും ചെയ്യും. അവയെ മനസ്സിലേക്ക് ആവർത്തിച്ചെടുക്കരുത്. വലുതാക്കാനും ശ്രമിക്കരുത്. എങ്ങനെയാണോ അങ്ങനെ അവയെ കടത്തിവിടുക. തിരമാലയോടൊപ്പം ഉലഞ്ഞാലും മറിഞ്ഞുപോകാത്ത ചങ്ങാടമായി മനസ്സിനെ സങ്കൽപിക്കുക.
ശാന്തമായി ഇരിക്കുമ്പോൾ പതുക്കെ ശ്വാസം എടുത്ത് ഒരു ധ്യാനംപോലെ അല്ലെങ്കിൽ ദിവാസ്വപ്നംപോലെ ഇത് പരിശീലിക്കാം.
തിരിച്ചറിവിെൻറ അടുത്ത പ്രധാന ഘട്ടം നിങ്ങൾ നിങ്ങളുടെ വികാരം അല്ല എന്ന് തിരിച്ചറിയുകയാണ്. അവ നിങ്ങളുടെ ഭാഗം മാത്രമാണ്. വികാരങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല നിങ്ങൾ എന്ന വ്യക്തിയുടെ അസ്തിത്വം. നിങ്ങളുടെ വികാരങ്ങൾക്കും ഉപരിയാണ് നിങ്ങൾ എന്ന വ്യക്തി.
ഇനി വികാരവിക്ഷോഭങ്ങളിൽ നിന്നുയരുന്ന പ്രവൃത്തിയെ നിയന്ത്രിക്കുന്ന ഘട്ടമാണ്. ഒരു വികാരം വന്നു എന്നതിനാൽ അതിനനുസരിച്ച് പ്രവർത്തിക്കണം എന്നില്ല. ഉദാ: നിങ്ങൾക്കു ദേഷ്യം വന്നു, എന്നുവെച്ച് ഉടനെ തന്നെ സാധനം നിലത്തെറിയണം എന്നില്ല. അനുഭാവപൂർവം ആ വികാരത്തെ നിരീക്ഷിക്കാം. എന്താണ് നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയുന്നത്. ''ദേഷ്യം ദേ ഹായ് പറഞ്ഞു വന്നിരിക്കുകയാണ്'', പതുക്കെ ശ്രദ്ധ ശ്വാസത്തിലേക്ക് കൊണ്ടുവരാം. ദേഷ്യത്തിെൻറ തിരമാലയാണ്, ചങ്ങാടത്തിൽനിന്ന് എടുത്തുചാടേണ്ടതില്ല, പിടിച്ചിരിക്കുക. അവയൊന്നടങ്ങിക്കഴിഞ്ഞ് പ്രതികരിക്കാം.
വികാരങ്ങളെ സ്നേഹിക്കാൻ പരിശീലിപ്പിക്കലാണ് പലപ്പോഴും തെറപ്പിയിൽ ചെയ്യുന്നത്. സ്നേഹത്തോടെ അവയെ മെരുക്കിയെടുക്കൽ. നിങ്ങളിൽ എന്നോ ഒറ്റപ്പെട്ട്, മുറിപ്പെട്ട്, വേദനിച്ചിരിക്കുന്ന ഒരു കുഞ്ഞുണ്ടാവാം, അനുഭവങ്ങളാൽ പൊള്ളിയടരുമ്പോൾ ആ കുഞ്ഞു കൈവിട്ടു പോകുന്നതാണ് വികാരവിക്ഷോഭങ്ങളായി പ്രകടമാകുന്നത്.
തിരമാലകൾ ഉയരുമ്പോൾ കൊടുങ്കാറ്റുമുണ്ടെങ്കിലോ, എങ്ങനെ പിടിച്ചുകെട്ടും മനസ്സെന്ന ചങ്ങാടത്തെ?
Stop-നിർത്തുക
Take step back -പിന്നോട്ട് പോകുക
Observe-നിരീക്ഷിക്കുക
Proceed mindfully-ശ്രദ്ധയോടെ മുന്നോട്ടു പോകുക.
വണ്ടിയിടിക്കാൻ പോയാൽ ആദ്യപടി ബ്രേക്ക് ചവിട്ടി നിർത്താൻ ശ്രമിക്കുകയാണല്ലോ. അതുപോലെ വികാരങ്ങളുടെ ബ്രേക്ക് പോയെന്നു തോന്നിയാൽ മനസ്സിനെയും താൽക്കാലികമായി പോസ് ചെയ്യാൻ പരിശീലിപ്പിക്കുക. ഇടിക്കാൻ പോയ കാർ സഡൻ ബ്രേക്ക് ഇട്ട് നിർത്തിയിട്ട് നമ്മൾ ഒന്ന് ദീർഘനിശ്വാസം എടുക്കില്ലേ, എന്നിട്ട് കാറിൽനിന്ന് ഇറങ്ങില്ലേ? അതുപോലെ നിൽക്കുന്ന സാഹചര്യത്തിൽനിന്നും ഒരു രണ്ടടി പിന്നോട്ടുവെക്കുക. ദീർഘനിശ്വാസം എടുക്കാം. ഒപ്പം വെള്ളം കുടിക്കുകയോ തൽക്കാലം ശ്രദ്ധ തിരിക്കാൻ എന്തെങ്കിലും പ്രവൃത്തികളിൽ ഏർപ്പെടുകയോ ചെയ്യാം.
മൂന്നാമത്തെ പടി അപകടസ്ഥലത്ത് നിരീക്ഷണം നടത്തുന്ന പൊലീസുകാരെപ്പോലെയോ അസുഖം പരിശോധിക്കുന്ന ഡോക്ടറെപ്പോലെയോ പുറത്തുള്ള സാഹചര്യങ്ങളെയും ഉള്ളിലുളള അനുഭവങ്ങളെയും വസ്തുനിഷ്ഠമായി നിരീക്ഷിക്കുകയാണ്. തികച്ചും നിഷ്പക്ഷമായി ഒരു കാഴ്ചക്കാരനെപ്പോലെ അനുഭവങ്ങളെ മനസ്സിലൂടെ കടത്തിവിടുക. എന്നിട്ട് കാര്യങ്ങൾ സമാധാനമായി അവലോകനം നടത്തുക. വികാരങ്ങളുടെ ഏറ്റുമുട്ടൽ ഉണ്ടായ ട്രിഗർ എവിടെനിന്നായിരുന്നു, എങ്ങനെയൊക്കെ പെരുമാറാനുള്ള സാധ്യതയാണ് ഉള്ളത്? അതിെൻറ വരുംവരായ്ക എന്തൊക്കെയാണ്? ഇങ്ങനെ എല്ലാ വശവും യുക്തിപരമായി പരിശോധിച്ച് ജീവിതത്തിൽ ദീർഘകാല സമാധാനം നൽകുന്ന പോംവഴി തിരഞ്ഞെടുക്കാം. ഇതിനായി തീരുമാനങ്ങൾ അടിച്ചേൽപിക്കാത്ത വിശ്വസ്തരോട് ഉപദേശം തേടാവുന്നതുമാണ്.
തകിടം മറിക്കുന്ന വികാരങ്ങളെ നിയന്ത്രിക്കാനുള്ള ഒരു വിദ്യയാണിത്. വികാരവിക്ഷോഭം വരുേമ്പാൾ അത് പ്രകടമാകുന്ന ഒരു പെരുമാറ്റരീതി ഉണ്ടാവും എല്ലാവർക്കും. ആ സമയം ഒന്നും ചെയ്യാതെ ഇരിക്കാൻ പറഞ്ഞാൽ വല്ലാത്ത ഇരിക്കപ്പൊറുതിയില്ലായ്മയായിരിക്കും. അതിൽനിന്ന് വിരുദ്ധമായ പ്രവൃത്തി ചെയ്യുക എന്നതാണ് ഒരു പോംവഴി. അവ മനസ്സ് സമാധാനമായി ഇരിക്കുേമ്പാൾ നേരേത്ത തീരുമാനിച്ചുവെക്കാം. ഉദാ: ദേഷ്യം വന്നാൽ സാധനം എടുത്തെറിയുന്ന സ്വഭാവക്കാർക്ക് സാധനങ്ങൾ അടുക്കിപ്പെറുക്കിവെക്കാൻ പരിശീലിക്കാം. അതുപോലെ ദേഷ്യം വരുേമ്പാൾ ഒച്ചകൂട്ടി സംസാരിക്കുന്നവർ പകരം ശബ്ദം കുറച്ചു സംസാരിക്കാൻ ശ്രമിക്കാം. വിഷമം വരുേമ്പാൾ സ്വയം വേദനിപ്പിക്കുന്ന പ്രവൃത്തികളിൽ ഏർപ്പെടുന്നവർ പകരം സ്വയരക്ഷ പ്രവൃത്തികളിൽ ഏർപ്പെടാം. ഉദാ: തല മസാജ് ചെയ്യൽ, നെയിൽ പോളിഷ് ഇടുക എന്നിവ.
എ.ബി.സി പ്ലീസ് ടെക്നിക്
A.B.C എന്നാൽ:
A-Accumulate positive emotions
B-Build mastery
C-Cope ahead
മഴക്കാലത്ത് അപകടം കുറക്കാൻ റോഡും കടൽത്തീരവും ഒക്കെ സംരക്ഷിക്കുന്നതുപോലെ നമ്മുടെ വൈകാരിക ആരോഗ്യം സംരക്ഷിക്കാനും ചില പോംവഴികൾ പരീക്ഷിക്കാം. നിങ്ങൾക്ക് പോസിറ്റിവായ വികാരങ്ങൾ നൽകുന്ന പ്രവൃത്തികളിൽ ഏർപ്പെടുക- ചായ കുടിക്കുന്നതോ ഇഷ്ടമുള്ള സ്ഥലങ്ങളിൽ യാത്ര പോകുന്നതോ പ്രിയപ്പെട്ടവരോട് സംസാരിക്കുന്നതോ ഒക്കെയാവാം. ഇങ്ങനെ നിങ്ങൾക്ക് ഇഷ്ടമുള്ള ആക്ടിവിറ്റികൾ ഉൾപ്പെടുത്തി ലിസ്റ്റ് ഉണ്ടാക്കുകയും അതിൽ ഉള്ള ഒന്നോ രണ്ടോ കാര്യങ്ങളെങ്കിലും ദിവസേന ഉൾപ്പെടുത്താൻ ശ്രമിക്കുകയുമാവാം. ഇതോടൊപ്പം നിങ്ങളുടെ വൈദഗ്ധ്യം കൂട്ടാൻ സഹായിക്കുന്ന ഹോബികളും ഉൾപ്പെടുത്താം. വായന, പാചകം, വാദ്യോപകരണ പരിശീലനം, ഡ്രൈവിങ് എന്നിങ്ങനെ ആസ്വാദനത്തോടൊപ്പം നൈപുണ്യവും പ്രദാനംചെയ്യുന്ന പ്രവൃത്തികൾ ഉൾപ്പെടുത്താം. ഇത് സന്തോഷത്തിനൊപ്പം ആത്മവിശ്വാസം കൂട്ടാനും സഹായിക്കും.
എന്തുകാര്യവും നന്നായി ചെയ്യാൻ അത്യാവശ്യം റിഹേഴ്സൽ ആവശ്യമാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ വികാരങ്ങളെ നിയന്ത്രിക്കുന്നതിന് പടിപടിയായുള്ള പ്ലാൻ മുേമ്പ തയാറാക്കി വെക്കാം. ആ സാഹചര്യം സങ്കൽപിച്ച് എങ്ങനെ പ്രതികരിക്കുമെന്ന് റിഹേഴ്സൽ ചെയ്തുവെക്കാം. വികാരവിക്ഷോഭം നിയന്ത്രിക്കാനുള്ള കാര്യപ്രാപ്തി കൂട്ടാൻ ഇത് സഹായിക്കും.
PLEASE എന്ന ചുരുക്കെഴുത്തുകൊണ്ട് ഉദ്ദേശിക്കുന്നത്:
Pl-Physical illness
E -balanced eating
A -Avoid mood altering substance
S -Sleep
E -exercise
ഒപ്പം ശാരീരിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതിന് കൃത്യമായ ചികിത്സ തേടുക. പലപ്പോഴും ശാരീരിക അസുഖങ്ങൾ വൈകാരികാരോഗ്യവും തകർക്കാറുണ്ട്. ഒപ്പം കൃത്യമായി ഭക്ഷണശീലം പാലിക്കുന്നതും ശരിയായി ഉറങ്ങുന്നതും വ്യായാമം ചെയ്യുന്നതുമെല്ലാം വൈകാരിക ആരോഗ്യത്തിനും മുതൽക്കൂട്ടാവും. ലഹരിപദാർഥങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഇത് സ്ഥിരമായി ചെയ്യാൻ ശ്രമിക്കുന്നതിലൂടെ നിങ്ങളുടെ വൈകാരിക പ്രതികരണങ്ങളെ തിരിച്ചറിയാനും നിയന്ത്രിക്കാനും സാധിക്കും.
വളരെ ലളിതമായതുകൊണ്ടു തന്നെ ഇതൊക്കെ ചെയ്താൽ വല്ല മാറ്റവും വരുമോ എന്നത്ഭുതപ്പെടുന്നവരുണ്ടാവും. എന്നാൽ, ഇത്തരം ടെക്നിക്കുകൾ നിരന്തരമായി പരിശീലിക്കുന്നത് വികാരങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും. ഇനി ഇതൊക്കെ ചെയ്തിട്ടും വികാരവിക്ഷോഭങ്ങള്‍ കൈയില്‍ ഒതുങ്ങുന്നില്ലെങ്കിലോ? അതിസങ്കീർണമായ ജീവിതചുറ്റുപാടുകളോ മാനസിക ആഘാതങ്ങളോ ഒക്കെയാവാം കാരണം. മനോരോഗവിദഗ്ധരെ കാണുകയും അവരുടെ വിദഗ്ധ വിശകലനങ്ങളുടെ അടിസ്ഥാനത്തിൽ കൗൺസലിങ് തെറപ്പി, മരുന്ന് എന്നീ ചികിത്സാരീതികൾ പിന്തുടരുകയും ചെയ്യാം.
ലൈഫ് സ്പേസ് മെൻറൽ ഹെൽത്ത് ക്ലിനിക്കിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ് ലേഖിക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.